ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തള്ളി. താന്‍ വിശ്രമജീവിതം ആസ്വദിക്കുകയാണെന്നും പുതിയ പദവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്നും ചന്ദ്രചൂഡ് പ്രതികരിച്ചു. ചന്ദ്രചൂഡ് കഴിഞ്ഞ മാസമാണ് വിരമിച്ചത്.
ജൂണ്‍ ഒന്നിനു സുപ്രിം കോടതി മുന്‍ ജഡ്ജി അരുണ്‍ കുമാര്‍ സിന്‍ഹ സ്ഥാനമൊഴിഞ്ഞ ശേഷം മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ആരെയും നിയമിച്ചിട്ടില്ല. കമ്മിഷനംഗം വിജയഭാരതി സയാനിയാണ് ആക്ടിംഗ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്.
18ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ പുതിയ അധ്യക്ഷനെ പരിഗണിക്കുന്നതിനു യോഗം ചേര്‍ന്നിരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഈ യോഗത്തില്‍ പങ്കെടുത്തു. ഇതിനു പിന്നാലെയാണു ചന്ദ്രചൂഡിനെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.