ഡാലസ് ഗാർഫീൽഡ് പള്ളിയിലെ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് വിജയകരമായി

ഡാലസ് ഗാർഫീൽഡ് പള്ളിയിലെ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് വിജയകരമായി


ഷിക്കാഗോ:  ഷിക്കാഗോയിലെ ചരിത്രപ്രശസ്തമായ മക്കോർമിക് പ്ലേസിൽ 2026 ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന സീറോ മലബാർ കൺവെൻഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് ഡാലസിലെ സെന്റ് അൽഫോൻസാ പള്ളിയിൽ ഒക്ടോബർ 26ന് നടത്തി. 
കൺവെൻഷൻ കൺവീനർ ഫാ: തോമസ് കടുകപ്പിള്ളിയുടെ നേതൃത്വത്തിൽ ജോസഫ് ചാമക്കാല, ബിജി.സി. മാണി, സജി വർഗീസ് എന്നീ കൺവെൻഷൻ ടീം എക്‌സിക്യൂട്ടീവ് അംഗങ്ങൾ രജിസ്‌ട്രേഷൻ കിക്കോഫിനായി എത്തിയിരുന്നു. ഇടവക വികാരി ഫാ: സിബി സെബാസ്റ്റ്യൻ ടീം അംഗങ്ങളെ സ്വീകരിച്ചു. രൂപതയുടെ പ്രഥമ ഇടയൻ പ്രിയ മാർ ജേക്കബ് അങ്ങാടിയത്ത് കിക്കോഫ് നിർവഹിച്ചുകൊണ്ട് കൺവെൻഷന് ആശംസകൾ നേർന്നു. ഇടവക ഒന്നാകെ ഈ കൺവെൻഷനിൽ പങ്കു ചേരണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.

ഒക്ടോബർ 26ന് 80 പിറന്നാൾ ആഘോഷിച്ച പിതാവിന് കത്തീഡ്രലിന്റെ പേരിലും കൺവെൻഷൻ കമ്മിറ്റിയുടെ പേരിലും ടീം അംഗങ്ങൾ ആശംസയും പ്രാർത്ഥനയും അറിയിച്ചു. വളരെ ചെറിയ തുടക്കത്തിൽ നിന്ന് അമേരിക്കയിൽ അങ്ങോളമിങ്ങോളം ഇടവകകളും, മിഷനുകളും ആയി വളർന്നു പന്തലിച്ച് സീറോ മലബാർ രൂപത ഈ രജത ജൂബിലി വർഷത്തിൽ നിൽക്കുമ്പോൾ അതിന്റെ പിന്നിൽ ദീർഘവീക്ഷകനും എളിമയുടെ തന്നെ മാതൃകയുമായ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ പ്രാർത്ഥനകളും പരിശ്രമങ്ങളും ആയിരുന്നു. പിതാവിന് ആയുരാരോഗ്യങ്ങൾ ഏവരും ആശംസിച്ചു.

അമേരിക്കയിൽ എല്ലായിടത്തും ഉള്ള സീറോ മലബാർ വിശ്വാസികളെ ഒരു കുടക്കീഴിൽ ഒന്നിച്ച് ചേർക്കുന്ന ഈ മഹാസമ്മേളനം കടലുകൾക്കിപ്പുറവും വിശ്വാസവും സംസ്‌കാരവും ഹൃദയത്തിൽ ചേർത്തുനിർത്തുന്ന ഏവർക്കും ഒന്നിച്ചു ചേരാനും, പരസ്പര സ്‌നേഹം പങ്കുവയ്ക്കുവാനും, വിശ്വാസപ്രഘോഷണം നടത്തുവാനും ഉള്ള അവസരം ആയിരിക്കും. നാല് ദിവസങ്ങളിലായി നടത്തുന്ന കൺവെൻഷനിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും വിവിധ സംഘടനകളുടെ കൂട്ടായ്മകളും. ഇടവകയെ നയിച്ചവർക്കുള്ള ആദരവും, വൈവിധ്യമാർന്ന കലാപരിപാടികളും യുവജനങ്ങൾക്കുള്ള പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് എല്ലാ വിശ്വാസികളെയും ഈ കൂട്ടായ്മയിലേക്ക് ക്ഷണിച്ചു.

രൂപതയിലെ എല്ലാ പള്ളികളിലെയും കൺവെൻഷൻ പ്രതിനിധികളോട് ചേർന്ന് രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള സംവിധാനത്തിന്റെ ഭാഗമായി എല്ലാ ഇടവകകളും സന്ദർശിക്കുവാൻ ശ്രമിക്കുന്നതായി കൺവെൻഷൻ ടീം അറിയിച്ചു. വിവരങ്ങൾ പങ്കുവയ്ക്കുക വഴി കൺവെൻഷൻ രജിസ്‌ട്രേഷൻ എളുപ്പമാവുകയും കൂടുതൽ വിശ്വാസികളെ ഈ മഹാ കൂട്ടായ്മയിൽ പങ്കു ചേർക്കാൻ കഴിയുകയും ചെയ്യുമെന്ന് ടീം വിശ്വസിക്കുന്നു.

ഗാർഫീൽഡ് ഇടവകയിലെ വികാരിയച്ചന്റെയും ട്രസ്റ്റിമാരുടെയും പാരിഷ് പ്രതിനിധികളുടെയും ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. ഇടവകയിലെ യുവജനങ്ങളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായിരുന്നു. അമ്പതിൽപരം രജിസ്‌ട്രേഷനുകൾ ഇടവകാംഗങ്ങൾ കൺവെൻഷൻ ടീമിന് കൈമാറി .

കൺവെൻഷന്റെ കൂടുതൽ വിവരങ്ങൾ അറിയുവാനും, രജിസ്‌ട്രേഷൻ നടത്തുവാനും www.syroconvention.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.