സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയം പത്താം വാര്‍ഷികം ആഘോഷിച്ചു

സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയം പത്താം വാര്‍ഷികം ആഘോഷിച്ചു


സോമര്‍സെറ്റ്, ന്യൂജേഴ്‌സി: സാമര്‍സെറ്റിലെ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയം പത്താം വാര്‍ഷികം ആഘോഷിച്ചു. ജൂലൈ 11ന് വൈകുന്നേരം 7:30ന് ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യനായ മുന്‍ ബിഷപ്പ് എമറിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയാത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷമായ കൃതജ്ഞതാബലിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. വിശുദ്ധ ദിവ്യബലി മധ്യേ അദ്ദേഹം വചന സന്ദേശം നല്‍കി.

റവ. ഫാ. ഫിലിപ്പ് വടക്കേക്കര, ദേവാലയത്തിന്റെ ആദ്യ വികാരിയും നിലവില്‍ ഷിക്കാഗോ രൂപതയുടെ വികാരി ജനറലുമായ റവ. ഫാ. തോമസ് കടുകപ്പിള്ളില്‍, ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഫൊറോനാ ദേവാലയ വികാരി റവ. ഫാ. ജോര്‍ജ് ദാനവേലില്‍, കൂടാതെ ഇടവകയുടെ വികാരി റവ. ഫാ. ജോണികുട്ടി പുലീശ്ശേരി, എന്നിവര്‍ സഹകാര്‍മ്മികരായി.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ദേവാലയത്തില്‍ നടന്ന പൊതുസമ്മേളനം ഇടവക സമൂഹത്തിന്റെ കെട്ടുറപ്പിന്റെയും സ്‌നേഹബന്ധങ്ങളുടെയും പ്രതീകമായി. ട്രസ്റ്റിമാര്‍ നേതൃത്വം നല്‍കിയ സമ്മേളനത്തില്‍ നാനൂറിലധികം ഇടവകാംഗങ്ങള്‍ പങ്കെടുത്തു. ഷിക്കാഗോ രൂപതയുടെ നിലവിലെ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് വെര്‍ച്വലായി ആശംസാ സന്ദേശം നല്‍കി.

മുന്‍ ബിഷപ്പ് എമറിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയാത്ത്, റവ. ഫാ. തോമസ് കടുകപ്പിള്ളില്‍, ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഫൊറോനാ ദേവാലയ വികാരി റവ. ഫാ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സോമര്‍സെറ്റ് ദേവാലയത്തിന്റെ മുന്‍ വികാരിമാരായ റവ. ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്പ്, റവ. ഫാ. ആന്റണി പുല്ലുക്കാട്ട് എന്നിവര്‍ വെര്‍ച്വലായി സന്ദേശങ്ങള്‍ നല്‍കി.

ദേവാലയ നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും ഇടവകാംഗങ്ങളെയും ചടങ്ങില്‍ അനുസ്മരിച്ചു. കമ്മിറ്റി അംഗം അജിത്ത് ചിറയിലിന്റെ അനുഭവസ്മരണ പ്രസംഗം ഏവര്‍ക്കും പ്രചോദനമായി. ബില്‍ഡിംഗ് കമ്മിറ്റിയിലെ നിരവധി അംഗങ്ങള്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ദേവാലയ ഗായക സംഘം പത്താം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ മംഗളഗാന ആലാപനം  ശ്രദ്ധേയമായി.

പൊതുസമ്മേളനത്തിന് ശേഷം പത്താം വാര്‍ഷികത്തിന്റെ കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. തുടര്‍ന്ന്, പങ്കെടുത്ത എല്ലാവര്‍ക്കും വികാരി അച്ചനും ട്രസ്റ്റിമാരും നന്ദി അറിയിച്ചു. ആഘോഷപരിപാടികളോടനുബന്ധിച്ച് ദേവാലയത്തിലെ യുവജനങ്ങളുടെ നൃത്ത പരിപാടികളും നടത്തപ്പെട്ടു. ഇടവക കൂട്ടായ്മയുടെ പ്രതീകമായ സ്‌നേഹപൂര്‍വ്വമായ വിരുന്നോടെ  അനുഗ്രഹത്തിന്റെ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ ഭക്തിനിര്‍ഭരമായ ആഘോഷത്തിന് തിരശീല വീണു.

ഈ ദിനം ദൈവകൃപയുടെയും, വിശ്വാസികളുടെ അചഞ്ചലമായ ഐക്യത്തിന്റെയും, ശുശ്രൂഷകരുടെ സമര്‍പ്പിത നേതൃത്വത്തിന്റെയും ഉജ്ജ്വലമായ സാക്ഷ്യമായി മാറി. തങ്ങളുടെ ദശവാര്‍ഷികം ആഘോഷിച്ച സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയം, വിശ്വാസത്തിലും കൂട്ടായ്മയിലും ആഴമായി വേരൂന്നിയ ഈ സമൂഹം അടുത്ത ദശകവും ദൈവാനുഗ്രഹത്താലും ഐക്യത്താലും സമ്പന്നമായിരിക്കുമെന്ന് പ്രാര്‍ത്ഥനയോടെയും ദൃഢവിശ്വാസത്തോടെയും പ്രഖ്യാപിച്ചു. ഈ ആഘോഷം, വിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ ഒരു കൂട്ടായ്മയുടെ ശക്തിയെയും അതിന്റെ ഭാവിയിലെ വളര്‍ച്ചയെയും വിളിച്ചോതുന്നു.

ട്രസ്റ്റിമാര്‍:

ബോബി വര്‍ഗീസ്: 2019272254
റോബിന്‍ ജോര്‍ജ്: 8483916535
സുനില്‍ ജോസ്: 7324217578
ലാസര്‍ ജോയ് വെള്ളാറ: 2015278081
വെബ്‌സൈറ്റ്: www.stthomassyronj.org