ഷിക്കാഗോ: രജത ജൂബിലി ആഘോഷിക്കുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കണ്‍വെന്‍ഷന്റെ കിക്കോഫ് അറ്റ്‌ലാന്റായിലെ സെന്റ്. അല്‍ഫോന്‍സാ ഫൊറോന പള്ളിയില്‍ നടന്നു. കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ. തോമസ് കടുകപ്പിള്ളില്‍, ആന്‍ഡ്രൂസ് തോമസ്, സജി വര്‍ഗീസ് എന്നിവരെ ഇടവകാംഗങ്ങള്‍ ഹാര്‍ദ്ദവമായി സ്വീകരിച്ചു.
സെന്റ്. അല്‍ഫോന്‍സാ പള്ളി വികാരി ഫാ. റൂബന്‍ താന്നിക്കല്‍ ഇടവകയിലെ കണ്‍വെന്‍ഷന്‍ പ്രതിനിധികളായ അബ്രഹാം ആഗസ്തി (ട്രസ്റ്റി), ജൂലി സോജന്‍, റെജിമോന്‍ മാത്യു, സിസ്റ്റര്‍ അഞ്ജലി എന്നിവര്‍ കണ്‍വെന്‍ഷന്‍ കിക്കോഫിന് നേതൃത്വം നല്‍കി. ആന്‍ഡ്രൂസ് തോമസും സജി വര്‍ഗീസും കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ വിശദമായി അവതരിപ്പിച്ചു. ട്രസ്റ്റിമാരായ സോജന്‍ തോമസ്, തോമസ് ജോബ്, ഡെറിന്‍ സാജ് എന്നിവര്‍ കണ്‍വെന്‍ഷന്‍ ടീമിനോട് ചേര്‍ന്ന് സഹകരിച്ചു. ഇടവകയിലെ ആവേശകരമായ പ്രതികരണം ടീം അംഗങ്ങള്‍ക്ക് വളരെ സന്തോഷം പകര്‍ന്നു. സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ രജിസ്‌ട്രേഷനില്‍ പങ്കുചേര്‍ന്ന ഇടവകയിലെ യുവജനങ്ങളുടെ പങ്കാളിത്തം ശ്ലാഘനീയമായിരുന്നു.
ഷിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സിറോ മലബാര്‍ യുഎസ്എ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും കൊണ്ടാടുന്നു. അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ ഒന്നിച്ച് ചേര്‍ക്കുന്ന ഈ സംഗമം വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഏവര്‍ക്കും ഒന്നിച്ചു ചേരാനും ആശയങ്ങള്‍ പങ്കുവയ്ക്കുവാനും പ്രവാസി ലോകത്തെ സഭയുടെ ഭാവിയെക്കുറിച്ച് വിചിന്തനം ചെയ്യുവാനും, ഉള്ള ഒരു അവസരം ആയിരിക്കും. ഈ കണ്‍വെന്‍ഷനില്‍ ദിവസേനയുള്ള വിശുദ്ധ കുര്‍ബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളും ബിസിനസ് മീറ്റുകളും വിവിധ സംഘടനകളുടെ കൂട്ടായ്മകളും. നാളിതുവരെ ഇടവകയെ നയിച്ചവര്‍ക്കുള്ള ആദരവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും മത്സരങ്ങളും ഒരുക്കിയിരിക്കുന്നു. യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ട്രാക്കുകളില്‍ ആയിട്ടാണ് പരിപാടികള്‍ ഒരുക്കുന്നത്.
