ഭൂമിയുടെ കാമ്പ് വിപരീത ദിശയിലേക്ക് കറങ്ങുകയും, മന്ദഗതിയിലാവുകയും ചെയ്യുന്നുണ്ടോ?

ഭൂമിയുടെ കാമ്പ് വിപരീത ദിശയിലേക്ക് കറങ്ങുകയും, മന്ദഗതിയിലാവുകയും ചെയ്യുന്നുണ്ടോ?

Photo Caption


ഭൂമിയുടെ ഘടന നാം ചിന്തിക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണവും എല്ലാ ദിവസവും തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നതുമാണ്. ഗ്രഹത്തിന്റെ ആന്തരിക ഭാഗത്തെ പുറംതോട്, ആവരണഭാഗം, കാമ്പ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പാളികളായി തിരിക്കാം. ഭൂമി കറങ്ങുന്നതുപോലെ ഭൂമിയുടെ കാമ്പും സ്വതന്ത്രമായി കറങ്ങുന്നുണ്ടെന്ന് നിരവധി സിദ്ധാന്തങ്ങള്‍ സൂചിപ്പിക്കുന്നു. ശാസ്ത്രജ്ഞരുടെ ഏറ്റവും പുതിയ ഗവേഷണങ്ങള്‍ ഭൂമിയുടെ കാമ്പിന്റെ ഭ്രമണവേഗം നാടകീയമായി കുറയുകയും വിപരീതമാകുകയും ചെയ്യുന്നുവെന്നാണ് വെളിപ്പെടുത്തുന്നത്.


ഭൂമിയുടെ കാതല്‍

ഭൂമിയുടെ ഉള്ളില്‍ ഏറ്റവും ചൂടേറിയ ഭാഗമാണ്  കാമ്പ്. ശരിക്കും സൂര്യന്റെ ഉപരിതലത്തിന് തുല്യമായ ഭാഗം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 5,180 കിലോമീറ്റര്‍ ആഴത്തിലാണ് കാമ്പ് സ്ഥിതിചെയ്യുന്നത്. പ്രധാനമായും ഇരുമ്പും നിക്കലും ചേര്‍ന്നതാണ് കാമ്പ്. ആന്തരിക കാമ്പ് ഒരു ദ്രാവക ലോഹ ബാഹ്യ കാമ്പ് കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.

ഈ അകക്കാമ്പിന്റെ പുറത്തുള്ള പാളിയായ പുറക്കാമ്പിലും പ്രധാനമായും ഇരുമ്പും നിക്കലും തന്നെയാണ്. പക്ഷെ അകക്കാമ്പില്‍ നിന്ന് വ്യത്യസ്തമായി പുറക്കാമ്പ് ദ്രവാവസ്ഥയില്‍ ആണ്. അതായത് മറ്റ് പാളികളില്‍ നിന്നും അകക്കാമ്പിനെ ദ്രവാവസ്ഥയില്‍ ഉള്ള പുറക്കാമ്പ് വേര്‍തിരിക്കുന്നു എന്നും പറയാം. ഈ പുറക്കാമ്പിലെ ഒഴുക്ക് ആണ് ഭൂമിയുടെ കാന്തികതക്ക് കാരണം. കാന്തികത ഉണ്ടാക്കുന്നത് പുറക്കാമ്പ് ആണെങ്കിലും അതില്‍ അകക്കാമ്പിനും ചെറുതല്ലാത്ത പങ്കുണ്ട്.

ഭൂമിയുടെ കേന്ദ്രഭാഗത്തിന്റെ ഭ്രമണവേഗം കുറയുന്നുണ്ടോ?

ഡാനിഷ് ഭൂകമ്പ ശാസ്തരജ്ഞന്‍ ഇംഗെ ലേമാന്‍ ആണ് 1936 ല്‍ ഗ്രഹത്തിന്റെ ആന്തരിക കാമ്പ് കണ്ടെത്തിയത്. അതിനുശേഷം, ശാസ്ത്രജ്ഞര്‍ അതിന്റെ ഭ്രമണ വേഗതയും ദിശയും ചര്‍ച്ച ചെയ്യുന്നത് തുടര്‍ന്നു. ഭൂമിയുടെ ആഴത്തിലുള്ള ഉള്‍വശം നേരിട്ട് നിരീക്ഷിക്കുകയോ സാമ്പിളുകള്‍ ശേഖരിക്കുകയോ ചെയ്യുന്നത് അസാധ്യമാണ് എന്നതാണ് ശാസ്ത്രജ്ഞര്‍ക്ക് അവരുടെ വാദം തെളിയിക്കാന്‍ നേരിടുന്ന പരിമിതി. വ്യത്യസ്ത സമയങ്ങളില്‍ കാമറയിലൂടെ കടന്നുപോകുന്ന സമാന ശക്തികളുടെ തരംഗങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് മിക്ക ഗവേഷണങ്ങളും പഠനങ്ങളും.

ഈ വര്‍ഷം ജൂണില്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ കണ്ടെത്തല്‍ അനുസരിച്ച്, ഭൂമിയിലെ ആവര്‍ത്തിച്ചുള്ള ഭൂകമ്പങ്ങളില്‍ നിന്നും സ്‌ഫോടനങ്ങളില്‍ നിന്നുമുള്ള സീസ്‌മോഗ്രാമുകളില്‍ നിന്നുള്ള ഡേറ്റ സൂചിപ്പിക്കുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭൂമിയുടെ ഉപരിതലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖര ആന്തരിക കാമ്പിന്റെ ഭ്രമണ വേഗത നിരന്തരം കുറയുന്നു എന്നാണ്.

ഏകദേശം 70 വര്‍ഷങ്ങള്‍ കൂടും തോറും 'മറ്റ് പാളികളെ അപേക്ഷിച്ച്' ഈ അകക്കാമ്പിന്റെ കറക്കത്തിന്റെ ദിശ മാറുമത്രേ. 1970കളുടെ തുടക്കത്തില്‍ ആണ് ഇതിനു മുമ്പ് അകക്കാമ്പ് ഇത്തരത്തില്‍ 'ദിശ മാറ്റിയത്'. ഇക്കഴിഞ്ഞ 2009-നോട് അടുത്ത് 'മറ്റ് പാളികളെ അപേക്ഷിച്ച്' അകക്കാമ്പിന്റെ കറക്കം ഏറെക്കുറെ നിന്നു എന്നും അതുവരെ ഉണ്ടായിരുന്നതിന്റെ 'വിപരീതമായ ദിശയില്‍' കറക്കം തുടങ്ങി എന്നുമാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

ബീജിങ്ങിലെ പെക്കിങ് സര്‍വ്വകലാശാലയിലെ രണ്ട് ശാസ്ത്രജ്ഞന്മാര്‍ ആണ് ഈ കണ്ടെത്തല്‍ നടത്തിയത്. 1960 മുതല്‍ 2023 വരെ ഭൂമിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭൂചലനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ആണ് ഈ പഠനത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയത്. മുന്‍നിര ശാസ്ത്ര ജേണല്‍ ആയ നേച്ചറില്‍ (Nature) ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭൗമ-ഭൗതിക ശാസ്ത്രജ്ഞര്‍ക്കിടയില്‍ (geophysicists) ഇത് ചര്‍ച്ചയായിട്ടുണ്ട്.