കര്‍ണാടക മുന്‍ ഡിജിപി കൊല്ലപ്പെട്ട നിലയില്‍

കര്‍ണാടക മുന്‍ ഡിജിപി കൊല്ലപ്പെട്ട നിലയില്‍


ബംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓംപ്രകാശിനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നഗരത്തിലെ എച്ച്എസ്ആര്‍ ലേഔട്ടിലുള്ള വീടിന്റെ താഴത്തെ നിലയില്‍ തറയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ കുത്തേറ്റാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സെന്റ ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ പല്ലവിയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഭാര്യയെയും മകളെയും പൊലീസ് ചോദ്യം ചെയ്തുവരുന്നു. കൊലയ്ക്കു പിന്നില്‍ ഭാര്യയാണെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.

തന്റെ ജീവന് ഭീഷണിയുള്ളതായി അദ്ദേഹം നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

ബിഹാറിലെ ചമ്പാരന്‍ സ്വദേശിയായ ഓംപ്രകാശ് 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. കര്‍ണാടക ഹോം ഗാര്‍ഡിന്റേയും അഗ്നിരക്ഷാ സേനയുടെയും മേധാവി ആയിരുന്ന അദ്ദേഹം 2015 മുതല്‍ 2017 വരെ സംസ്ഥാന പൊലീസ് മേധാവിയും ആയിരുന്നു.