ടെഹ്രാന്‍: രാജ്യത്തുള്ള ദശലക്ഷക്കണക്കിന് അഫ്ഗാന്‍ കുടിയേറ്റക്കാരോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ഇറാന്‍ ആവശ്യപ്പെട്ടിരിക്കുികയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി ഞായറാഴ്ചയായിരുന്നു. എന്നിട്ടും രാജ്യം വിട്ടുപോകാത്തവരെ അറസ്റ്റുചെയ്യുമെന്നാണ് അന്ത്യശാസനം.
ഇസ്രായേലുമായുള്ള 12 ദിവസത്തെ സംഘര്‍ഷവും ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ സൗകര്യങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളും പൊതുജനങ്ങള്‍ക്കിടയില്‍ സുരക്ഷ ഭീഷണിയും ആശങ്കയും സൃഷ്ടിച്ചിരുന്നു. അതിനിടയിലാണ് ഞായറാഴ്ചയ്ക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന അന്ത്യ ശാസനം അഫ്ഗാന്‍ കുടിയേറ്റക്കാര്‍നേരിടുന്നത്.
എന്നാല്‍ കൂട്ട നാടുകടത്തല്‍ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഏകദേശം 4 ദശലക്ഷം അഫ്ഗാന്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഇറാനിലുണ്ട്. പലരും പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരാണ്.
2023ല്‍, രാജ്യത്ത് 'നിയമവിരുദ്ധമായി' താമസിക്കുന്നതായി പറയുന്ന വിദേശികളെ പുറത്താക്കാന്‍ ടെഹ്‌റാന്‍ ഒരു കാമ്പയിന്‍ ആരംഭിച്ചിരുന്നു. തുടരാന്‍ അവകാശമില്ലാത്ത അഫ്ഗാനികള്‍ ഞായറാഴ്ചയോടെ സ്വമേധയാ പോകണമെന്നും അല്ലെങ്കില്‍ പുറത്താക്കല്‍ നേരിടേണ്ടിവരുമെന്നും മാര്‍ച്ചില്‍ ഇറാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
അതിനുശേഷം, 700,000ത്തിലധികം അഫ്ഗാനികള്‍ രാജ്യം വിട്ടുപോയി, മറ്റു ലക്ഷക്കണക്കിന് പേര്‍ നാടുകടത്തല്‍ നേരിടുന്നു. ജൂണില്‍ മാത്രം 230,000ത്തിലധികം പേര്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പറഞ്ഞു.
ദശലക്ഷക്കണക്കിന് അഫ്ഗാനികളോട് രാജ്യം വിടണമെന്ന് ഇറാന്റെ അന്ത്യശാസനം; സമയപരിധി കഴിഞ്ഞാല്‍ അറസ്റ്റ്
