ട്രംപ് ഇരട്ടി തീരുവ ചുമത്തിയതോടെ ഇന്ത്യന്‍ സമുദ്രോത്പന്ന വ്യവസായത്തിന് 24,000 കോടി രൂപയുടെ നഷ്ടം

ട്രംപ് ഇരട്ടി തീരുവ ചുമത്തിയതോടെ ഇന്ത്യന്‍ സമുദ്രോത്പന്ന വ്യവസായത്തിന് 24,000 കോടി രൂപയുടെ നഷ്ടം


കൊച്ചി :  ഇന്ത്യയുടെ തീരുവ 50% ആയി അമേരിക്ക വര്‍ധിപ്പിച്ചതോടെ അവിടേയ്ക്കുള്ള കയറ്റുമതി ഗണ്യമായി കുറയുകയും ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി വ്യവസായത്തിന് ഏകദേശം 24,000 കോടി രൂപയുടെ വ്യാപാര നഷ്ടം സംഭവിക്കുമെന്നും റിപ്പോര്‍ട്ട്.

'നികുതി വര്‍ധനവ് ഇരട്ടിയാക്കിയത് വ്യവസായികളെ ഞെട്ടിച്ചുവെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പവന്‍ കുമാര്‍ ജി പറഞ്ഞു. സമുദ്രോത്പന്ന വ്യവസായത്തിന് അന്ത്യം കുറിക്കുന്ന നടപടിയാണിത്. ഇത് കര്‍ഷകരെയും ബാധിക്കും, ഞങ്ങള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ സര്‍ക്കാരിന്റെ കൈത്താങ്ങ് ആവശ്യമാണ് '- അദ്ദേഹം പറഞ്ഞു.

ഭൂമിശാസ്ത്രപരമായി യുഎസിനോട് ഏറ്റവും അടുത്തുകിടക്കുന്ന സമുദ്രോത്പന്ന കയറ്റുമതിയില്‍ ഇന്ത്യയുടെ ഏറ്റവും അടുത്ത എതിരാളിയായ ഇക്വഡോര്‍ യുഎസ് വിപണിയില്‍ 10% ഇറക്കുമതി തീരുവ മാത്രമേ നല്‍കൂ, അതേസമയം ഇന്തോനേഷ്യ 19% ഉം വിയറ്റ്‌നാം 20% ഉം നല്‍കും. 60,000 കോടി രൂപയുടെ ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതിയുടെ ഏകദേശം 40% യുഎസിലേക്കാണ് പോകുന്നത്. യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നമാണ് ചെമ്മീന്‍.

വ്യവസായം വാര്‍ഷിക വില്‍പ്പനയുടെ ഏകദേശം 15% ഏത് സമയത്തും കയറ്റുമതിക്ക് തയ്യാറാക്കിയ ചരക്കായി ഉപയോഗിക്കുന്നതിനാല്‍, കയറ്റുമതിക്കാര്‍ക്ക് ഈ അളവില്‍ നഷ്ടം നേരിടേണ്ടിവരുമെന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് നിന്നുള്ള ഒരു കയറ്റുമതിക്കാരന്‍ പറഞ്ഞു.

ഇന്ത്യന്‍ മത്സ്യ വ്യവസായം ഏകദേശം 20 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അതിവിപുലമായ മേഖലയാണ്. അടുത്ത വിളവെടുപ്പിനുള്ള വിത്ത് പാകല്‍ സീസണ്‍ ആയതിനാല്‍, പുതിയ പ്രതിസന്ധി കണക്കിലെടുത്ത് കര്‍ഷകര്‍ വിത്ത് പാകല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയേക്കുമെന്ന് വ്യവസായികള്‍ ഭയപ്പെടുന്നു.

വാള്‍മാര്‍ട്ട്, കോസ്റ്റ്‌കോ തുടങ്ങിയ വന്‍കിട വാങ്ങലുകാര്‍ (ബയേഴ്‌സ്) ഇന്ത്യന്‍ കയറ്റുമതിക്കാരുമായി എത്രത്തോളം ചര്‍ച്ച നടത്തുന്നു എന്നതിനെയും അവര്‍ക്ക് എത്ര ലാഭം നേടാന്‍ കഴിയും എന്നതിനെയും ആശ്രയിച്ചിരിക്കും ഭാവികാര്യങ്ങള്‍ എന്ന് എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. 'ഇന്ത്യ പ്രതികൂലമായി നില്‍ക്കുന്നിടത്ത് ഈ ഉയര്‍ന്ന യുഎസ് താരിഫ് തുടര്‍ന്നാല്‍, ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ മറ്റ് വിപണികളെ ആശ്രയിക്കേണ്ടിവരുമെന്ന് മറ്റൊരു കയറ്റുമതിക്കാരന്‍ പറഞ്ഞു.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് താരിഫ് 50 ശതമാനമായി ഉയര്‍ന്നത് ഇന്ത്യയുടെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയും സ്തംഭിപ്പിച്ചു. വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ്, ആമസോണ്‍, ടിജെഎക്‌സ് കമ്പനീസ്, കോള്‍സ്, ഗ്യാപ് ഇങ്ക്, എച്ച് ആന്‍ഡ് എം എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാ യുഎസ് റീട്ടെയില്‍ കമ്പനികളും താരിഫ് അളവില്‍ വ്യക്തത ഉണ്ടാകുന്നതുവരെ ഓര്‍ഡറുകള്‍ പിടിച്ചു വയ്ക്കാന്‍ ഇന്ത്യയിലെ അവരുടെ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അധിക പിഴകള്‍ വാങ്ങുന്നവര്‍ക്ക് ബാധകമാകാതിരിക്കാന്‍ ഓഗസ്റ്റ് 27 ന് മുമ്പ് ഷിപ്പ് ചെയ്യുന്നതിനുള്ള നിലവിലുള്ള ഓര്‍ഡറുകള്‍ കമ്പനികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. 'ഇപ്പോള്‍ ഒന്നും ചെലവാക്കരുതെന്ന് വാങ്ങുന്നവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ അയച്ച എല്ലാ എന്‍ക്വയറികളും അവര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആഗോള ബ്രാന്‍ഡുകള്‍ നേരിട്ട് അയച്ചതല്ല; ഇന്ത്യന്‍ ഇറക്കുമതികള്‍ കൈവശം വയ്ക്കാന്‍ അവര്‍ ഇറക്കുമതി കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ബൈയിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും എസ്എന്‍ക്യുഎസ് ഇന്റര്‍നാഷണല്‍സിന്റെ മാനേജിംഗ് ഡയറക്ടറുമായ ഇളങ്കോവന്‍ വിശ്വനാഥന്‍ പറഞ്ഞു.

ആഗസ്റ്റ് 27 മുതല്‍ വര്‍ദ്ധിപ്പിച്ച 50% നിരക്ക് പ്രാബല്യത്തില്‍ വന്നാല്‍, യുഎസിലേക്കുള്ള ഇന്ത്യയുടെ വാര്‍ഷിക 86.5 ബില്യണ്‍ ഡോളര്‍ ചരക്ക് കയറ്റുമതിയില്‍ ഏതാണ്ട് എല്ലാ കാര്യങ്ങളും വാണിജ്യപരമായി ലാഭകരമല്ലാതാകും.

10-15% വര്‍ദ്ധനവ് കഷ്ടിച്ച് ഉള്‍ക്കൊള്ളാന്‍ മാത്രമേ കഴിയൂ എന്ന് മിക്ക ഇന്ത്യന്‍ കയറ്റുമതിക്കാരും പറഞ്ഞിട്ടുണ്ട്, അതിനാല്‍ 50% സംയോജിത താരിഫ് അവരുടെ ശേഷിക്ക് വളരെ അപ്പുറമാണ്.

പ്രാബല്യത്തില്‍ വരുന്ന താരിഫ് 'ഒരു വ്യാപാര ഉപരോധത്തിന് ' സമാനമായിരിക്കും, കൂടാതെ ബാധകമാകുന്ന ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പെട്ടെന്ന് നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിക്കും,' ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ ഒരു കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യയുടെ മുന്‍നിര കയറ്റുമതി വിപണിയാണ് യുഎസ്. രാജ്യത്തിന്റെ ജിഡിപിയുടെ 2.2% നിര്‍ണയിക്കുന്നത് കയറ്റുമതിയുടെ 18% ആണ്. 25% താരിഫ് ജിഡിപിയെ 0.2-0.4% വരെ കുറച്ചേക്കാം. 50% താരിഫ് സമ്പദ് വ്യവസ്‌തെ അതിഭീകരമായ ബാധിക്കാം. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം വളര്‍ച്ച 6% ല്‍ താഴെയാകാന്‍ സാധ്യതയുണ്ട്.