ഗോവയില്‍ ഇറച്ചി വ്യാപാരികള്‍ സമരത്തിനിറങ്ങി; ക്രിസ്മസിനും പുതുവത്സരത്തിനും ബീഫ് ക്ഷാമം നേരിടുമെന്ന് റിപ്പോര്‍ട്ട്

ഗോവയില്‍ ഇറച്ചി വ്യാപാരികള്‍ സമരത്തിനിറങ്ങി; ക്രിസ്മസിനും പുതുവത്സരത്തിനും ബീഫ് ക്ഷാമം നേരിടുമെന്ന് റിപ്പോര്‍ട്ട്


പനാജി: ഗോവയില്‍ ക്രിസ്മസിനും പുതുവത്സരത്തിനും മുന്നോടിയായി ബീഫ് ക്ഷാമം നേരിടുമെന്ന് റിപ്പോര്‍ട്ട്. ഇറച്ചി വ്യാപാരികള്‍ സമരത്തിനിറങ്ങിയതോടെയാണ് ഗോവയില്‍ ബീഫ് ക്ഷാമം നേരിടുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഗോവയിലെ ബീഫ് വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു പ്രതിഷേധിച്ചു. ഗോസംരക്ഷകരുടെ ആക്രമണത്തിന് പിന്നാലെയാണ് പ്രതിഷേധം.

ഖുറൈഷി മീറ്റ് ട്രേഡേഴ്സ് അസോസിയേഷന്റെ കീഴിലാണ് പ്രതിഷേധം നടക്കുന്നത്. നിയമപരമായി ബീഫ് വില്‍പന നടത്തുന്ന കടകള്‍ക്ക് നേരെ വലതുപക്ഷ ഹിന്ദു സംഘടനകളുടെ ആക്രമണം വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്തിന് അയച്ച കത്തില്‍ അസോസിയേഷന്‍ അവകാശപ്പെട്ടു.

'ഈയിടെ ഇറച്ചി വ്യാപാരികള്‍ക്ക് നേരെ ആക്രമണം നടന്നത് മര്‍ഗോവിലാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി വേണം. ഞങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സംരക്ഷണം ആവശ്യമാണ്,' എന്ന് ക്യുഎംടിഎ അംഗം അബ്ദുള്‍ ബെപാരി പറഞ്ഞു. പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു, തങ്ങളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ ഇറച്ചി വ്യാപാരികള്‍ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ കാര്‍ലോസ് അല്‍വാറസ് ഫെരേര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാംസക്കച്ചവടക്കാരായാലും ഏതെങ്കിലും സംഘടനയായാലും നിയമം അനുസരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.