ന്യൂഡല്‍ഹി: മോശം സേവനങ്ങള്‍ക്കെതിരെ പരാതികള്‍ തുടരുന്നതിനിടയില്‍, യാത്രക്കാര്‍ക്ക് ചെക്ക്-ഇന്‍ തിരക്കിന്റെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനായി എയര്‍ ഇന്ത്യ സെപ്റ്റംബര്‍ 30 ന് ഒരു പുതിയ സവിശേഷത പ്രഖ്യാപിച്ചു. വിമാനങ്ങള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ ചെക്ക്-ഇന്‍ പ്രക്രിയ പൂര്‍ത്തിയാക്കാനും സമയവും ബുദ്ധിമുട്ടും ലാഭിക്കാനും കഴിയുമെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ അറിയിച്ചു.
യാത്രക്കാര്‍ക്ക് ഇപ്പോള്‍ ന്യൂഡല്‍ഹി, ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷനുകളില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ക്കായി ചെക്ക്-ഇന്‍ ചെയ്യാന്‍ കഴിയും. രാവിലെ 0700 മണി മുതല്‍ രാത്രി 9 മണിവരെ സര്‍വീസ് പ്രവര്‍ത്തിക്കുമെന്ന് എക്‌സ്-ലെ ഒരു പോസ്റ്റില്‍ എയര്‍ ഇന്ത്യ അറിയിച്ചു..
വിമാനത്താവളത്തില്‍ തന്റെ അധിക ബാഗേജ് അടയ്ക്കുന്നതില്‍ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍-അമേരിക്കന്‍ സംഗീത സംവിധായകന്‍ റിക്കി കെജ് ഉള്‍പ്പെടെയുള്ള യാത്രക്കാരില്‍ നിന്നുള്ള നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് എയര്‍ലൈനിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം.
ഒരു വര്‍ഷത്തില്‍ അഞ്ചാം തവണയാണ് താന്‍ എയര്‍ലൈനില്‍ ഒരു പ്രശ്‌നം നേരിടുന്നതെന്ന് മൂന്ന് തവണ ഗ്രാമി ജേതാവായ കെജ് എക്‌സ്-ലെ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു.
'ഇത്രയൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഞാന്‍ വീണ്ടും ഈ വിമാനത്തില്‍ യാത്രചെയ്യുന്നതെന്ന് ചോദിച്ച് കുറച്ച് ആളുകള്‍ എന്നെ ട്രോള്‍ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്... പക്ഷേ അവര്‍ മെച്ചപ്പെടുന്നതുവരെ ഞാന്‍ അവര്‍ക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുകയും തെറ്റുകള്‍ക്ക് അവരെ വിമര്‍ശിക്കുകയും ചെയ്യുമെന്ന് അദ്ദേഹം സെപ്റ്റംബര്‍ 29 ന് എക്‌സില്‍ എഴുതി.
'ഉപഭോക്താവിന് ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു' എന്നും 'ഫീഡ്ബാക്ക് ഗൗരവമായി എടുക്കുന്നു' എന്നും എയര്‍ ഇന്ത്യ പ്രതികരിച്ചു.
ഈ മാസം ആദ്യം, ഇന്ത്യന്‍-അമേരിക്കന്‍ യാത്രക്കാരനായ കാപാറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് സിഇഒ അനിപ് പട്ടേല്‍ ന്യൂഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്കുള്ള നോണ്‍ സ്‌റ്റോപ്പ് വിമാനത്തില്‍ എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസ് സേവനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിരുന്നു. തന്റെ അനുഭവത്തെ ഒരു 'പേടിസ്വപ്‌നം' എന്ന് വിശേഷിപ്പിച്ച പട്ടേല്‍, താന്‍ നേരിട്ട ഏറ്റവും മോശം ഫസ്റ്റ് ക്ലാസ് ക്യാബിന് 6,300 ഡോളര്‍ നല്‍കേണ്ടിവന്നതായി വെളിപ്പെടുത്തി.
എയര്‍ ഇന്ത്യ പിന്നീട് പട്ടേലിന് മുഴുവന്‍ തുകയും തിരികെ നല്‍കി.
വിമാനങ്ങളുടെ മോശം അവസ്ഥയ്ക്ക്, പ്രത്യേകിച്ച് ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ ഉയര്‍ന്ന വില നല്‍കുന്ന നീണ്ട അന്താരാഷ്ട്ര റൂട്ടുകളില്‍, നിരവധി യാത്രക്കാര്‍ ടാറ്റ ഗ്രൂപ്പ് എയര്‍ലൈനിനെ വിമര്‍ശിച്ചിട്ടുണ്ട്. തകര്‍ന്ന സീറ്റുകള്‍, പ്രവര്‍ത്തനരഹിതമായ വിനോദ സംവിധാനങ്ങള്‍, പരിമിതമായ ഭക്ഷണ ഓപ്ഷനുകള്‍ എന്നിവയെക്കുറിച്ചുള്ള പരാതികള്‍ യാത്രക്കാര്‍ എടുത്തുകാണിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 17 ന് ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ ഒരു യാത്രക്കാരന്‍ തന്റെ പ്രഭാതഭക്ഷണത്തില്‍ ഒരു പാറ്റയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. തന്റെ 2 വയസ്സുള്ള കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന സുയേഷ സാവന്തിനു വിളമ്പിയ ഓംലെറ്റിലെ പ്രാണിയെ കാണിക്കുന്ന ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഭക്ഷണം കഴിച്ചതിന്റെ ഫലമായി തന്റെ കുട്ടിക്ക് ഭക്ഷ്യവിഷബാധയുണ്ടായതായും അവര്‍ പിന്നീട് പറഞ്ഞു. 'എയര്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കിടയിലും ഞങ്ങള്‍ എല്ലായ്‌പ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നു, പക്ഷേ ഇത് വളരെകൂടുതായിരിക്കുന്നു. ഇപ്പോള്‍, തങ്ങളുടെ മടക്കയാത്രയെക്കുറിച്ച് ഭയപ്പെടുന്നുവെന്നും അവര്‍ എഴുതി.
ജനുവരിയില്‍ മറ്റൊരു എയര്‍ ഇന്ത്യ യാത്രക്കാരന്‍ തന്റെ ഭക്ഷണത്തില്‍ ഒരു ലോഹ കഷണം കണ്ടെത്തിയിരുന്നു.
പരാതി പ്രവാഹത്തിനിടയില്‍ യാത്രക്കാര്‍ക്ക് ചെക്ക്-ഇന്‍ ബുദ്ധിമുട്ട് ലഘൂകരിക്കാന്‍ എയര്‍ ഇന്ത്യ പുതിയ ക്രമീകരണം പ്രഖ്യാപിച്ചു