ഇറാൻ സംഘർഷം: എണ്ണ വിതരണത്തിൽ തൽക്കാലം പ്രതിസന്ധിയുണ്ടാകില്ല; വില ഉയർന്നേക്കും

ഇറാൻ സംഘർഷം: എണ്ണ വിതരണത്തിൽ തൽക്കാലം പ്രതിസന്ധിയുണ്ടാകില്ല; വില ഉയർന്നേക്കും


എണ്ണ ഉൽപാദക രാജ്യമായ ഇറാനെതിരെ ഇസ്രായേൽ നടത്തിയ അപ്രതീക്ഷിത ആക്രമണം ആഗോള സാമ്പത്തിക വളർച്ചയെ ദുർബലപ്പെടുത്തിയേക്കാമെങ്കിലും എണ്ണ വിതരണത്തിൽ തൽക്കാലം പ്രതിസന്ധിയുണ്ടാക്കില്ലെന്ന് വിലയിരുത്തൽ.

പ്രതിദിനം 20 ലക്ഷം ബാരൽ എണ്ണയും ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളുമാണ് ഇറാൻ കയറ്റുമതി ചെയ്യുന്നത്. അമേരിക്കയുടെ ദീർഘകാല ഉപരോധം കാരണം, ഈ എണ്ണയുടെ ഭൂരിഭാഗവും കുറഞ്ഞ വിലക്ക് ചൈനക്ക് നൽകുകയാണ് ചെയ്യുന്നതെന്ന് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിലെ എനർജി സിസ്റ്റംസ് ലെക്ചറർ ആദി ഇംസിറോവിച്ച് വ്യക്തമാക്കി.

സ്വാഭാവികമായും, ഇറാനിയൻ കയറ്റുമതിയിൽ പെട്ടെന്നുണ്ടാകുന്ന കുറവ് (ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം രണ്ടുശതമാനം) പരിഭ്രാന്തി സൃഷ്ടിക്കേണ്ടതാണ്. എന്നാൽ, കോവിഡ് കാലത്തും അതിനുശേഷവും പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് എണ്ണ ഉൽപാദനം വെട്ടിക്കുറച്ചത് പഴയപടിയാക്കാനുള്ള നീക്കത്തിലാണ്.

ഇതുവഴി, ഈ രാജ്യങ്ങളുടെ എണ്ണ ഉൽപാദനത്തിൽ കുറഞ്ഞത് 40 ലക്ഷം ബാരലെങ്കിലും അധികമായി വരും. അതിൽ ഭൂരിഭാഗവും സൗദി അറേബ്യ (35 ലക്ഷം), യു.എ.ഇ (10 ലക്ഷം) എന്നിവയുടെ പക്കലായിരിക്കും.

ഇതിനുപുറമെ, അന്താരാഷ്ട്ര ഊർജ ഏജൻസി (ഐ.ഇ.എ) 120 കോടി ബാരലിലധികം അടിയന്തര കരുതൽ ശേഖരം സൂക്ഷിച്ചിട്ടുണ്ട്. 38 വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഇ.സി.ഡി രാജ്യങ്ങളിലാണ് ഈ ശേഖരമുള്ളത്. ഏത് സമയവും വിപണിയിലിറക്കാൻ പാകത്തിലാണ് ഇവ വിന്യസിച്ചിട്ടുള്ളത്.

ചൈനയുടെ പക്കലും ഗണ്യമായ കരുതൽ ശേഖരമുണ്ട്. കൂടാതെ, വ്യാവസായിക ആവശ്യകത കുറയുന്നതും ഇലക്ട്രിക് വാഹനങ്ങൾ വർധിക്കുന്നതും കാരണം ഏകദേശം നാലുകോടി ബാരൽ ഇറാനിയൻ എണ്ണ ചൈനക്ക് സമീപം നങ്കൂരമിട്ട കപ്പലുകളിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട്.

മേയിൽ ചൈനയുടെ എണ്ണ ശുദ്ധീകരണം മുൻ വർഷത്തെ അപേക്ഷിച്ച് 1.8 ശതമാനം കുറഞ്ഞു. പെട്ടെന്ന് തിരിച്ചുവരവിന്റെ സൂചനകളൊന്നുമില്ല. മാത്രമല്ല, ആഗോള എണ്ണ ഉൽപാദനം പ്രതിദിനം 18 ലക്ഷം ബാരൽ കവിയുമെന്ന് ഐ.ഇ.എ പ്രതീക്ഷിക്കുന്നു.

നേരത്തെ 7.2 ലക്ഷം ബാരൽ പ്രതീക്ഷിച്ച സ്ഥാനത്താണിത്. എണ്ണ വൻതോതിൽ മിച്ചം വരുന്ന സാഹചര്യമായിരിക്കും ഇത് സൃഷ്ടിക്കുക. ഏഷ്യൻ രാജ്യങ്ങൾ പശ്ചിമാഫ്രിക്കയിൽ നിന്ന് എണ്ണ ലഭ്യത ഉറപ്പിക്കാനുള്ള നീക്കവും തകൃതിയാക്കിയിട്ടുണ്ട്. കൂടാതെ യു.എസ് എണ്ണയിലും ഇവർ താൽപര്യം കാണിക്കുന്നുണ്ട്.

സംഘർഷത്തിെന്റ തുടക്കത്തിൽ 10 ഡോളർ വരെ വില ഉയർന്നിരുന്നു. ശേഷം വില കുറയുകയാണ് ചെയ്തത്. സംഘർഷം രൂക്ഷമാകുമോ എന്ന് വിപണി കരുതലോടെ വീക്ഷിക്കുകയാണെന്നുവേണം അനുമാനിക്കാൻ. അങ്ങനെ സംഭവിച്ചാൽ, എണ്ണവിലയിലും പണപ്പെരുപ്പത്തിലും ഉണ്ടാകുന്ന ആഘാതം കൂടുതൽ രൂക്ഷമായിരിക്കും.

ഇറാനും അമേരിക്കയും തമ്മിൽ സമാധാന ചർച്ച നടക്കുന്നതിനിടെ, ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു മുതിർന്നത് എന്തുകൊണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. അമേരിക്കയുടെ പിന്തുണയോടെ പൂർണ തോതിലുള്ള യുദ്ധമുണ്ടായാൽപോലും ഇറാന്റെ ആണവ അഭിലാഷങ്ങളെ ആഴ്ചകളോ മാസങ്ങളോ മാത്രമേ വൈകിപ്പിക്കൂ എന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രി യഹൂദ് ബരാക് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

നയതന്ത്രമാണ് കൂടുതൽ ഫലപ്രദമായ മാർഗമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴിലുണ്ടായ ഇറാൻ ആണവ കരാറിന് പിന്നിലെ യുക്തി ഇതായിരുന്നു. പിന്നീട് നെതന്യാഹുവിന്റെ സമ്മർദത്തെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ കരാറിൽനിന്ന് പിന്മാറി. നെതന്യാഹുവിന്റെ അന്തിമലക്ഷ്യം രാഷ്ട്രീയ അതിജീവനവും ഗാസ വംശഹത്യയിൽ നിന്ന് ശ്രദ്ധ തിരിക്കുകയുമാകാം.

ഒറ്റപ്പെട്ടതായി തോന്നുകയാണെങ്കിൽ, ഹോർമുസ് കടലിടുക്ക് പൂട്ടി തിരിച്ചടിക്കുന്ന നീക്കം ഇറാെന്റ ഭാഗത്തുനിന്നുണ്ടായേക്കാം. പ്രതിദിനം രണ്ടുകോടി ബാരൽ എണ്ണ കടന്നുപോകുന്ന തന്ത്രപരമായ ജലപാതയാണ് ഇത്. ഈ എണ്ണയുടെ നല്ലൊരുഭാഗം ചെങ്കടലിലേക്ക് നയിക്കുന്ന സൗദി കിഴക്ക്പടിഞ്ഞാറൻ പൈപ്പ്ലൈൻ പോലുള്ള ഇതര വിതരണ മാർഗങ്ങളിലൂടെ തിരിച്ചുവിടാവുന്നതാണ്.

ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ഒമാൻ ഉൾക്കടലിലെ ഫുജൈറ തുറമുഖത്തേക്ക് നയിക്കുന്ന യു.എ.ഇ പൈപ്പ്ലൈനും ഉണ്ട്.

അതേസമയം, വർധിച്ചുവരുന്ന അപകടസാധ്യതയും ഉയർന്ന കപ്പൽ ഗതാഗത ചെലവുകളും എണ്ണ വില ഉയർത്താൻ ഇടയാക്കും. സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ ഇൻഷുറൻസ് ചെലവ് 60 ശതമാനം വർധിച്ചു. ഇത്, ആഗോള സമ്പദ്‌വ്യവസ്ഥയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്.

2025ലെ ആഗോള വളർച്ചാ അനുമാനം 2.3 ശതമാനമായി ലോകബാങ്ക് അടുത്തിടെ താഴ്ത്തിയിരുന്നു. മുൻ പ്രതീക്ഷയേക്കാൾ അര ശതമാനം കുറവാണ് ഇത്. 1960കൾക്കുശേഷം ഏറ്റവും മന്ദഗതിയിലുള്ള വളർച്ച ഈ ദശകമായിരിക്കുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.