കൊപ്പേലില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭക്തിനിര്‍ഭരമായ സമാപനം; നൂറുകണക്കിന് വിശ്വാസികള്‍ അനുഗ്രഹം തേടി

കൊപ്പേലില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭക്തിനിര്‍ഭരമായ സമാപനം; നൂറുകണക്കിന് വിശ്വാസികള്‍ അനുഗ്രഹം തേടി


കൊപ്പേല്‍ (ടെക്‌സാസ്): കേരളസഭയുടെ പുണ്യവും  ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസം നീണ്ട തിരുനാളിനു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ സമാപനം.

അമേരിക്കയിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന തിരുനാളുകളില്‍ നൂറുകണിക്കിനു വിശ്വാസികള്‍ പങ്കെടുത്തു അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടി.

പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ 27 ഞായറാഴ്ച വൈകുന്നേരം 6:00ന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയിലും ശുശ്രൂഷകളിലും ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മ്മികനായി. ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍, ഫാ. ജോസഫ് അലക്‌സ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.  

ടെക്സാസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകര്‍ തിരുനാളുകളില്‍ പങ്കെടുക്കുവാനും അല്‍ഫോന്‍സാമ്മയോടുള്ള നിയോഗങ്ങള്‍ക്കും നന്ദിസൂചകമായി ദാസന്‍ ദാസി സമര്‍പ്പണത്തില്‍ പങ്കുചേരുവാനും കൊപ്പേലില്‍ ഒഴുകിയെത്തി.  

തിരുനാളിനോടനുബന്ധിച്ചുള്ള ഇടവകയുടെ പ്രത്യേക നിയോഗമായി ഷംഷാബാദ് രൂപതക്കുവേണ്ടി ഒരു പുതു ദേവാലയം നിര്‍മ്മിച്ചുനല്‍കുവാനുള്ള സാമ്പത്തിക സമാഹരണത്തിനും ഇടവക വിശ്വാസികള്‍ പങ്കുചേര്‍ന്നു. ഇടവകാംഗങ്ങളായിരുന്നു ഈ വര്‍ഷത്തെ തിരുനാളിനു പ്രസുദേന്തിയായത്.

രൂപതാ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് തിരുനാള്‍ സന്ദേശം നല്‍കി. ആഘോഷങ്ങള്‍ക്കുപരി അല്‍ഫോന്‍സാമ്മയെ മാതൃകയാക്കുവാനും  ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തി അതില്‍ അടിയുറച്ചു ജീവിക്കുവാനും കഴിയണമെന്ന് മാര്‍. ജോയ് ആലപ്പാട്ട് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

മൂന്നു ജൂബിലികളിലൂടെയാണ് ഈ തിരുനാള്‍  കടന്നു പോകുന്നതെന്നും മാര്‍. ജോയ് ആലപ്പാട്ട് ഓര്‍മ്മിപ്പിച്ചു.

ഒന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്ത യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ 2000-ാമത് വാര്‍ഷികത്തിനു ശേഷമുള്ള 2025-ാം വര്‍ഷ മഹാജൂബിലിയുടെ അനുസ്മരണത്തിലും അതുപോലെ ഷിക്കാഗോ രൂപത അമേരിക്കയില്‍ 2001ല്‍ ആരംഭിച്ചു. ഇരുപത്തിയഞ്ചാമത്  വര്‍ഷത്തിലേക്കു കടന്നതിന്റെ ആഘോഷവേളയിലും കൂടാതെ ഇന്ത്യക്കു പുറത്തുള്ള ആദ്യ രൂപതയായ  ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി മാര്‍. ജേക്കബ് അങ്ങാടിയത്ത് അഭിഷിക്തനായതിന്റെ ജൂബിലിയും ആഘോഷിക്കുന്നു.  

ഒരു നല്ല സഭാസമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍  വിശ്വാസികള്‍ക്ക് ഈ വേളയില്‍ കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചു യുവജങ്ങളുടെ വിശ്വാസ വളര്‍ച്ചയിലും സീറോ മലബാര്‍ പൈതൃകം രൂപീകരിക്കുന്നതിലും അമേരിക്കയിലെ സീറോ മലബാര്‍ രൂപത സുപ്രധാന പങ്കു വഹിച്ചു. ഈ അവസരത്തില്‍ ഏവരും ദൈവത്തോട് നന്ദിയുള്ളവരായിരിക്കണമെന്നും മാര്‍. ആലപ്പാട്ട് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

വി. കുര്‍ബാനക്ക് ശേഷം പള്ളിചുറ്റിയുള്ള ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും ചെണ്ടമേളവും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നൊവേനയും ലദീഞ്ഞും നേര്‍ച്ച വിതരണവും നടന്നു. നൂറുകണക്കിന് ഭക്തര്‍ തിരികളേന്തിയുള്ള പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. സ്‌നേഹവിരുന്നോടെയാണ് തിരുനാളിനു സമാപനമായത്.

തിങ്കളാഴ്ച വൈകുന്നേരം പരേതരുടെ ആത്മശാന്തിക്കുവേണ്ടിയുള്ള ബലിയര്‍പ്പണത്തോടെ തിരുനാളിന്റെ കൊടിയിറങ്ങി.  

ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, ഫാ. ജിമ്മി എടക്കുളത്തൂര്‍, ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിന്‍ കുര്യന്‍, റോബിന്‍ ജേക്കബ്  ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂര്‍, സെബാസ്റ്റ്യന്‍ പോള്‍ (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാള്‍ ആഘോഷങ്ങള്‍ക്ക്  നേതൃത്വം നല്‍കി.