പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ചൈന

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ചൈന


ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ടെലിഫോണില്‍ സംസാരിച്ചു.

പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയ്ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായെന്നും തീവ്രവാദ വിരുദ്ധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഡോവല്‍ പറഞ്ഞു. യുദ്ധം ഇന്ത്യയുടെ തിരഞ്ഞെടുപ്പല്ലെന്നും അത് ഒരു കക്ഷിയുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും പ്രതിജ്ഞാബദ്ധരാണ്, കൂടാതെ പ്രാദേശിക സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ്അദ്ദേഹം വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തെയും എല്ലാത്തരം ഭീകരതയെയും ചൈന എതിര്‍ക്കുന്നതായി വാങ് യി അറിയിച്ചു. നിലവിലെ സങ്കീര്‍ണ്ണവും അസ്ഥിരവുമായ അന്താരാഷ്ട്ര സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഏഷ്യയിലെ സമാധാനവും സ്ഥിരതയും കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്നും അത് വിലമതിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയും പാകിസ്ഥാനും അയല്‍രാജ്യങ്ങളാണെന്നും അവയെ മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതാണെന്നും രണ്ടും ചൈനയുടെ അയല്‍ക്കാരാണെന്നും വാങ് യി പറഞ്ഞു.

ഇന്ത്യയുടെ ഇഷ്ടപ്രകാരമുള്ളതല്ല യുദ്ധമെന്ന ഡോവലിന്റെ പ്രസ്താവനയെ ചൈന അഭിനന്ദിക്കുകയും ഇരുപക്ഷവും ശാന്തത പാലിക്കുകയും സംയമനം പാലിക്കുകയും സംഭാഷണത്തിലൂടെയും കൂടിയാലോചനയിലൂടെയും വ്യത്യാസങ്ങള്‍ പരിഹരിക്കുകയും കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു.

ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചകളിലൂടെ സമഗ്രവും നിലനില്‍ക്കുന്നതുമായ വെടിനിര്‍ത്തല്‍ കൈവരിക്കുമെന്ന പ്രതീക്ഷ ചൈന പങ്കുവെച്ചു. ഇരു രാജ്യങ്ങളുടെയും അടിസ്ഥാന താത്പര്യങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതുവായ അഭിലാഷത്തിനും വേണ്ടിയാണിതെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു. 

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, സിന്ധു നദീജല ഉടമ്പടി റദ്ദാക്കുക, നയതന്ത്രജ്ഞരെ പുറത്താക്കുക, ഇസ്ലാമാബാദില്‍ നിന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുക, അട്ടാരി അതിര്‍ത്തി അടയ്ക്കുക എന്നിവയുള്‍പ്പെടെ ഇന്ത്യ പാകിസ്ഥാനെതിരെ നിരവധി നടപടികള്‍ ആരംഭിച്ചു. പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ വ്യോമാതിര്‍ത്തി അടക്കുകയും പാകിസ്ഥാനില്‍ നിന്നുള്ള കപ്പലുകള്‍, പാഴ്സലുകള്‍, ഇറക്കുമതി എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. നിരവധി പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ന്യൂഡല്‍ഹി ബ്ലോക്ക് ചെയ്തു.