ഫിലാഡല്‍ഫിയ: അമേരിക്കയിലെ നഴ്സിംഗ് രംഗത്ത് തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ചതിനു നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് നോര്‍ത്ത് അമേരിക്ക (നൈന)യുടെ പുരസ്‌കാരങ്ങള്‍ ലഭിച്ച ബ്രിജിറ്റ് വിന്‍സെന്റ്്, സാറ ഐപ്, ഡോ. ബിനു ഷാജിമോന്‍ എന്നിവര്‍ക്ക് ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ആദരം. നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ മലയാളി സംഗമ വേദിയായ മയൂരാ റസ്റ്റോറന്റ് കേന്ദ്രീകരിച്ച് നടന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം- കേരളം- ദിനോത്സവം പരിപാടിയുടെ വേദിയില്‍ വെച്ചാണ് അനുമോദനച്ചടങ്ങ് നടന്നത്.
ഒന്‍പതാമത് 'നൈന' ബൈനിയല്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് നഴ്സിംഗിന്റെ വിവിധ വിഭാഗങ്ങളിലെ മികച്ച സേവനങ്ങള്‍ക്കു അവാര്‍ഡുകള്‍ നല്‍കിയത്. സമൂഹത്തിലും സംഘടനകളിലും ശ്രദ്ധേയമായ സംഭാവനകള്‍ സമര്‍പ്പിച്ച വ്യക്തികളെയാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് നോര്‍ത്ത് അമേരിക്ക ചടങ്ങില്‍ അനുമോദിക്കുകയും പ്രശസ്തി പത്രങ്ങങ്ങള്‍ സമ്മാനിക്കുകയും ചെയ്തത്. ഇന്ത്യന്‍ നഴ്സുമാരെ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ബൃഹത്തായ സംഘടനയാണ് 'നൈന'. 24 ചാപ്റ്ററുകളുള്ള നൈനയുടെ ശക്തമായ ചാപ്റ്ററുകളിലൊന്നാണ് പെന്‍സില്‍വാനിയ നഴ്‌സസ് അസോസിയേഷന്‍ എന്ന 'പിയാനോ'. വിവിധ സംഘടനകളുടെ ഒരുമയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈസ്റ്റേറ്റ് ഫോറത്തിന്റെ ഒരു പ്രധാന പോഷക സംഘടന കൂടിയാണ് 'പിയാനോ'.
നഴ്സിംഗ് പ്രൊഫഷണലുകള്‍ നല്‍കുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി നൈന നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് 'നൈറ്റിംഗേല്‍' പുരസ്‌കാരം. പിയാനോയുടെ സ്ഥാപക പ്രസിഡന്റും പെന്‍സില്‍വേനിയ നേഴ്സസ് ബോര്‍ഡ് മെമ്പറുമായ ബ്രിജിറ്റ് വിന്‍സെന്റാണ് നൈനയുടെ നൈറ്റിംഗേല്‍ പുരസ്‌കാരത്തിനര്‍ഹയായത്. നഴ്സിങ് രംഗത്ത് 48 വര്‍ഷമായി തുടരുന്ന ബ്രിജിറ്റ് വിന്‍സെന്റിന്റെ സ്തുത്യര്‍ഹ സേവനങ്ങള്‍ക്കുള്ള ബഹുമതിയായി അവാര്‍ഡ്. നഴ്സിങിലെ ദീര്‍ഘകാല സേവനവും ആതുരശുശ്രൂഷാ രംഗത്തെ അതുല്യമായ പ്രവര്‍ത്തനങ്ങളും ബ്രിജിറ്റിനെ വേറിട്ടു നിര്‍ത്തുന്നു. പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് ബോര്‍ഡ് മെംബറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന ബഹുമതിക്ക് ഉടമ കൂടിയാണ് ബ്രിജിറ്റ് വിന്‍സെന്റ്.
പിയാനോ സ്ഥാപക പ്രസിഡന്റായ ബ്രിജിറ്റ് ഏറെക്കാലം റ്റെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം നേഴ്‌സായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയാ ഹോസ്പിറ്റലില്‍ നേഴ്‌സ് പ്രാക്ടീഷനറുമായിരുന്നു. നിലവില്‍ ലാങ്ങ്‌ഹോണ്‍ സെന്റ് മേരീസ് മെഡിക്കല്‍ സെന്ററില്‍ നേഴ്‌സ് പ്രാക്ടീഷണറാണ്്. കോതമംഗലം സ്വദേശിയായ ബ്രിജിറ്റ് വിന്‍സെന്റ് അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിസിനസുകാരനുമായ വിന്‍സെന്റ് ഇമ്മാനുവലിന്റെ ഭാര്യയാണ്. ആരോഗ്യ, ആതുര പരിശീലന രംഗത്തെ നേതൃനിരയിലേക്ക് കൂടുതല്‍ നേഴ്സുമാര്‍ കടന്നുവരാന്‍ പ്രചോദനമാകുന്ന തരത്തിലാണ് നൈനയുടെ പ്രവര്‍ത്തനങ്ങളെന്ന് പുരസ്‌കാരം സ്വീകരിച്ച് ബ്രിജിറ്റ് വിന്‍സെന്റ്് പ്രതികരിച്ചു. ആരോഗ്യമേഖലയില്‍ അസമത്വമനുഭവിക്കുന്നവര്‍ക്കും സമൂഹത്തിനും ഗുണമേന്മയുള്ള പരിചരണം ഉറപ്പുവരുത്താന്‍ പെന്‍സില്‍വാനിയ നഴ്‌സസ് അസോസിയേഷന്‍ എല്ലാക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ടെന്നും ബ്രിജിറ്റ് വിന്‍സെന്റ് പറഞ്ഞു.
പിയാനോയുടെ നിലവിലെ പ്രസിഡന്റായ സാറ ഐപ് നൈന 'ബെസ്റ്റ് ലീഡര്‍ഷിപ്' അവാര്‍ഡിനര്‍ഹയായി. പിയാനോയുടെ നേതൃത്വമേറ്റെടുത്ത ശേഷം മികച്ച രീതിയില്‍ സംഘടനയെ നയിക്കുകയും പ്രവര്‍ത്തനങ്ങള്‍ കോഡിനേറ്റ് ചെയ്യുകയും ചെയ്തതിനാണ് പുരസ്‌കാരം. നഴ്സിങ് രംഗത്ത് നീണ്ട 37 വര്‍ഷത്തെ സര്‍വീസ് സാറ ഐപിന്റെ നേതൃത്വപാടവത്തിനു കരുത്താകുന്നു. ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ പുരസ്‌കാരം തങ്ങളെ സമൂഹത്തോടും സഹപ്രവര്‍ത്തകരോടും കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കുന്നുവെന്നും സാറ ഐപ് പ്രതികരിച്ചു. പെന്‍സില്‍വാനിയ നഴ്‌സസ് അസോസിയേഷന്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ഏറ്റവും നല്ല രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആതുസേവന രംഗത്തും അതോടൊപ്പം സമൂഹത്തില്‍ അവഗിക്കപ്പെടുന്നവര്‍ക്കിടയിലും പിയാനോ തങ്ങളുടെ സാന്നിധ്യമറിയിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമുചിതമായ രീതിയില്‍ തന്നെ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും സാറ ഐപ് പറഞ്ഞു. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈവന്റ് ഫണ്ട് റെയ്സിങ് കോഡിനേറ്റര്‍ ആയും സാറ ഐപ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
'നൈന' ബൈനിയല്‍ കോണ്‍ഫറന്‍സില്‍ അടുത്ത ഭരണസമിതിയിലേക്കുള്ള എപിആര്‍എന്‍ ചെയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബിനു ഷാജിമോനെയും ട്രൈസ്റ്റേറ്റ് കേരളാ ഫോറം ആദരിച്ചു. അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്സിംഗില്‍ (എപിഎന്‍) 21 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള പ്രഗത്ഭയായ അക്യൂട്ട് കെയര്‍ നഴ്സ് പ്രാക്ടീഷണറാണ് ബിനു ഷാജിമോന്‍. തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാര്‍ഡിയോളജി നഴ്സ് പ്രാക്ടീഷണറായി മുഴുവന്‍ സമയവും ജോലി ചെയ്യുന്നേതിനിടെ തന്നെ ഡ്രെക്സല്‍ യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കുകയും ചെയ്തു. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ അസോസിയേറ്റ് ആയി അടുത്തിടെ പ്രവേശനം നേടിയത് ബിനു ഷാജിമോന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവാകുന്നു. നൈനയുടെ 2025 ഭരണസമിതിയിലേക്ക് എപിആര്‍എന്‍ ചെയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് വഴി താന്‍ കൂടുതല്‍ സേവനസന്നദ്ധതയാകുന്നുവെന്ന് ബിനു ഷാജിമോന്‍ പറഞ്ഞു. ആതുരശുശ്രൂഷാ മേഖലയ്ക്കും നഴ്‌സിങ് കമ്യൂണിറ്റിക്കും കൂടുതല്‍ വളര്‍ച്ചയുണ്ടാകുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ സഹകരണം ഉണ്ടാകുമെന്നും ബിനു ഷാജിമോന്‍പറഞ്ഞു.