ട്രംപിന്റെ താരിഫ് തിരിച്ചടിക്കുന്നോ? യുഎസില്‍ വസ്ത്രങ്ങള്‍ക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും വിലകൂടിയതായി ഇന്‍സ്റ്റഗ്രാം പോസ്റ്റ്; വീഡിയോ ചര്‍ച്ചയാകുന്നു

ട്രംപിന്റെ താരിഫ് തിരിച്ചടിക്കുന്നോ? യുഎസില്‍ വസ്ത്രങ്ങള്‍ക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും വിലകൂടിയതായി ഇന്‍സ്റ്റഗ്രാം പോസ്റ്റ്; വീഡിയോ ചര്‍ച്ചയാകുന്നു


വാഷിംഗ്ടണ്‍: ലോകരാജ്യങ്ങള്‍ക്കുമേല്‍ സാമ്പത്തിക ആഘാതം അടിച്ചേല്‍പ്പിക്കുന്ന താരിഫ് യുദ്ധം ആരംഭിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം അമേരിക്കയിലും വിലക്കയറ്റം ഉള്‍പ്പെടെയുള്ള കടുത്ത പ്രത്യാഘാതങ്ങളുണ്ടാ
ക്കുമെന്ന ആശങ്ക വ്യാപകമായി.
താരിഫ് പ്രഖ്യാപനത്തെതുടര്‍ന്ന് യുഎസില്‍ വസ്ത്രങ്ങള്‍ക്കും മറ്റ് ഉല്‍പന്നങ്ങള്‍ക്കും വില കുത്തനെ കൂടിയെന്ന് അവകാശപ്പെട്ട് ഒരു ഇന്‍സ്റ്റഗ്രാം യൂസര്‍ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ചത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വസ്ത്രത്തിന്റെ പഴയ പ്രൈസ് ടാഗുകളുമായി പുതിയ വിലകള്‍ താരതമ്യം ചെയ്ത് വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്ന വീഡിയോ ഇതിനകം 30 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. 

മെഴ്‌സിഡസ് ചാന്‍ഡലര്‍ എന്നയാളാണ് വീഡിയോയില്‍ വില വര്‍ധനവിനെക്കുറിച്ച് സംസാരിക്കുന്നത്. ട്രംപിന്റെ താരിഫ് നയങ്ങളാണ് വില വര്‍ധനവിന് കാരണമെന്ന് വീഡിയോയില്‍ ആരോപിക്കുന്നു. 'ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ പൂര്‍ണതോതില്‍ പ്രാബല്യത്തില്‍ വന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ക്കിടയിലൂടെ നടന്ന് പഴയ െ്രെപസ് ടാഗുകളും പുതിയ െ്രെപസ് ടാഗുകളും തമ്മില്‍ താരതമ്യം ചെയ്യുന്നത് വീഡിയോയില്‍ കാണാം. വസ്ത്രങ്ങളിലെ ചില ടാഗുകള്‍ നീക്കം ചെയ്ത നിലയിലോ മറച്ച നിലയിലോ ആണ് കാണുന്നത്.

എല്ലാ ടാഗുകളുടെയും താഴത്തെ ഭാഗങ്ങള്‍ കീറിക്കളഞ്ഞിട്ടുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ കീറിക്കളയാത്ത ഒരെണ്ണത്തില്‍ വില 10.98 ഡോളറില്‍നിന്ന് 11.98 ഡോളറായി ഉയര്‍ത്തിയത് കാണാം. കുട്ടികളുടെ വസ്ത്രത്തിന്റെ വില 6.98 ഡോളറില്‍നിന്ന് 10.98 ഡോളറായി ഉയര്‍ന്നതും ഒരു ബാക്ക്പാക്കിന്റെ വില 19.97 ഡോളറില്‍നിന്ന് 24.97 ഡോളറായി ഉയര്‍ന്നതും വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നു. കടയില്‍ പഴയ വിലയുടെ മുകളില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കുകയാണെന്നും അങ്ങനെ ചെയ്താല്‍ പഴയ വില അറിയാന്‍ കഴിയില്ലെന്നും അവര്‍ ആരോപിക്കുന്നു. സ്‌റ്റോറില്‍ പല ഉല്‍പന്നങ്ങള്‍ക്കും എട്ട് ഡോളര്‍ വരെ വില വര്‍ധിച്ചിട്ടുണ്ടെന്നും വിശ്വാസമില്ലാത്തവര്‍ വാള്‍മാര്‍ട്ടിലോ ടാര്‍ഗറ്റിലോ പോയി പരിശോധിക്കാനും അവര്‍ പറയുന്നു.

വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ട്രംപിന്റെ സാമ്പത്തിക നയങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തുവന്നു. വില വര്‍ധന സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്നുള്ള ആശങ്കയും പലരും പങ്കുവെക്കുന്നു. ട്രംപിന് വോട്ട് ചെയ്തതില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടോ എന്നാണ് ഒരാളുടെ കമന്റ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വസ്ത്രങ്ങളില്‍നിന്ന് വില നീക്കിയതായി ടാര്‍ഗറ്റിന്റെ ജീവനക്കാരന്‍ എന്ന് അവകാശപ്പെട്ട് ഒരാള്‍ കമന്റ് ചെയ്തു. അമേരിക്കക്കാര്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങളുടെ പ്രസിഡന്റ് നിങ്ങളില്‍നിന്ന് കൂടുതല്‍ പണം ഈടാക്കുന്നുവെന്ന് മറ്റൊരാള്‍ പ്രതികരിച്ചു. അതേസമയം മറ്റു ചിലര്‍ ഈ വില വര്‍ധനവ് പ്രചാരണം തള്ളുന്നു. ഇത് ഡെമോക്രാറ്റുകളുടെ വ്യാജ പ്രചരണമാണെന്നാണ് അവരുടെ ആരോപണം.

ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവില്‍ ഓഗസ്റ്റ് ഒന്നുമുതലാണ് കൂടുതല്‍ രാജ്യങ്ങള്‍ക്കെതിരായ താരിഫുകള്‍ നിലവില്‍ വന്നത്. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുക, വിദേശ വിപണിയില്‍ പ്രവേശനം നേടുക, ഫെഡറല്‍ വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നീക്കത്തിന് പിന്നില്‍. ഇന്ത്യക്കെതിരെ ആദ്യം 25 ശതമാനം താരിഫും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനാല്‍ പിഴയായി 25 ശതമാനം താരിഫും ചുമത്തിയിരുന്നു. ഇതോട ഇന്ത്യന്‍ ഇറക്കുമതിക്ക് 50 ശതമാനമായി താരിഫ്.

ബ്രസീലിന് 50 ശതമാനം, സിറിയയ്ക്ക് 41 ശതമാനം, ലാവോസിനും മ്യാന്‍മറിനും 40 ശതമാനം വീതം, സ്വിറ്റ്‌സര്‍ലന്‍ഡിന് 39 ശതമാനം, കാനഡയ്ക്കും ഇറാഖിനും 35 ശതമാനം വീതം എന്നിങ്ങനെ നീളുന്നു താരിഫ് നിരക്കുകള്‍. ചൈനയ്ക്ക് 30 ശതമാനവും മെക്‌സിക്കോയ്ക്ക് 25 ശതമാനവുമാണ് താരിഫ്. ഏറ്റവും കുറവ് താരിഫുള്ളത്; യുകെ 10 ശതമാനം, തുര്‍ക്കി, ദക്ഷിണ കൊറിയ ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് 15 ശതമാനം വീതമാണ്.