നോര്‍ത്ത് ടെക്സാസ്/ ഫ്രിസ്‌കോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9, 10, 11, 12 തിയ്യതികളില്‍ ഷിക്കാഗോയിലെ മക്കോര്‍മിക് പ്ലേസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സീറോ മലബാര്‍ യു എസ് എ കണ്‍വന്‍ഷന്റെ ഇടവകതല രജിസ്ട്രേഷന്‍ കിക്കോഫ്, വിശുദ്ധ മറിയം ത്രേസ്യായുടെ മധ്യസ്ഥതയിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ സെന്റ് മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷനില്‍ വിജയകരമായി നടന്നു.
കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്കോഫ് മാര്‍. ജോയ് ആലപ്പാട്ട് നിര്‍വ്വഹിച്ചു. മിഷന്‍ ഡയറക്ടര്‍ ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍ ആദ്യ രജിസ്ട്രേഷന്‍ ഏറ്റുവാങ്ങി. നിരവധി വിശ്വാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ താത്പര്യം അറിയിക്കുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനവും രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജതജൂബിലിയും കണ്‍വന്‍ഷനോടനുബന്ധിച്ച് ആഘോഷിക്കുന്നുണ്ട്.
കണ്‍വന്‍ഷനില്‍ എല്ലാവരും പങ്കെടുക്കണമെന്ന് മാര്‍. ജോയ് ആലപ്പാട്ട് അഭ്യര്‍ഥിച്ചു. കണ്‍വന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, കണ്‍വന്‍ഷന്‍ ഫിനാന്‍സ് ചെയര്‍ ആന്‍ഡ്രൂസ് തോമസ് എന്നിവര്‍ കണ്‍വന്‍ഷന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും വിശദീകരിച്ചു.
കിക്കോഫ് ചടങ്ങുകള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍, ട്രസ്റ്റിമാരായ റെനോ അലക്‌സ്, ബോസ് ഫിലിപ്പ്, ഫെയ്ത്ത് ഫോര്‍മേഷന്‍ കോര്‍ഡിനേറ്റര്‍ വിനു ആലപ്പാട്ട്, അക്കൗണ്ടന്റ് റോയ് വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
2026 ജൂലൈ മാസം നടക്കുന്ന സീറോ മലബാര്‍ കണ്‍വന്‍ഷന്‍, രൂപതയുടെ ചരിത്രത്തില്‍തന്നെ സ്ഥാനം പിടിക്കുന്ന തലത്തില്‍ വിജയകരമാക്കി തീര്‍ക്കുവാന്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കണ്‍വന്‍ഷന്റെ മുന്നോടിയായി രൂപതയിലെ വിവിധ പള്ളികളില്‍ കണ്‍വന്‍ഷന്‍ കിക്കോഫുകള്‍ വിജയകരമായി നടന്നുവരുന്നു. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഹോട്ടല്‍ ബുക്കിങ് നിരക്കില്‍ ഇളവ് ലഭിക്കും. ഈ ഇളവ് ഡിസംബര്‍ 31 വരെ മാത്രമേ ലഭിക്കൂ എന്നും ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
