ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് അസോസിയേറ്റ് പ്രൊഫസറും, കോൺഗ്രസ് എംപിയുമായ അങ്ഗോംച ബിമോൽ അകോയിജാമിനെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നും പിരിച്ചു വിട്ടു. സർവകലാശാലയുടെ ആഭ്യന്തര സമിതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പുറത്താക്കൽ നടപടി ഉടൻ പ്രാബല്യത്തിൽ വന്നതായി ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റ് ഉത്തരവിൽ വ്യക്തമാക്കി.
അങ്ഗോംച ബിമോൽ അകോയിജാമിനെതിരെ 11 വിദ്യാർത്ഥിനികളാണ് ലൈംഗിക പീഡന പരാതി നൽകിയത്. ഡോ. അകോയിജത്തിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ ലൈംഗിക പീഡന പരാതിയിൽ ജെഎൻയു ഇന്റേണൽ കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ ആരോപണങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്നാണ് സർവകലാശാല അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ നടപടി ആവശ്യപ്പെട്ട് എബിവിപിയാണ് ആദ്യം രംഗത്തെത്തിയത്. നാലു മാസം മുൻപ് കോളജിലെ ആഭ്യന്തര സമിതിക്ക് പരാതി സമർപ്പിച്ചെങ്കിലും നടപടി വൈകുന്നതിൽ എബിവിപി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചും ലഭ്യമായ എല്ലാ വസ്തുതകളും പരിശോധിച്ചാണ് അങ്ഗോംചയെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് വൈസ് ചാൻസലർ ഉത്തരവിൽ പറയുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നാണ് ബിമോൽ അകോയിജാം പറയുന്നത്.
മണിപ്പൂരിൽ നിന്നുള്ള പ്രമുഖ അധ്യാപകനും സിനിമ സംവിധായകനുമായ അങ്ഗോംച ബിമോൾ അകോയിജം, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ നിന്ന് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജെഎൻയുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. മണിപ്പൂരിലെ വംശീയ കലാപങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളെയും ദേശീയ മാധ്യമങ്ങളുടെ നിലപാടുകളെയും ശക്തമായി വിമർശിച്ചുകൊണ്ട് പൊതുരംഗത്ത് സജീവമായ വ്യക്തിയാണ് അദ്ദേഹം.
ലൈംഗിക പീഡന പരാതി; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി
