ടെക്‌സസിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി

ടെക്‌സസിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി


ഹൂസ്റ്റൺ : അമേരിക്കയിലെ ടെക്‌സസിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി. കെർ കൗണ്ടിയിൽ മാത്രം 15 കുട്ടികളടക്കം 43 പേർ മരിച്ചു. പൊടുന്നനെ കര കവിഞ്ഞ ഗ്വാഡലൂപ് നദിക്കരയിൽ വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കുകയായിരുന്ന 27 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്.

എന്നാൽ, കാണാതായവരുടെ മൊത്തം കണക്ക് ഇതുവരെ അധികൃതർക്ക് ലഭിച്ചിട്ടില്ല. ദേശീയ ദിനമായ ജൂലൈ നാലിന് പുലർച്ചയായിരുന്നു ദുരന്തമെന്നതിനാൽ അവധി ആഘോഷിക്കുന്ന നിരവധി പേർ നദീതീരത്തുണ്ടായിരുന്നുവെന്നാണ് സൂചന.

വെള്ളിയാഴ്ച പുലർച്ച പൊടുന്നനെയുണ്ടായ കനത്ത മഴയിൽ നദി കരകവിയുകയായിരുന്നു. 45 മിനിറ്റിനകം നദിയിലെ വെള്ളം എട്ട് മീറ്ററോളം ഉയർന്നതായാണ് റിപ്പോർട്ട്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ശനിയാഴ്ചയും സമീപപ്രദേശങ്ങളിൽ ദുരിതം തുടരുകയാണ്. നിരവധി വീടുകൾ തകരുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ മരങ്ങൾക്ക് മുകളിലും ഒറ്റപ്പെട്ടയിടങ്ങളിലും കുടുങ്ങിയവരെ കണ്ടെത്തുന്നുണ്ട്.