ഒരിഞ്ച് പിന്നോട്ടില്ല, ഫൈനൽ കാൾ ടു സേവ് ഡെമോക്രസി; എല്ലാവരോടും ജന്തർ മന്തറിലെത്താൻ ആഹ്വാനം ചെയ്ത് സിജെപി

ഒരിഞ്ച് പിന്നോട്ടില്ല, ഫൈനൽ കാൾ ടു സേവ് ഡെമോക്രസി; എല്ലാവരോടും ജന്തർ മന്തറിലെത്താൻ ആഹ്വാനം ചെയ്ത് സിജെപി


ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാൻ സിജെപി. നാളെ രാവിലെ 10 മണിക്ക് എല്ലാവരോടും ജന്തർ മന്ദറിലേക്ക് എത്താനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. ഫൈനൽ കാൾ ടു സേവ് ഡെമോക്രസി എന്ന വാക്കുകളോടെയാണ് സിജെപി ആഹ്വാനം. 

അതേസമയം, സിജെപി സമരത്തെ നേരിടാൻ ശക്തമായ നടപടികളോടെ ഡൽഹി പൊലീസും രം​ഗത്തെത്തി. ജന്തർ മന്തർ മേഖലയിലെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. സമരം നേരിടാൻ മെട്രോ സർവീസും ഡൽഹിയിലേക്കുള്ള ട്രെയിനുകളും പൂർണ്ണമായും റദ്ദാക്കാനുള്ള പൊലീസ് നീക്കം സുപ്രീം കോടതി തടഞ്ഞെങ്കിലും കടുത്ത നടപടികളുമായി മുന്നോട്ടുപോകാനാണ് ഡൽഹി പോലീസിന്റെ നീക്കം. സാഹചര്യമനുസരിച്ച് ജനങ്ങളെ വലയ്ക്കാതെ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചു. ഈച്ചയെ കൊല്ലാൻ ചുറ്റിക ആവശ്യമില്ലെന്ന് നീരീക്ഷിച്ച കോടതി അനുമതി വാങ്ങാതെയുള്ള പ്രതിഷേധം നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. നിയന്ത്രണങ്ങൾക്കെതിരെ എംഎ ബേബി അടക്കമുള്ളവർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. പ്രതിഷേധം കൈവിട്ടു പോകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

എന്നാൽ എല്ലാം അടച്ചിട്ട് ജനങ്ങളുടെ അവകാശം ഹനിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ പൂർണ്ണമായും തടയുന്നതിന് പകരം മെട്രോ, ട്രെയിൻ സർവ്വീസുകൾ നിയന്ത്രണത്തോടെ നടത്തണം. എല്ലാ റോഡുകളും ബാരിക്കേഡുകൾ വച്ച് അടയ്ക്കരുതെന്നും കോടതി നിർദ്ദേശിച്ചു. സംഘാടകരായ കോക്ക്റോച്ച് ജനത പാർട്ടി ഹർജി നൽകാത്തതിനാൽ അനുമതിയെക്കുറിച്ച് ഇപ്പോൾ വാദം കേൾക്കാനാകില്ല. അനുമതി ഇല്ലെങ്കിൽ നിയമവിരുദ്ധമാകും എന്ന് ബഞ്ചിലെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ച്ചി പരാമർശിച്ചു. ജന്തർമന്തർ ഉചിതമായ സ്ഥലമല്ലെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് വിശാലമായൊരു സ്ഥലം പ്രതിഷേധത്തിന് കണ്ടെത്തി കൂടെ എന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു.

70 കമ്പനി കേന്ദ്രസേന അടക്കം 23,000 ഉദ്യോ​ഗസ്ഥരെ കൂടി സുരക്ഷയ്ക്ക് വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണ്. നാളത്തെ സമരത്തിനെത്തുന്നവരെ പല സംസ്ഥാനങ്ങളിലും കസ്റ്റഡിയിൽ എടുക്കുകയാണെന്ന് സിജെപിയും ഇടതു സംഘടനകളും കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിൽ നിന്ന് 40 കമ്പനിയും ഛത്തീസ്ഗഢിൽ നിന്ന് 30 കമ്പനിയും അധിക സേനയാണ് സുരക്ഷയ്ക്കായി എത്തിയിട്ടുള്ളത്. സെൻട്രൽ ഡൽഹിയിലേത് ഉൾപ്പെടെ 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കാനാണ് മെട്രോ റെയിൽ കോർപ്പറേഷന് ശുപാർശ നല്‍കിയിരുന്നത്. പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 2 മണിവരെ പത്ത് മണിക്കൂർ ഡൽഹിയിലേക്ക് എത്തുന്ന ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹസ്രത്ത് നിസാമുദ്ദീൻ, ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനുകളിലേക്ക് ഈ സമയം വരുന്ന ട്രെയിനുകൾക്ക് ആണ് നിയന്ത്രണം. ഡൽഹിയിലേക്ക് എത്തുന്ന ലോക്കൽ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 

അതിനിടെ, സിജെപി പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന ആഹ്വാനവുമായി ഡൽഹി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ പൊലീസിന്റെ ക്യാമ്പയിൻ നടക്കുകയാണ്. യുവജന സംഘടനകളോട് അടക്കമാണ് അഭ്യർത്ഥന. മസ്ജിദുകളിൽ അടക്കം എത്തി പൊലീസ് സന്ദേശം വായിച്ചു. ഉത്തരവുകൾ ലംഘിച്ചാൽ കർശനനടപടിയെന്നാണ് പൊലീസ് മുന്നറിയിപ്പ്.

ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാൽ സ്റ്റേഡിയം തടങ്കൽ കേന്ദ്രങ്ങളാക്കി. ഡൽഹിയിൽ സിജെപി നോർത്ത് കോർഡിനേറ്റർ മോഹൻ യാദവിനെ കസ്റ്റഡിയിലെടുത്തായി സിജെപി പറഞ്ഞു. യുപിയിലും ഹരിയാനയിലും എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പൂനെയിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ട് എഐഎസ്എഫ് പ്രവർത്തകരെ മധ്യപ്രദേശിയിൽ കസ്റ്റഡിയിലെടുത്തു. ഇന്നലെ സിപിഎം ആസ്ഥാനമായ സുർജിത്ത് ഭവനിൽ നീരീക്ഷണത്തിന് പൊലീസ് എത്തിയത് വിവാദമായിരുന്നു. അയൽ രാജ്യങ്ങളിലേതിന് സമാനമായ അക്രമത്തിന് പദ്ധതിയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. ഈ ആഴ്ച മണിപ്പൂർ സന്ദർശനം അടക്കം നിശ്ചയിച്ചിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടികളെല്ലാം റദ്ദാക്കി ഡൽഹിയിൽ തുടരുകയാണ്. 

ഡൽഹിയിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് സിജെപി നേതാവ് അഭിജിത് ദീപ്‌കെ രം​ഗത്തെത്തി. 'യുവാക്കളെ ഭയമാണെങ്കില്‍ രാജ്യം മുഴുവന്‍ അടച്ചിടൂ' എന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഡല്‍ഹി നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ തറവാട് സ്വത്തോ പിതൃസ്വത്തോ ആണോ? ഒരുവശത്ത് പ്രതിഷേധം കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് പറയുന്നു. മറുവശത്ത് മെട്രോയും റെയില്‍വേയും റോഡുകളുമെല്ലാം സര്‍ക്കാര്‍ അടച്ചിടുകയും തടയുകയും ചെയ്യുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലേ?' ദീപ്‌കെ ചോദിച്ചു.