ഡാളസ്: യുവ സംഗീത പ്രതിഭകളുടെ കൂട്ടായ്മയില്‍ പിറന്ന മറ്റൊരു പുതിയ ഭക്തിഗാനം 'എല്ലാ നാളും' സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. പ്രത്യാശയും വിശ്വാസവും നിറയുന്ന വരികളും ഹൃദയത്തില്‍ തൊടുന്ന ഈണവുമാണ് ഈ ഗാനത്തെ വേറിട്ടുനിര്‍ത്തുന്നത്.
ബ്രയാന്‍ തോമസ് രചിച്ച് സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മെര്‍ലിന്‍ സ്റ്റീവാണ്. 'ഈ ലോകമെന്നെ തഴഞ്ഞീടിലും തഴയുകയില്ല നിന്‍ കൈകള്‍' എന്ന വരികള്‍ പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം പകരുന്നു.
കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ശേഷം മലയാള ഭക്തിഗാനങ്ങളുടെ രചനാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ശ്രദ്ധേയനാവുകയാണ് യുവകവി ബ്രയാന്‍ തോമസ്. അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തിനു ശേഷം ഒരു പ്രമുഖ ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന ബ്രയാന്‍, തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഭക്തിഗാന രചനയ്ക്കായി സമയം കണ്ടെത്തുന്നു. ബ്രയാന്‍ തോമസിന്റെ രചനകള്‍ ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ ഇടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
കെ എസ് ബിജേഷ് ആണ് ഓര്‍ക്കസ്‌ട്രേഷനും പ്രോഗ്രാമിംഗും നിര്‍വഹിച്ചിരിക്കുന്നത്. ഗാനത്തിന് കൂടുതല്‍ ആഴം നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ഗാനത്തിന്റെ മിക്‌സിംഗും മാസ്റ്ററിംഗും കൈകാര്യം ചെയ്തത് സിജിന്‍ വര്‍ഗീസ് ആണ്. വയലിന്‍ വിദഗ്ദ്ധനായ ആല്‍വിന്‍ കുര്യാക്കോസിന്റെ സോളോ വയലിന്‍ ഗാനത്തിന് ഒരു പ്രത്യേക ഭംഗി നല്‍കുന്നു. മാര്‍ട്ടിന്‍ പറക്കന്‍ ആണ് ഗാനത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റായി അബി വില്‍സണ്‍ ജോസ് പ്രവര്‍ത്തിച്ചു.
ഇരുള്‍ നിറഞ്ഞ ജീവിത വഴികളില്‍ വെളിച്ചം തേടുന്ന ഒരു മനസ്സിന്റെ യാത്രയും ക്രൂശിന്റെ തണലില്‍ അഭയം കണ്ടെത്തുന്നതിന്റെ ആത്മീയമായ അനുഭവവും ഗാനം പങ്കുവെക്കുന്നു. ആഴമായ ആത്മീയ ചിന്തകള്‍ക്കൊപ്പം സംഗീതത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരാശയുടെ നിമിഷങ്ങളില്‍ പ്രത്യാശയുടെ വെളിച്ചം പകരുന്ന ഈ ഗാനം കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.