ന്യൂഡല്‍ഹി: വോട്ട് ചോർച്ചയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍. രാത്രി എട്ടിനായിരുന്നു കൂടിക്കാഴ്ച. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനത്തെക്കുറിച്ച് നേതാക്കള്‍ മെമ്മോറാണ്ടം സമർപ്പിച്ചു. രാജ്യത്തെ ജനാധിപത്യം തകര്‍ക്കരുതെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. വോട്ട് ചോരിയെ പറ്റി പറഞ്ഞപ്പോള്‍ അത് നിഷേധിക്കാന്‍ രാഷ്ട്രപതി തയാറായില്ലെന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വോട്ട് ചോരി സംബന്ധിച്ച തെളിവുകള്‍ സമര്‍പ്പിക്കാനും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും പറഞ്ഞ രാഷ്ട്രപതിയോട് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു.
വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണെന്ന് രാജ്യത്തെ മുഴുവൻ ആളുകൾക്കും അറിയാമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇതിന്റെ മുഖ്യ ആസൂത്രകൻ നരേന്ദ്ര മോദിയാണ്. അമിത് ഷായും ഗ്യാനേഷ് കുമാറും അത് നടപ്പാക്കുന്നവരാണ്. ഇന്ന് രാഷ്ട്രപതിയും ഈ വസ്തുത നിഷേധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വസനീയമെന്ന് തോന്നുന്ന ഒരു കൂടിക്കാഴ്ചയ്ക്കാണ് താൻ സാക്ഷിയായത്. ഞങ്ങൾ ഇന്ത്യൻ രാഷ്ട്രപതിക്ക് ഒരു നിവേദനം സമർപ്പിച്ചു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവർ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആ നിവേദനത്തിൽ ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രപതി ഒരുതരത്തിലും നിഷേധിച്ചില്ല. അവയെ ചോദ്യം ചെയ്യുകയോ വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഞങ്ങളുടെ വാദം അവർ അംഗീകരിക്കുകയും തുടർന്ന് 'വോട്ട് മോഷണത്തിന്റെ' തെളിവുകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, രാഹുൽ പറഞ്ഞു.
‘വോട്ട് ചോരിയുമായി ബന്ധപ്പെട്ട് നാല് ദിവസം മുമ്പ് പ്രതിപക്ഷം ആരംഭിച്ച പ്രക്ഷോഭത്തെക്കുറിച്ച് രാഷ്ട്രപതിയെ നേരിട്ട് ധരിപ്പിക്കാനാണ് ഞങ്ങൾ പോയത്. ഞങ്ങളുടെ വാദങ്ങൾ പൂർണമായി അവതരിപ്പിച്ചു. വോട്ട് ചോരിയും ഗ്യാനേഷ് കുമാർ വരുത്തിയ ഗുരുതരമായ പിഴവും ചൂണ്ടിക്കാട്ടി. വോട്ടിങ് യന്ത്രങ്ങൾ മാറ്റിവെച്ച് ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു- മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഡി.കെ. ശിവകുമാർ (കർണാടക), സുഖ്‌വീന്ദർ സിംഗ് സുഖു (ഹിമാചൽ പ്രദേശ്), മറ്റ് ഇന്ത്യൻ ബ്ലോക്ക് നേതാക്കളായ മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), സുപ്രിയ സുലെ (എൻ.സി.പി-എസ്.പി), ഇ ടി മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എം.എ. ബേബി (സി.പി.എം), ഡി. രാജ (സി.പി.ഐ), സമാജ്‌വാദി പാർട്ടിയുടെ രാജീവ് റായ്, മൊഹിബുള്ള നദ്‌വി, സ്വതന്ത്ര എംപിമാരായ കപിൽ സിബൽ, പപ്പു യാദവ് തുടങ്ങിയവർ ന്യൂഡൽഹിയിലെ സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ യോഗം ചേർന്നിരുന്നു.
രാഷ്ട്രപതിയെ സന്ദർശിച്ച് ഇന്ത്യ സഖ്യം; വോട്ട് ചോരി നിഷേധിച്ചില്ല, തെളിവുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചെന്ന് രാഹുല്‍
