കേരളത്തില്‍ ജിഎസ്ടി നല്‍കുന്നത് നാലേകാല്‍ ലക്ഷം പേര്‍ മാത്രം
മുംബൈ: ചരക്ക് സേവന നികുതി നടപ്പിലാക്കിയിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയിലെ മൊത്തം സജീവ ജി.എസ്.ടി നികുതിദായകരില്‍ 50 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.
രാജ്യത്ത് മൊത്തം 1.52 കോടി ജി.എസ്.ടി രജിസ്‌ട്രേഷനാണുള്ളത്. ഇതില്‍ 50 ശതമാനവും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് സംഭാവന ചെയ്യുന്നത്. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇനിയും മെച്ചപ്പെടേണ്ടതുതുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഉത്തര്‍പ്രദേശിലാണ് രാജ്യത്തെ മൊത്തം ജി.എസ്.ടി നികുതി ദായകരുടെ 13.2 ശതമാനവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് 12.1 ശതമാനവുമായി മഹാരാഷ്ട്രയാണ്. ഗുജറാത്ത് 8.4 ശതമാനവും തമിഴ്‌നാട് 7.7 ശതമാനവും കര്‍ണാടക 6.9 ശതമാനവും സംഭാവന ചെയ്യുന്നു.
മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GSDP) വിഹിതം കണക്കിലെടുക്കുമ്പോള്‍, ചില സമ്പന്ന സംസ്ഥാനങ്ങള്‍ ജി.എസ്.ടിയിലേക്ക് പ്രതീക്ഷിച്ചത്ര സംഭാവന നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ ജി.എസ്.ഡി.പി കണക്കിലെടുക്കുമ്പോള്‍ സജീവ ജിഎസ്ടി നികുതിദായകരുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. ഈ സംസ്ഥാനങ്ങളില്‍ ജി.എസ്.ടി നടപ്പാക്കുന്നത് വിപുലീകരിക്കേണ്ടതിന്റെ സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
എസ്.ബി.ഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ സജീവ ജി.എസ്.ടി നികുതി ദായകരുടെ വിഹിതത്തില്‍ വെറും 2.8 ശതമാനവുമായി 14ാം സ്ഥാനത്താണ് കേരളം. മൊത്തം 4,25,746 സജീവ ജി.എസ്.ടി നികുതിദായകരാണ് കേരളത്തിലുള്ളത്. കേരളത്തിന്റെ ജി.എസ്.ഡി.പി 3.7 ശതമാനമാണെന്നിരിക്കെയാണ് ഈ കണക്ക്. പഞ്ചാബ്, ഒഡിഷ, അസം ഉള്‍പ്പെടെയുള്ള ചെറിയ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്.
അതേസമയം, യു.പിയും ബിഹാറും ഗുജറാത്തുമൊക്കെ അവരുടെ ജി.എസ്.ഡി.പിയേക്കാള്‍ ഉയര്‍ന്ന് ജി.എസ്.ടി രജിസ്‌ട്രേഷന്‍ വിഹിതമാണ് കാഴ്ചവയ്ക്കുന്നത്.
ഉദാഹരണത്തിന് ബിഹാറിന്റെ ജി.എ സ്.ഡി.പി 2.8 ശതമാനമാണ്. എന്നാല്‍ മൊത്തം ജി.എസ്.ടി നികുതിദായകരുടെ 4.3 ശതമാനവും ബിഹാറില്‍ നിന്നാണ്.
ഉത്തരാഖണ്ഡ്, ചത്തീസ്ഗഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, എന്നിവയുടെ വിഹിതം വളരെ കുറവാണ്. 1.4 ശതമാനമൊക്കെയാണ് ഈ സംസ്ഥാനങ്ങളുടെ വിഹിതം.
2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ജി.എസ്.ടി നടപ്പാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ജി.എസ്.ടി പിരിവ് ഇരട്ടിയായി. നിലവില്‍ ശരാശരി പ്രതിമാസ ജി.എസ്.ടി പിരിവ് രണ്ട് ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. മൊത്തം വരുമാനത്തിന്റെ 41 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.
മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങള്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ജി.എസ്.ടി വരുമാനം നേടി. ജി.എസ്.ടി വരുമാനത്തിന്റെ കാര്യത്തിലും കേരളം വളരെ പിന്നിലാണ്. വെറും 33,109 കോടി രൂപയാണ് കേരളത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജി.എസ്.ടി പിരിവ്.
2026 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍ മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 6,646 കോടി രൂപയാണ് കേരളം ജി.എസ്.ടി ഇനത്തില്‍ പിരിച്ചത്. ഇക്കാലയളവില്‍ മഹാരാഷ്ട്ര 73,176 കോടി രൂപയും കര്‍ണാടക 32,114 കോടിയും പിരിച്ചു.
ഗുജറാത്ത് 26,706 കോടി രൂപയും തമിഴ്‌നാട് 26,061 കോടി രൂപയും ഹരിയാന 22,731 കോടി രൂപയും ജി.എസ്.ടി വരുമാനം നേടി.