സിജെപി സമരം നേരിടാൻ കോട്ട കെട്ടി ഡൽഹി പൊലീസ്; 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി

സിജെപി സമരം നേരിടാൻ കോട്ട കെട്ടി ഡൽഹി പൊലീസ്; 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി


ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ സിജെപി സമരം നേരിടാൻ കോട്ട കെട്ടി ഡൽഹി പൊലീസ്. 70 കമ്പനി കേന്ദ്രസേനയെ കൂടി ദില്ലിക്ക് നിയോഗിച്ചു. 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കാൻ പൊലീസ് ശുപാർശ നൽകി. ഡൽഹിയിലേക്ക് എത്തുന്ന ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. സമരത്തിന് എത്തുന്നവരെ അനധികൃതമായി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയാണെന്ന് സിജെപിയും ഇടത് പാർട്ടികളും പരാതിപ്പെട്ടു. ഡൽഹിയിലെ നിയന്ത്രണങ്ങൾ നിയമവിരുദ്ധമെന്ന് സിജെപി വിമര്‍ശിച്ചു. അതേസമയം, ഡൽഹിയിലെ നിയന്ത്രണങ്ങൾക്കെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കുകയാണ്. നിയന്ത്രണങ്ങള്‍ താൽകാലികമെന്നാണ് കേന്ദ്രം കോടതിയില്‍ അറിയിച്ചത്. സ്ഥിതി പരിശോധിച്ച് നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. റോഡുകളിൽ എല്ലാം ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് ശരിയല്ലെന്നും ആവശ്യമുള്ള സ്ഥലത്ത് മാത്രം നിയന്ത്രണം കൊണ്ടുവരികയാണ് ചെയ്യേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

സിജെപിയുടെ ജന്തർമന്തർ മാർച്ച് കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഡൽഹി നഗരം. പശ്ചിമ ബംഗാളിൽ നിന്ന് 40 കമ്പനിയും ഛത്തീസ്ഗഢിൽ നിന്ന് 30 കമ്പനിയും അധിക സേനയാണ് സുരക്ഷയ്ക്കായി എത്തിയിട്ടുള്ളത്. മെട്രോ റെയിൽ സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സെൻട്രൽ ഡൽഹിയിലെ ഉൾപ്പെടെ 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കാൻ മെട്രോ റെയിൽ കോർപ്പറേഷന് ശുപാർശ നല്‍കി. സമരം കണക്കിലെടുത്ത് നാളെ പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 2 മണിവരെ പത്ത് മണിക്കൂർ ഡൽഹിയിൽ എത്തുന്ന ട്രെയിനുകൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹസ്രത്ത് നിസാമുദ്ദീൻ, ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനുകളിലേക്ക് ഈ സമയം വരുന്ന ട്രെയിനുകൾക്ക് ആണ് നിയന്ത്രണം. ലോക്കൽ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അതിനിടെ, സിജെപി പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന ആഹ്വാനവുമായി ഡൽഹി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ പൊലീസിന്റെ ക്യാമ്പയിൻ നടക്കുകയാണ്. യുവജന സംഘടനകളോട് അടക്കമാണ് അഭ്യർത്ഥന. മസ്ജിദുകളിൽ അടക്കം എത്തി പൊലീസ് സന്ദേശം വായിച്ചു. ഉത്തരവുകൾ ലംഘിച്ചാൽ കർശനനടപടിയെന്നാണ് പൊലീസ് മുന്നറിയിപ്പ്.

ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാൽ സ്റ്റേഡിയം തടങ്കൽ കേന്ദ്രങ്ങളാക്കി. ഡൽഹിയിൽ സിജെപി നോർത്ത് കോർഡിനേറ്റർ മോഹൻ യാദവിനെ കസ്റ്റഡിയിലെടുത്തായി സിജെപി പറഞ്ഞു. യുപിയിലും ഹരിയാനയിലും എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പൂനെയിൽ നിന്ന് ഡൽഹിക്ക് പുറപ്പെട്ട് എഐഎസ്എഫ് പ്രവർത്തകരെ മധ്യപ്രദേശിയിൽ കസ്റ്റഡിയിലെടുത്തു. ഇന്നലെ സിപിഎം ആസ്ഥാനമായ സുർജിത്ത് ഭവനിൽ നീരീക്ഷണത്തിന് പൊലീസ് എത്തിയത് വിവാദമായിരുന്നു. അയൽ രാജ്യങ്ങളിലേതിന് സമാനമായ അക്രമത്തിന് പദ്ധതിയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. ഈ ആഴ്ച മണിപ്പൂർ സന്ദർശനം അടക്കം നിശ്ചയിച്ചിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാം റദ്ദാക്കി ദില്ലിയിൽ തങ്ങുകയാണ്.

പാറ്റയോ ഈച്ചയോ?? 'ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട'; സിജെപി പ്രതിഷേധം തടയാന്‍ ഗതാഗതം പൂര്‍ണമായി സ്‌തംഭിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാർട്ടിയും പ്രതിപക്ഷ പാർട്ടികളും ഒക്ടോബർ 10-ന് പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിടാനുള്ള ഡൽഹി പൊലീസിന്റെ നിർദേശത്തിനെതിരെ സുപ്രീം കോടതി. തലസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി നിർത്തിവെക്കുന്നത് പൊതുജനങ്ങളുടെ മൗലികാവകാശങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കിയ കോടതി, സർവീസുകൾ പൂർണ്ണമായി നിരോധിക്കുന്നതിന് പകരം നിയന്ത്രിതമായി സർവീസ് അടക്കമുള്ളവയുടെ സാധ്യത പരിശോധിക്കാൻ ഉത്തരവിട്ടു. 'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?' എന്നും കോടതി ചോദിച്ചു.

യാത്രക്കാരുടെ ആശങ്കകൾ പ്രകടിപ്പിച്ച കോടതി, നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ യാത്ര ചെയ്യുന്നതിനാൽ എല്ലാം അടച്ചിടാൻ കഴിയില്ലെന്നും മെട്രോയ്ക്കും ട്രെയിനുകൾക്കുമുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. " പ്രായമായവരടക്കം നിരവധി ആളുകളാണ് ഈ യാത്രമാർഗ്ഗങ്ങളെ എല്ലാ ദിവസവും ആശ്രയിക്കുന്നത്. യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾക്കുള്ള അവകാശമുണ്ട്," അടച്ചിട്ട മെട്രോ സ്‌റ്റേഷനുകളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതി കേന്ദ്രത്തിൻ്റെ അഭിഭാഷകനോട് പറഞ്ഞു. "നിയന്ത്രണവും പൂർണ്ണമായ അടച്ചുപൂട്ടലും തമ്മിൽ വ്യത്യാസമുണ്ട്," കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഡൽഹിയിലെ കടുത്ത നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ചത്. ക്രമസമാധാന പാലനം സർക്കാരിന്റെ ചുമതലയാണെന്നും എന്നാൽ സർക്കാർ സ്വത്തുക്കൾക്ക് മാത്രമല്ല, മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളും പ്രായമായവരുമടക്കമുള്ള സാധാരണ പൗരന്മാർക്കും സുരക്ഷ ഉറപ്പാക്കാൻ അധികാരികൾക്ക് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിൽ തെറ്റില്ല, എന്നാൽ ജനജീവിതം സ്തംഭിപ്പിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. ഒത്തുചേരാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതിനും ട്രെയിനുകൾ റദ്ദാക്കുന്നതിനുമെതിരെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. "എല്ലാ ട്രെയിനുകളും റദ്ദാക്കിയിരിക്കുന്നു, മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുന്നു. നിങ്ങൾക്ക് എവിടേക്കും നീങ്ങാൻ കഴിയില്ല. എന്‍റെ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്? ഇത് സമാധാനപരമായ പ്രതിഷേധമാണ്," ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ കോടതിയെ അറിയിച്ചു.

സെൻട്രൽ ഡൽഹിയിലേക്കുള്ള മെട്രോ സ്റ്റേഷനുകളും ട്രെയിൻ സർവീസുകളും തടഞ്ഞുകൊണ്ടുള്ള പൊലീസ് ഉത്തരവുകൾ പൂർണ്ണമായ യാത്രാനിരോധനത്തിന് ഇടയാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിരോധനവും നിയന്ത്രണവും തമ്മിൽ വ്യത്യാസമുണ്ടെന്നും, ഡൽഹിയിലെ ജനങ്ങൾക്ക് യാത്രാദുരിതം ഉണ്ടാക്കാത്ത വിധത്തിൽ ആനുപാതികമായ രീതിയിൽ മെട്രോ സർവീസുകൾ നിയന്ത്രിച്ചു നടത്താൻ സർക്കാർ തയ്യാറാകണമെന്നും കോടതി നിർദ്ദേശിച്ചു. സർവീസുകൾ പൂർണ്ണമായി റദ്ദാക്കില്ലെന്നും നിയന്ത്രിതമായി സർവീസുകൾ അനുവദിക്കാമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കുകയും ചെയ്തു.

മെട്രോ യാത്രാ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ പത്രങ്ങളിലും വെബ്‌സൈറ്റുകളിലും മുൻകൂട്ടി പരസ്യപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതുവഴി നഗരത്തിനുള്ളിൽ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് ഉറപ്പുവരുത്തണമെന്നും കോടതി അധികൃതർക്ക് കർശന നിർദ്ദേശം നൽകി.