കൊച്ചി ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ ലുലു ഗ്രൂപ്പിന്റെ 500 കോടി രൂപ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്ന് മുഖ്യമന്ത്രി

കൊച്ചി ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ ലുലു ഗ്രൂപ്പിന്റെ 500 കോടി രൂപ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്ന് മുഖ്യമന്ത്രി


കൊച്ചി:  കേരളത്തില്‍ വീണ്ടും വന്‍ നിക്ഷേപം നടത്താന്‍ എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. കൊച്ചി ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ 500 കോടി രൂപയുടെ നിക്ഷേപം ലുലു നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കൊച്ചി സ്മാര്‍ട് സിറ്റിയില്‍ ലുലു ട്വിന്‍ ടവറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഈ നിക്ഷേപത്തിലൂടെ 7,500 ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
'ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.ടി ടവര്‍ തുടങ്ങുന്നത് കേരളത്തെ സംബന്ധിച്ച് അഭിമാനകരമാണ്. ഇന്‍ഫോ പാര്‍ക്കില്‍ 500 കോടി രൂപയുടെ നിക്ഷേപം കൂടി എം.എ യൂസഫലി വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്ന് ഏക്കറില്‍ ഒന്‍പതര ലക്ഷം ചതുരശ്ര അടി ഐ.ടി ടവറാണ് അദ്ദേഹം ഇനി നിര്‍മിക്കാന്‍ പോകുന്നത്. 7,500 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭമാണിത്. ഇന്‍ഫോ പാര്‍ക്കിന്റെയും അതു വഴി കേരളത്തിന്റെ ഐ.ടി മേഖലയുടെയും വളര്‍ച്ചയില്‍ പുതിയ ഐ.ടി ടവര്‍ വലിയ മുതല്‍ക്കൂട്ടാകും. ഈ സംരംഭത്തിന് സര്‍ക്കാര്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐ.ടി ടവറുകളാണ് കൊച്ചി സ്മാര്‍ട് സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഗ്രീന്‍ ബില്‍ഡിങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീസര്‍ട്ടിഫൈഡ് ബില്‍ഡിങ് അംഗീകാരവും ലഭിച്ചിട്ടുണ്ട്. 1,500 കോടി രൂപ മുതല്‍ മുടക്കിലാണ് ഈ മെഗാ പ്രൊജക്ട് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ഇരു ടവറുകളിലുമായി 25 ലക്ഷം ചതുരശ്ര അടിയില്‍ ഓഫീസ് സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നു. ആകെ 12.74 ഏക്കറുകളില്‍ 34 ലക്ഷം ചതുരശ്ര അടിയിലാണ് ടവറുകള്‍ നില കൊള്ളുന്നത്. 30 നിലകള്‍ വീതമുള്ള രണ്ടു ടവറുകള്‍ക്കും 153 മീറ്റര്‍ വീതം ഉയരമുണ്ട്.

ഒരേ സമയം 2,500 ആളുകളെ ഉള്‍ക്കൊള്ളുന്ന ഫുഡ് കോര്‍ട്ട്, ജിംനേഷ്യം 600 പേര്‍ക്ക് വരെ ഇരിക്കാവുന്ന വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, ഇ.വി ചാര്‍ജ്ജിങ് സ്‌റ്റേഷന്‍, 100% പവര്‍ ബാക്കപ്പ്, 4,500 കാറുകള്‍ വരെ ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന റോബോട്ടിക് പാര്‍ക്കിങ് സൗകര്യം, ഓണ്‍സൈറ്റ് ഹെലിപാഡ് തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. പരിസ്ഥിതി സൗഹാര്‍ദ്ദ രീതിയിലാണ് നിര്‍മാണം. 

ലുലു ട്വിന്‍ ടവറുകള്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുന്നതോടെ കൊച്ചിയിലെയും, കേരളത്തിലെയും ആളുകളെ കാത്തിരിക്കുന്നത് 30,000 തൊഴിലവസരങ്ങളാണ്. റസ്റ്ററന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഹോസ്പിറ്റാലിറ്റി, റീടെയില്‍ എന്നിങ്ങനെ അനുബന്ധ മേഖലകളിലും തൊഴിലവസരങ്ങള്‍ വര്‍ധിക്കും. കൊച്ചിയുടെ മൊത്തത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിന് ഗതിവേഗം വര്‍ധിക്കും. ഐ.ടി ഹബ്ബ് എന്ന നിലയില്‍ കൊച്ചിക്കും, അതു വഴി കേരളത്തിനും ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കും.