വ്യത്യസ്ത ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്ന അമ്മയ്ക്കും മകള്‍ക്കും ഒരേ ദിവസം ഡെയ്‌സി പുരസ്‌ക്കാരം

വ്യത്യസ്ത ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്ന അമ്മയ്ക്കും മകള്‍ക്കും ഒരേ ദിവസം ഡെയ്‌സി പുരസ്‌ക്കാരം


മലയാളികളായ ആന്‍സി തോമസും മകള്‍ സ്റ്റേസി തോമസും-  ഇരുവരും വ്യത്യസ്ത സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്ന നഴ്‌സുമാര്‍. രണ്ടുപേര്‍ക്കും അവരവരുടെ സ്ഥാപനത്തില്‍ നിന്ന് ഓര്‍ക്കാപ്പുറത്ത്   ഒരേ ദിവസം ഒരേ പേരിലുള്ള അവാര്‍ഡ്! തികച്ചും അസാധാരണമായ സംഭവം.   

കാരുണ്യത്തില്‍ അധിഷ്ഠിതമായതും സാമാന്യത്തില്‍ അധികമായതുമായ ക്ലിനിക്കല്‍ ശുശ്രൂഷ  ദൈനംദിനം നല്‍കുന്ന നഴ്‌സുമാര്‍ക്ക് നല്‍കുന്ന ഡെയ്‌സി അവാര്‍ഡാണ് ലോങ്ങ് ഐലന്‍ഡിലെ പ്ലെയിന്‍വ്യൂ ഹോസ്പിറ്റലില്‍ ഓപ്പറേറ്റിംഗ് റൂമില്‍ ജോലി ചെയ്യുന്ന അമ്മയെയും സയോസ്സെറ്റ് ഹോസ്പിറ്റലില്‍ ടെലിമെട്രിയില്‍ ജോലി ചെയ്യുന്ന മകളെയും തേടി എത്തിയത്. രോഗികളില്‍ നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നുമുള്ള നോമിനേഷനുകള്‍ സ്വീകരിച്ച് അവയില്‍ നിന്നാണ് ഡെയ്‌സി ഫൗണ്ടേഷന്‍ നല്‍കുന്ന ഈ അവാര്‍ഡിന് നഴ്‌സിനെ തെരഞ്ഞെടുക്കുന്നത്. 

നഴ്‌സിന്റെ തനതായ സേവനത്തെ അഗാധമായ കൃതജ്ഞതയോടെ അര്‍ഥവത്തായി ആദരിക്കുകയാണ് ഡെയ്‌സി ഫൗണ്ടേഷന്റെ ലക്ഷ്യം.  1999-ല്‍ ഒരു ഓട്ടോ-ഇമ്മ്യൂണ്‍ രോഗബാധിതനായി മുപ്പത്തിമൂന്നാം വയസ്സില്‍ മരിക്കുന്നതിനു മുന്‍പ് ഹോസ്പിറ്റലില്‍ ചെലവഴിച്ച എട്ടാഴ്ചകളില്‍ പാട്രിക് ബാര്‍ണ്‍സ് എന്ന യുവാവിന് നഴ്‌സുമാര്‍ നല്‍കിയ അവിശ്വസനീയമായ അനുകമ്പയും ശുശ്രൂഷയും നിറഞ്ഞ അനുഭവമാണ് നഴ്‌സുമാരെ ആദരിക്കുന്നതിന് അയാളുടെ കുടുംബത്തിനെ ഡെയ്‌സി (ഡിസീസ് അറ്റാക്കിംഗ് ദി ഇമ്യൂണ്‍ സിസ്റ്റം) എന്ന പേരില്‍ ഇത്തരം ഒരു അവാര്‍ഡ് നല്‍കുന്നതിനുള്ള പ്രചോദനം നല്‍കിയത്. തങ്ങളുടെ കുടുംബത്തിലെ ഏറ്റവും അന്ധകാരാവൃതമായ ആ കാലഘട്ടത്തില്‍ നഴ്സുമാരില്‍ നിന്ന് ലഭിച്ച സഹാനുഭൂതിയും മൃദുലത നിറഞ്ഞ പിന്തുണയും സ്‌നേഹം നിറഞ്ഞ ആലിംഗനവും തങ്ങള്‍ക്ക് വളരെയധികം ലാഘവം നല്കുകയുണ്ടായെന്ന് അവാര്‍ഡ് നല്കവേ സ്മരിക്കുന്നു. സിയാറ്റിലിലെ ഒരു കാന്‍സര്‍ കെയര്‍ ഹോസ്പിറ്റലില്‍ തുടങ്ങിയ അവാര്‍ഡ് ദാനം ഇപ്പോള്‍ അമേരിക്കയിലെ നൂറു കണക്കിനു ഹോസ്പിറ്റലുകളിലും ജപ്പാന്‍, കൊറിയ, സൗദി അറേബ്യ, യൂ എ ഇ, ഫിലിപ്പീന്‍സ്, ഖത്തര്‍, ലെബനന്‍, ഫ്രാന്‍സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെ നഴ്സുമാര്‍ക്കും നല്‍കുന്നുണ്ട്. 

കൈ കൊണ്ട് സാംബിയയില്‍ നിര്‍മ്മിച്ച ഒരു പ്രതിമ, പിന്‍, ബഹുമതി പത്രം, അവര്‍ക്ക് ബഹുമതി നേടിക്കൊടുത്ത നോമിനേഷന്‍, ഒരു സമ്മാന സഞ്ചി എന്നിവയും പ്രൊഫഷണല്‍ ഡെവലൊപ്‌മെന്റിനും വിദ്യാഭ്യാസത്തിനും ആരോഗ്യപ്രദാനമായ ബെനെഫിറ്റുകളുമാണ് സമ്മാനം. 

ആന്‍സിയുടെയും സ്റ്റേസിയുടെയും സഹപ്രവര്‍ത്തകരും സ്ഥാപനത്തിന്റെ നേതൃത്വവും നോമിനേറ്റ് ചെയ്തവരും ചേര്‍ന്ന് അവരറിയാതെ ആഘോഷിക്കുന്ന സ്ഥലം അലങ്കരിച്ച് ആഘോഷ സമയത്തിനനുസരിച്ചുള്ള ഭക്ഷണ സാധനങ്ങളൊരുക്കിയ ശേഷം ആദരിക്കുന്ന നഴ്‌സിനെ യാതൊരു മുന്‍ സൂചനയില്ലാതെ കൊണ്ടുവന്ന് ആശ്ചര്യപ്പെടുത്തുക എന്നതാണ് ഡെയ്‌സി അവാര്‍ഡ് നല്‍കുന്നതിന്റെ ആചാരം.

തനിക്ക് ഡെയ്‌സി അവാര്‍ഡ് ലഭിച്ച കാര്യം മകള്‍ സ്റ്റെയ്സിയെ അറിയിക്കാന്‍ ഫോണ്‍ ചെയ്ത ആന്‍സി കേട്ടത് സ്റ്റേസിക്കും അവാര്‍ഡ് കിട്ടിയതാണ്. 'പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും ചാരിതാര്‍ഥ്യവും നഴ്‌സിംഗ് സേവനത്തിന്റെ അമൂല്യമായ പ്രതിഫലവും കിട്ടിയ പ്രതീതി! മുപ്പതു കൊല്ലത്തെ സര്‍വീസിന്റെ ഫലം ഒന്നിച്ചു കിട്ടിയ പോലെ.' ആന്‍സി മനോഗതം വെളിപ്പെടുത്തി.  'ദുര്‍ബലരായ പേഷ്യന്റ്സിന്റെ വിഷമാവസ്ഥയില്‍ അവര്‍ക്ക് സഹായം നല്‍കുക- അത് ചിലപ്പോള്‍ നല്ല ചികിത്സയാവാം; അല്ലെങ്കില്‍ ഇമോഷണല്‍ സപ്പോര്‍ട്ട് ആവാം അല്ലെങ്കില്‍ ചിലപ്പോള്‍ വളരെ സിമ്പിള്‍ ആയ സഹാനുഭൂതിയോടെയുള്ള പെരുമാറ്റമാവാം. ഇതെല്ലാം പേഷ്യന്റ്സിന്റെ വിഷമ ദിവസങ്ങളില്‍ വളരെ പോസിറ്റീവ് ആയ വ്യത്യാസം ഉണ്ടാക്കും ഇതെല്ലാം ഞങ്ങളുടെ നഴ്‌സിംഗ് ജീവിതത്തില്‍ സാധാരണമായുണ്ടാകുന്ന കാര്യങ്ങളാണ്.' ആന്‍സിയും സ്റ്റേസിയും ഒരേ സ്വരത്തില്‍ പറഞ്ഞു.  

സ്റ്റേസി നഴ്സായി ജോലി തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. തുടര്‍ന്നു പഠിച്ച് നേഴ്‌സ് ഇന്‍ഫോര്‍മാറ്റിസിസ്റ്റ് ആകണമെന്ന് വിചാരിക്കുന്നു. നോര്‍ത്ത് വെല്‍ ഹെല്‍ത്തിന്റെ 'ട്രൂലി അവാര്‍ഡ്', 'ഫ്‌ളോറന്‍സ് നൈറ്റിങ്കേല്‍' എന്നിവ ആന്‍സിയ്ക്ക് ഇതിനു മുന്‍പ് ലഭിച്ചിരുന്നു.