ബെംഗളൂരു: മികച്ച വരുമാന പ്രതീക്ഷ നല്‍കി ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍. ദിവസവും ശരാശരി അറുപതിനായിരത്തോളം പേരാണ് ഈ പാതയില്‍ യാത്ര ചെയ്യുന്നത്. വെറും 3 ട്രെയിനുകള്‍ 25 മിനിട്ടിന്റെ ഇടവേളയില്‍ സര്‍വീസ് നടത്തുമ്പോഴാണ് യാത്രികരില്‍ നിന്ന് ഇത്രയും മികച്ച പ്രതികരണമുണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്.
കൂടുതല്‍ ട്രെയിനുകള്‍ എത്തുന്നതോടെ ഇനിയും ആയിരക്കണക്കിന് ആളുകള്‍ ഈ പാത ഉപയോഗിക്കുമെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ കണക്കുകൂട്ടുന്നത്. അതേസമയം ട്രെയിനുകളും സര്‍വീസുകളും കുറവായതിനാല്‍ മിക്ക സ്‌റ്റേഷനുകളിലും വണ്ടികളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. അത്തരത്തില്‍ ആളുകള്‍ കടുത്ത ബുദ്ധിമുട്ട് നേരിടുന്നുമുണ്ട്.
തുടക്കത്തില്‍, യെല്ലോ ലൈനില്‍ പ്രതിദിനം 50,000 മുതല്‍ 58,000 വരെ യാത്രക്കാരാണുണ്ടായിരുന്നത്. പിന്നീട് ശരാശരി അറുപതിനായിരം യാത്രികരെന്ന നിലയിലേക്ക് വന്നു.'കുറഞ്ഞ സര്‍വീസുകളേ നടത്തുന്നുള്ളൂ എന്നതിനാല്‍ ഇത്രയധികം യാത്രാ തിരക്ക് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.
ആദ്യ നാളുകള്‍ക്ക് ശേഷം യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞ് 30,000ലക്ക് എത്തിയേക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ കുറവ് ഫ്രീക്വന്‍സിയിലും ആളുകള്‍ യെല്ലോ ലൈന്‍ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് വ്യക്തമാകുന്നത്' പേര് വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത ഒരു ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാവിലത്തെ തിരക്കുള്ള സമയത്തേക്കാള്‍ 20% കൂടുതലാണ് വൈകുന്നേരങ്ങളിലെ തിരക്ക്. ഇലക്ട്രോണിക്‌സ് സിറ്റി, ബൊമ്മസാന്ദ്ര എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രൊഫഷണലുകളാണ് പ്രധാനമായും ഈ ലൈന്‍ ഉപയോഗിക്കുന്നത്. രാവിലെ ഓഫീസില്‍ എത്താന്‍ പലരും ക്യാബുകള്‍ തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്, എന്നാല്‍ വൈകുന്നേരങ്ങളില്‍ കൂടുതല്‍ ആളുകള്‍ മെട്രോയെ ആശ്രയിക്കുന്നു' മുതിര്‍ന്ന ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
നാലാം ട്രെയിന്‍ സെപ്റ്റംബര്‍ പകുതിയോടെ
സെപ്റ്റംബര്‍ പകുതിയോടെ നാലാമത്തെ ട്രെയിന്‍ കൂടി യെല്ലോ ലൈനിലെത്തുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കും. കൂടാതെ 25 മിനിട്ട് ഇടവേളയെന്നത് 20 മിനിട്ടായി കുറയുകയും ചെയ്യും. യെല്ലോ ലൈന്‍ തുറന്നതിന് ശേഷം ഹൊസൂര്‍ റോഡിലെ ഗതാഗതക്കുരുക്കിന് അയവ് വന്നിരുന്നു.
ഈ പാത യാഥാര്‍ഥ്യമായതോടെ യാത്രാ സമയത്തില്‍ വലിയ കുറവ് വന്നെന്ന് ഒരു വിഭാഗമാളുകള്‍ വിശദീകരിക്കുന്നു. അതേസമയം സ്‌റ്റേഷനുകളിലെയും ട്രെയിനുകളിലെയും തിരക്കും കൂടുതല്‍ ഇന്റര്‍ചേഞ്ചുകളുടെ സാന്നിധ്യവും വലയ്ക്കുന്നതായി അഭിപ്രായപ്പെടുന്നവരുമുണ്ട്. അതേസമയം സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനിലും ഇലക്ട്രോണിക്‌സ് സിറ്റിയിലും ഗതാഗതക്കുരുക്ക് കുറഞ്ഞതായി ഓട്ടോടാക്‌സി െ്രെഡവര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.
ഈ മേഖലകളില്‍ സാധാരണ വൈകുന്നേരങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്കില്‍ ഗണ്യമായ മാറ്റം അനുഭവപ്പെടുന്നതായാണ് ഇവര്‍ വ്യക്തമാക്കുന്നത്. കൂടാതെ യെല്ലോ ലൈന്‍ ബന്ധിപ്പിക്കപ്പെടാത്ത സ്ഥലങ്ങളിലേക്കാണ് ഇപ്പോള്‍ യാത്രികരുള്ളതെന്നും ഓട്ടോടാക്‌സി ജീവനക്കാര്‍ പറയുന്നു.
ദിവസേന 60000 യാത്രക്കാരുമായി 'ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍' സൂപ്പര്‍ ഹിറ്റ്
