ഇന്ത്യയിലെത്തിയ യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് അജിത് ഡോവലുമായി ചര്‍ച്ചനടത്തി

ഇന്ത്യയിലെത്തിയ യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍  തുള്‍സി ഗബ്ബാര്‍ഡ് അജിത് ഡോവലുമായി ചര്‍ച്ചനടത്തി


ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍  തുള്‍സി ഗബ്ബാര്‍ഡുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഞായറാഴ്ച ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഡോവലിന്റെ അധ്യക്ഷതയില്‍  തീവ്രവാദം, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ എന്നിവയുള്‍പ്പെടെ വിവിധ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള ഇന്റലിജന്‍സ് രംഗത്തെ ഉന്നതരുടെ ഒരു കോണ്‍ക്ലേവിലായിരുന്നു ചര്‍ച്ചകള്‍.

ഇന്ത്യയുഎസ് ആഗോള തന്ത്രപരമായ പങ്കാളിത്തവുമായി സമന്വയിപ്പിച്ച് രഹസ്യാന്വേഷണ പങ്കിടല്‍ ശക്തിപ്പെടുത്തുന്നതിനും സുരക്ഷാ മേഖലയില്‍ അടുത്ത് പ്രവര്‍ത്തിക്കുന്നതിനുമുള്ള വഴികളാണ് അജിത് ഡോവലും ഗബ്ബാര്‍ഡും അവരുടെ നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് അറിയുന്നു.

ഡോണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുടെ ഇന്ത്യയിലെ ആദ്യ ഉന്നതതല സന്ദര്‍ശനമാണിത്. രണ്ടര ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യാ സന്ദര്‍ശനത്തിനായി ഞായറാഴ്ച പുലര്‍ച്ചെയാണ് തുള്‍സി ഗബ്ബാര്‍ഡ് ദേശീയ തലസ്ഥാനത്ത് എത്തിയത്.

വിദേശകാര്യമന്ത്രാലയവും ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായാണ് മാര്‍ച്ച് 17 മുതല്‍ 19 വരെ ന്യൂഡല്‍ഹിയില്‍ റെയ്‌സിന ഡയലോഗ് സംഘടിപ്പിച്ചിട്ടുള്ളത്. പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും രഹസ്യാന്വേഷണ പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും തുള്‍സി ഗബ്ബാര്‍ഡ് കൂടിക്കാഴ്ച നടത്തിയേക്കും. കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശന വേളയില്‍ മോഡി തുള്‍സിയെ കണ്ടിരുന്നു. അടുത്ത മാസം വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.