ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പ്രതികരിക്കുക: ഡോ. ബാബു കെ വര്‍ഗീസ്

ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പ്രതികരിക്കുക: ഡോ. ബാബു കെ വര്‍ഗീസ്


ഷിക്കാഗോ: ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ വിദേശ മലയാളികളും പ്രതികരിക്കണമെന്ന് പ്രമുഖ ബഹുഭാഷ പണ്ഡിതനും സുവിശേഷകനുമായ ഡോ. ബാബു കെ വര്‍ഗീസ് ആവശ്യപ്പെട്ടു. ഷിക്കാഗോ ഗോസ്പല്‍ 

മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗ്രേസ് പ്രിന്റിംഗ് കോണ്‍ഫറന്‍സ് റൂമില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കുര്യന്‍ ഫിലിപ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ എം ഈപ്പന്‍ ഡോ. ബാബു വര്‍ഗീസിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. റവ. സാം തോമസ് പ്രാരംഭ പ്രാര്‍ഥന നടത്തി. ഈടുറ്റ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ. ബാബു കെ വര്‍ഗീസ് ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും ആണ്. വൈറ്റ് ഹൗസ് വാഷിംഗ്ടണ്‍ ഡിസിയില്‍ വിളിച്ചുചേര്‍ത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാഷണല്‍ പ്രയര്‍ മീറ്റിങ്ങില്‍ ക്ഷണിതാവായി എത്തിയതാണ് അദ്ദേഹം.

ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങളിലൂടെയാണ് ഇന്ത്യയിലെ ക്രൈസ്തവ സഭ മുന്നേറുന്നതെന്ന് അദ്ദേഹം കണക്കുകള്‍ ചൂണ്ടിക്കാട്ടി അവതരിപ്പിച്ചു. എന്ത് ഉടുക്കണം, എന്ത് കഴിക്കണം, ആരെ ആരാധിക്കണം എന്നൊക്കെയുള്ള മനുഷ്യരുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ ഇന്ത്യയില്‍ പലയിടത്തും നിഷേധിക്കപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രാര്‍ഥനയും ബോധവല്‍ക്കരണവും ആവശ്യമുണ്ട്.

കേരളത്തില്‍ നിയന്ത്രണാധിതമായി ഒഴുകുന്ന ലഹരി മരുന്നുകളുടെ ഉപയോഗ മൂലം അക്രമാസക്തരാകുന്ന യുവതലമുറയുടെ പെരുമാറ്റത്തില്‍ യോഗം നടുക്കം രേഖപ്പെടുത്തുകയും അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അലക്‌സ് ടി കോശി, ഡോ. സാജന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. ഡോ. ടൈറ്റസ് ഈപ്പന്‍ നന്ദി രേഖപ്പെടുത്തി. ഷാജി എബ്രഹാമിന്റെ പ്രാര്‍ഥനയോടെ സമ്മേളനം സമാപിച്ചു.