റിയോ ഡെ ജനീറോ: മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് ഭീകരതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബ്രസീലിൽ ആരംഭിച്ച രണ്ടുദിവസത്തെ ബ്രിക്‌സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാം ആക്രമണം ഉച്ചകോടിയിൽ ഉന്നയിച്ചുകൊണ്ടാണ് ഭീകരതക്കെതിരായ മോദിയുടെ പ്രസ്താവന. ഏതെങ്കിലും രാജ്യം പ്രത്യക്ഷമായോ പരോക്ഷമായോ ഭീകരതക്ക് പിന്തുണ നൽകുകയാണെങ്കിൽ അവർ അതിന് വില നൽകണമെന്നും അേദ്ദഹം പറഞ്ഞു.
ബ്രിക്‌സ് കൂട്ടായ്മ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു. എല്ലാത്തരം ഭീകരതയെയും എതിർക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഇരട്ടത്താപ്പിന്റെ ഇരകളാണ് ഗ്ലോബൽ സൗത്ത് എന്നും മോഡി പറഞ്ഞു. ലോകസമ്പദ്‌വ്യവസ്ഥയിൽ നിർണായക സംഭാവന നൽകുന്ന ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് തീരുമാനങ്ങളെടുക്കുന്ന വേദിയിൽ സ്ഥാനമില്ലെന്ന് മോഡി പറഞ്ഞു. യു.എൻ രക്ഷാസമിതി ഉൾപ്പെടെ പ്രധാന വേദികൾ അടിയന്തരമായി പരിഷ്‌കരിക്കണം. 20ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ആഗോള സ്ഥാപനങ്ങളിൽ മനുഷ്യരാശിയുടെ മൂന്നിലൊന്നിനും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഗ്ലോബൽ സൗത്ത് ഇല്ലാത്ത ഈ സ്ഥാപനങ്ങൾ സിം കാർഡുണ്ടെങ്കിലും നെറ്റ്‌വർക്കില്ലാത്ത മൊബൈൽ ഫോൺ പോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിക്‌സിൽ പങ്കെടുക്കുന്നതുകൂടാതെ മോദി ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തും. അർജന്റീന സന്ദർശിച്ച മോഡി പ്രസിഡന്റ് ഹാവിയർ മിലൈയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഘാന, ട്രിനിഡാഡ്ടുബേഗോ എന്നിവിടങ്ങളും സന്ദർശിച്ച മോഡി നമീബിയകൂടി സന്ദർശിച്ച ശേഷമാവും ഇന്ത്യയിലെത്തുക.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി
