മിസിസാഗ: 2015ല്‍ ആരംഭിച്ച മിസിസാഗ രൂപത, വിദ്യാഭ്യാസ കലാ സാംസ്‌ക്കാരിക സമഗ്ര ഉന്നമനം ലക്ഷ്യമാക്കി രൂപംകൊടുത്ത ഡിവൈന്‍ അക്കാദമിയുടെ നാലാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ഡിവൈന്‍ അക്കാദമി രക്ഷാധികാരിയും മിസിസാഗ രൂപത മെത്രാനുമായ അഭിവന്ദ്യ മാര്‍ ജോസ് കല്ലുവേലില്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ അധ്യക്ഷത വഹിച്ചു.
അറിവിന്റേയും സംഗീതത്തിന്റേയും അനന്തവിശാല ലോകത്തേക്ക് പറന്നുയരാന്‍ ഡിവൈന്‍ അക്കാദമിക്കുള്ള രണ്ടു ചിറകുകളാണ് ഡിവൈന്‍ അക്കാദമി ഓഫ് ലേണിംഗും (ഡാല്‍) ഡിവൈന്‍ അക്കാദമി ഓഫ് മ്യൂസിക്കും (ഡാം). ഡാലിന്റെ 2023- 24 പ്രവര്‍ത്തന വര്‍ഷ റിപ്പോര്‍ട്ട് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഡോ. റോസ് ക്രിസ്റ്റിയും ഡാമിന്റെ റിപ്പോര്‍ട്ട് ഡിറക്ടര്‍ തോമസ് വറുഗീസും അവതരിപ്പിച്ചു.
സംഗീതത്തിന്റെ മാസ്മരികതയും അതുപകരുന്ന ശാന്തിയും അനുഭവവേദ്യമാക്കിയ സംഗീത വിരുന്നായിരുന്നു ഡാമിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ അധ്യാപകരോടൊപ്പം കാഴ്ചവെച്ചത്. ഡാം ഡീന്‍ കാര്‍ത്തിക് രാമലിംഗം സംഗീതത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് പങ്കുവെച്ചു. ഡാമിന്റെ കരിക്കുലം ലണ്ടന്‍ കോളജ് ഓഫ് മ്യൂസിക്ക് യു കെ അംഗീകരിച്ചതായും ലണ്ടന്‍ മ്യൂസിക്ക് കോളജുമായി അഫിലിയേറ്റായതിനാല്‍ കുട്ടികള്‍ക്ക് പരീക്ഷയെഴുതി ലണ്ടന്‍ മ്യൂസിക്ക് കോളജ് യു കെയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നുമുള്ള സന്തോഷവാര്‍ത്ത അദ്ദേഹം അറിയിച്ചു.
നാലു വര്‍ഷം മുമ്പ് 86 വിദ്യാര്‍ഥികളുമായി തുടക്കമിട്ട ഡിവൈന്‍ അക്കാദമി ഓഫ് ലേണിംഗ് 550 എന്റോള്‍മെന്റില്‍ എത്തിനില്‍ക്കുന്നു. കാര്യക്ഷമതയും സമര്‍പ്പണബോധവും ഒത്തിണങ്ങിയ ഡാലിന്റെ അധ്യാപകരെ ആദരിച്ച് സംഘാടക സമിതി അംഗം ജോസഫ് തോമസ് ചാലില്‍ സംസാരിച്ചത് ഏറെ പ്രചോദകാത്മകമായിരുന്നു. അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും മാതാപിതാക്കളുടെയും പ്രതിനിധികള്‍ ഡാലിനോടൊപ്പമുള്ള തങ്ങളുടെ അനുഭവങ്ങളും പഠനരംഗത്ത് കുട്ടികള്‍ക്കു കൈവന്ന പുരോഗതിയും കൃതജ്ഞതയോടെ ഹൃദ്യമായി പങ്കുവെച്ചു.
തുടര്‍ന്ന് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്ലാനിംഗ് സെഷനായിരുന്നു. സംഘാടക സമിതി അംഗം സാബു പാപ്പു ഡാലിന്റെ വിശദാംശങ്ങളും ലക്ഷ്യവും പ്രവര്‍ത്തന രീതിയും വളര്‍ച്ചയും വളരെ വിജ്ഞാനപ്രദമായും ലളിതമായും പങ്കവെച്ചത് എല്ലാവര്‍ക്കും ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഉപകരിച്ചു.
ഡയറക്ടേഴ്‌സ് ബോര്‍ഡും സംഘാടക സമിതിയും അധ്യാപകരും മാതാപിതാക്കളും കൈകോര്‍ത്ത് സപ്ലിമെന്ററി വിദ്യാഭ്യാസത്തില്‍ നിന്ന് ഒരു പ്രൈവറ്റ് കാത്തലിക്ക് സ്‌കൂള്‍ എന്ന സ്വപ്‌നസാക്ഷാത്ക്കാരത്തിനുള്ള ആഗ്രഹം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഈ സ്വപ്‌നം സമീപഭാവിയില്‍ ദൈവാനുഗ്രത്താല്‍ യാഥാര്‍ഥ്യമാകട്ടെ എന്ന് അഭിവന്ദ്യ പിതാവ് ആശംസിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷ സന്ധ്യയ്ക്ക് മാറ്റുകൂട്ടി. വൈസ് ചെയര്‍മാന്‍ ഫാ. ജിജിമോന്‍ എസ് ജെ സ്വാഗതവും സംഘാടക സമിതി അംഗം സാബു പാപ്പു നന്ദിയും പറഞ്ഞു.