ഐ ഒ സി പെന്‍സില്‍വാനിയ ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം; കലാപരിപാടികള്‍ സുനീഷ് വാരനാട് നേതൃത്വം നല്‍കും

ഐ ഒ സി പെന്‍സില്‍വാനിയ ചാപ്റ്റര്‍ ഇന്ത്യന്‍  സ്വാതന്ത്ര്യദിനാഘോഷം; കലാപരിപാടികള്‍ സുനീഷ് വാരനാട് നേതൃത്വം നല്‍കും


ഫിലാഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  കേരള ചാപ്റ്റര്‍ പെന്‍സില്‍വാനിയ ഘടകം നടത്തുന്ന 78-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പ്രശസ്ത സിനിമ, ടി വി  പിന്നണി പ്രവര്‍ത്തകനും സ്‌ക്രിപ്റ്റ് റൈറ്ററും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ സുനീഷ് വാരനാട് നേതൃത്വം നല്‍കും. കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് സുനീഷ് വാരനാട്. ഗോഡ് ഫാദര്‍, റാംജി റാവ് സ്പീകിംഗ് പോലെ നിരവധി സിനിമകളിലും ബഡായി ബംഗ്ലാവ്, പൊളിട്രിക്സ് ഉള്‍പ്പെടെയുള്ള നിരവധി ടെലിവിഷന്‍ ഷോകളില്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍ ആയും ശോഭിച്ചിട്ടുള്ള അദ്ദേഹം മികച്ച സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായി ജനപ്രീതി നേടിയിട്ടുണ്ട്. 

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ പിന്നണി ഗായകര്‍ അവതരിപ്പിക്കുന്ന ഗാനമേള ഉള്‍പ്പെടെ മികച്ച കലാപ്രകടങ്ങളാണ് ഐ ഒ സി പെന്‍സില്‍വാനിയ ചാപ്റ്റര്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. 

ഓഗസ്റ്റ് 16 ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് ഫിലാഡല്‍ഫിയയിലെ ക്രിസ്റ്റോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക. കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എം പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയാകും. കേരള രാഷ്ട്രീയത്തില്‍ ഏറെക്കാലമായി സജീവമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 2019 മുതല്‍ കാസര്‍ഗോഡ് എം പിയാണ്. കെ പി സി സി സെക്രട്ടറിയായും  കെ പി സി സി വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുസംവാദങ്ങളിലും ടെലിവിഷന്‍ സംവാദങ്ങളിലും കുറിക്ക് കൊള്ളുന്ന മറുപടിയും   മൂര്‍ച്ചയുള്ള പ്രതികരണങ്ങളുമായി ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. 

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്  പുറമെ സാമൂഹിക സാംസ്‌കാരിക നേതാക്കളും  അമേരിക്കന്‍ പൊളിറ്റിക്‌സ് പ്രതിനിധികളും  പങ്കെടുക്കും.

പ്രവാസി ഇന്ത്യന്‍ സമൂഹം എന്ന നിലയില്‍ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, മൗലാന ആസാദ്, ബി ആര്‍ അംബേദ്കര്‍ തുടങ്ങി ഇന്ന് നമ്മള്‍ ആസ്വദിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വഴിയൊരുക്കിയ ധീരരായ നേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും  ത്യാഗത്തെ ഓര്‍മ്മിക്കാനും ആഘോഷിക്കാനുമുള്ള  സമയമാണിതെന്നും ഈ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഐ ഒ സി കേരള ചാപ്റ്റര്‍ പെന്‍സില്‍വാനിയ ഘടകം  ഭാരവാഹികള്‍ അറിയിച്ചു.    

അത്താഴ വിരുന്നോടു കൂടിയായിരിക്കും പരിപാടികള്‍ സമാപിക്കുക. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ഡോ. ഈപ്പന്‍ ഡാനിയേല്‍ 215 262 0709, ചെയര്‍മാന്‍ സാബു സ്‌കറിയ 267  980 7923, ജനറല്‍ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല 267 322  8527, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ 215 605 7310.