ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽ

ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽ


സ്റ്റോക്ക് ഹോം: 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രമുഖ നിയമജ്ഞയും മനുഷ്യാവകാശ പോരാളിയുമായ ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക്. അന്താരാഷ്ട്ര നിയമവാഴ്ച ശക്തിപ്പെടുത്തുന്നതിനും ലോകസമാധാനം ഉറപ്പുവരുത്തുന്നതിനും നവി പിള്ള നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി ഈ അഭിമാനകരമായ പുരസ്കാരം പ്രഖ്യാപിച്ചത്. യുദ്ധക്കുറ്റങ്ങൾ, വംശഹത്യകൾ, മനുഷ്യകുലത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും അവർ നടത്തിയ നിരന്തരമായ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. യുഎൻ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണറായിരുന്നു. പലസ്തീനിലെ യുഎൻ സ്വതന്ത്ര കമ്മീഷൻ അധ്യക്ഷയാണ്.

ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ഇന്ത്യൻ തമിഴ് വേരുകളുള്ള കുടുംബത്തിലാണ് നവി പിള്ള ജനിച്ചത്. വംശീയ വേർതിരിവുകളും വിവേചനങ്ങളും നിലനിന്നിരുന്ന അപാർതീഡ് (വംശീയ തരംതിരിവ്) കാലഘട്ടത്തിൽ കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് അവർ അഭിഭാഷകയായി രംഗത്തെത്തിയത്. നെൽസൺ മണ്ടേല ഉൾപ്പെടെ വംശീയ തരംതിരിവിനെതിരേ പോരാടിയ പ്രമുഖ നേതാക്കൾക്ക് വേണ്ടി ആദ്യകാലത്ത് നിയമപോരാട്ടം നടത്തിയത് നവി പിള്ളയായിരുന്നു. ദക്ഷിണാഫ്രിക്കൻ വംശജയായ ഇന്ത്യൻ തമിഴ് വംശജയായ പിള്ള, ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരല്ലാത്ത വനിതാ ജഡ്ജിയായിരുന്നു .

പിന്നീട് സൗത്ത് ആഫ്രിക്കൻ ഹൈക്കോടതി ജഡ്ജി, റുവാണ്ടയ്ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ ജഡ്ജി, അന്താരാഷ്ട്ര ക്രിമിനൽ കോടതി ജഡ്ജി എന്നീ നിലകളിൽ അവർ സേവനമനുഷ്ഠിച്ചു. കൂടാതെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷണറായും പ്രവർത്തിച്ച അവർ, അടുത്തിടെ വരെ അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളെക്കുറിച്ചുള്ള യുഎൻ സ്വതന്ത്ര കമ്മീഷൻ ഓഫ് എൻക്വയറിയുടെ അധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നു. നിലവിൽ മ്യാൻമറിനെതിരെയുള്ള വംശഹത്യാ കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര നീതിപീഠത്തിലെ ജഡ്ജിയാണ് അവർ.

അന്താരാഷ്ട്ര നിയമത്തിന്‍റെ വ്യാപ്തിയും സ്വാധീനവും വിപുലീകരിക്കുന്നതിൽ നവി പിള്ളയുടെ പങ്കു നിർണായകമാണ്. റുവാണ്ടൻ ട്രൈബ്യൂണലിൽ പ്രവർത്തിക്കവെ ലൈംഗികാതിക്രമങ്ങളെയും ബലാത്സംഗങ്ങളെയും മാനവികതയ്‌ക്കെതിരായ കുറ്റകൃത്യമായും വംശഹത്യയുടെ ഭാഗമായും കണക്കാക്കാമെന്ന ചരിത്രപരമായ വിധി പ്രസ്താവിക്കുന്നതിൽ അവരുടെ നിർണായകമായ ഇടപെടലുണ്ടായി. കേവലം പ്രചാരണങ്ങളിലൂടെയും വെറുപ്പിന്‍റെ പ്രസംഗങ്ങളിലൂടെയും വംശഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ഒരാളെ വിചാരണ ചെയ്തതും ഇവരുടെ ഇടപെടലിലൂടെയുള്ള നിയമപരമായ വഴിത്തിരിവായിരുന്നു.

125 വർഷങ്ങൾക്ക് മുൻപ് ആദ്യമായി സമാധാന നൊബേൽ സമ്മാനിച്ചപ്പോൾ തന്നെ, അന്താരാഷ്ട്ര നിയമങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം നോർവീജിയൻ നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷവും ശീതയുദ്ധത്തിന്റെ അവസാനത്തോടെയും അന്താരാഷ്ട്ര നിയമ സംവിധാനങ്ങൾ കൂടുതൽ ശക്തമായെങ്കിലും, ലോകത്ത് യുദ്ധങ്ങളും സംഘർഷങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ തത്വങ്ങൾക്ക് വലിയ ഭീഷണി നേരിടുന്നുണ്ട്. ആഗോളതലത്തിൽ അധികാര രാഷ്ട്രീയത്തിന് മുൻഗണന ലഭിക്കുകയും അന്താരാഷ്ട്ര നീതിന്യായ സ്ഥാപനങ്ങളും ജഡ്ജിമാരും ആക്രമിക്കപ്പെടുകയും ഉപരോധിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ നവി പിള്ളയെപ്പോലുള്ളവരുടെ പങ്ക് ഏറെ പ്രസക്തമാകുന്നു.

നീതിയിൽ അധിഷ്ഠിതമായി മാത്രമേ ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കാൻ സാധിക്കൂ എന്നും, ആഗോള നിയമസംവിധാനങ്ങളെ സംരക്ഷിക്കേണ്ടത് ഇന്നത്തെ ലോകത്ത് അത്യന്താപേക്ഷിതമാണെന്നും ഈ പുരസ്കാരത്തിലൂടെ നൊബേൽ കമ്മിറ്റി ഓർമ്മിപ്പിക്കുന്നു. ആൽഫ്രഡ് നൊബേലിന്‍റെ വിൽപത്രത്തിലെ സങ്കൽപ്പങ്ങളോട് പൂർണ്ണമായും നീതി പുലർത്തുന്നതാണ് അന്താരാഷ്ട്ര സഹോദര്യവും നിയമവാഴ്ചയും ഉറപ്പാക്കാൻ ജീവാനന്തരം പോരാടിയ നവി പിള്ളയുടെ ഈ പുരസ്കാര ലബ്ധി.