സമാധാനത്തിന് റഷ്യയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം വേണമെന്ന് സെലെന്‍സ്‌കി

സമാധാനത്തിന് റഷ്യയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം വേണമെന്ന് സെലെന്‍സ്‌കി


കീവ്: സമാധാനം സ്ഥാപിക്കാന്‍ റഷ്യയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാകണമെന്ന് വോളോഡിമിര്‍ സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചു. സമാധാന ഉടമ്പടി ഉണ്ടായാല്‍ സുരക്ഷാ ഉറപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിന് യു കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ യുക്രെയ്നിന്റെ സഖ്യകക്ഷികളുമായി നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിക്കു ശേഷമായിരുന്നു സെലെന്‍സ്‌കിയുടെ പോസ്റ്റ്. 

26 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഉള്‍പ്പെടെ പങ്കെടുത്തതായി ഡൗണിംഗ് സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തു.

സമാധാനം കൈവരിക്കുന്നത് നിരുപാധികമായി ആരംഭിക്കണമെന്നും റഷ്യ വിസമ്മതിച്ചാല്‍ അവര്‍ അത് ചെയ്യുന്നതുവരെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും മോസ്‌കോയ്ക്ക് ഭാഷ മനസ്സിലാകും എന്നും സെലെന്‍സ്‌കി പറഞ്ഞു.

യു എസ് പിന്തുണയുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, വായു, കടല്‍, കര എന്നിവയിലൂടെയുള്ള ആക്രമണം 30 ദിവസത്തെ നിര്‍ത്തിവയ്ക്കാന്‍ ഇത് ആവശ്യപ്പെടുന്നതായും 30 ദിവസത്തേക്ക് പൂര്‍ണ്ണവും നിരുപാധികവുമായ വെടിനിര്‍ത്തലുണ്ടാകുമ്പോള്‍ യഥാര്‍ഥ സമാധാനത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.

വെടി നിര്‍ത്തല്‍ തടയാനാവശ്യമായതെല്ലാം റഷ്യ ചെയ്യുന്നുണ്ടെന്നും സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്തുകയാണെന്നും സെലന്‍സ്‌കി ആരോപിച്ചു. 

കുര്‍സ്‌ക് മേഖലയില്‍ ഉള്‍പ്പെടെ യുക്രേയ്‌നിയന്‍ സൈന്യം അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ച് പുടിന്‍ കള്ളം പറയുകയാണെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

ജിദ്ദയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഏകദേശം ഒരു ആഴ്ചയോളം പുടിന്‍ യുദ്ധം നീട്ടിക്കൊണ്ടുപോയതായും അദ്ദേഹം അത് നീട്ടിക്കൊണ്ടുപോകുമെന്നും സെലെന്‍സ്‌കി പറഞ്ഞു.

റഷ്യയ്ക്കെതിരെ കൂടുതല്‍ നിര്‍ണായക നടപടി സ്വീകരിക്കാന്‍ യുക്രെയ്‌നിയന്‍ നേതാവ് യൂറോപ്യന്‍ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഉപരോധങ്ങള്‍ ലഘൂകരിക്കുന്നതിനുപകരം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ദീര്‍ഘകാല സമാധാനം ഉറപ്പാക്കാന്‍ സുരക്ഷാ ഗ്യാരണ്ടികള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയും സെലെന്‍സ്‌കി ഊന്നിപ്പറഞ്ഞു. 

യുക്രെയ്ന്‍ മണ്ണില്‍ യൂറോപ്യന്‍ സേനയെ വിന്യസിക്കണമെന്നും അമേരിക്ക അധിക പിന്തുണ നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

നിര്‍ണായക സൈനിക സാമഗ്രികളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ യുക്രെയ്നിലും യൂറോപ്പിലുടനീളവും പ്രതിരോധ ഉത്പാദനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സുരക്ഷാ സേനയെ വിന്യസിക്കുന്ന കാര്യത്തില്‍ റഷ്യയുടെ നിലപാട് പരിഗണിക്കുന്നതിനെതിരെ സെലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. 

പുടിന്‍ വിദേശ സംഘത്തെ റഷ്യയുടെ പ്രദേശത്തേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ കാര്യമാണെന്നും എന്നാല്‍ യുക്രെയ്നിന്റെയും യൂറോപ്പിന്റെയും സുരക്ഷയെക്കുറിച്ച് തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ കാര്യമല്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.