കര, വ്യോമ സേനകള്‍ പുതിയ ഹെലികോപ്ടറുകള്‍ വാങ്ങുന്നു

കര, വ്യോമ സേനകള്‍ പുതിയ ഹെലികോപ്ടറുകള്‍ വാങ്ങുന്നു


ന്യൂഡല്‍ഹി: പഴയ ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ക്ക് പകരം ഇന്ത്യയുടെ കര, വ്യോമ സേനകള്‍ പുതിയ 200 ലൈറ്റ് ഹെലികോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങുന്നു. ഇതില്‍ 120 എണ്ണം കരസേനയ്ക്കും 80 എണ്ണം വ്യോമസേനയ്ക്കുമായിരിക്കും. 

ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്ന ചീറ്റ, ചേതക് ഹെലികോപ്റ്ററുകളിലെ സാങ്കേതിക വിദ്യ ഏറെ പഴക്കമുള്ളതാണ്. സുരക്ഷാ കരുതലുകള്‍ ഉള്‍പ്പെടെ പഴകിയതിനാല്‍ കോപ്റ്ററുകള്‍ തകരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതിനാലാണ് പുതിയ കോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച നടപടികള്‍ക്ക് കരസേന തുടക്കമിട്ടിട്ടുണ്ട്. റികണൈസന്‍സ്, സര്‍വൈലന്‍സ് ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്.

പുതിയ ഹെലികോപ്റ്ററുകള്‍ അതിര്‍ത്തിയിലെ പട്രോളിങ്, ദ്രുതഗതിയിലുള്ള സൈനിക വിന്യാസം, രക്ഷാപ്രവര്‍ത്തനം, മെഡിക്കല്‍ ഇവാക്വേഷന്‍ എന്നിവയ്ക്കായി ഉപയോഗിക്കാമെന്നാണ് സേന പ്രതീക്ഷിക്കുന്നത്.

രാത്രിയിലും പകലും ഒരുപോലെ പ്രവര്‍ത്തന സജ്ജമായ ഹെലികോപ്ടറുകളായിരിക്കും ഇന്ത്യ വാങ്ങുക. ഒപ്പം മികച്ച സുരക്ഷാ മുന്‍കരുതലും ആക്രമണ പ്രതിരോധവും ഉറപ്പാക്കും. 1960കളില്‍ ഇറങ്ങിയ ചീറ്റ, ചേതക് കോപ്റ്ററുകള്‍ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. 2027 മുതല്‍ സേനയില്‍ നിന്ന് പൂര്‍ണമായും പഴയ കോപ്റ്റര്‍ മാറ്റാനാണ് നീക്കം.