ഹമാസ് നാവിക കമാന്‍ഡറെ കൊലപ്പെടുത്തിയെന്ന് ഐ ഡി എഫ്; നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച

ഹമാസ് നാവിക കമാന്‍ഡറെ കൊലപ്പെടുത്തിയെന്ന് ഐ ഡി എഫ്; നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച


ജെറുസലേം: തിങ്കളാഴ്ച യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കവെ ഗാസയില്‍ ഹമാസ് നാവിക കമാന്‍ഡറെ കൊലപ്പെടുത്തിയതായി പ്രതിരോധ സേന (ഐ ഡി എഫ്)  അറിയിച്ചു. 

ഹമാസിന്റെ നാവിക കമാന്‍ഡര്‍ റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹിനെയും മറ്റ് അംഗങ്ങളെയും ഇല്ലാതാക്കിയതായി ഞായറാഴ്ച ഐഡിഎഫ് പറഞ്ഞു.

വടക്കന്‍ ഗാസയിലെ ഹമാസിന്റെ ഉന്നത നാവിക കമാന്‍ഡറായ സാലിഹ് സമീപ മാസങ്ങളില്‍ ഇസ്രായേല്‍ സേനയ്ക്കെതിരെ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ പങ്കാളിയായിരുന്നു.

സമീപ ആഴ്ചകളില്‍ ഗാസ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന ഐ ഡി എഫ് സൈനികര്‍ക്കെതിരെ സമുദ്ര ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലും സാലിഹ്  പങ്കാളിയായിരുന്നു എന്ന് ഐ ഡി എഫ് പറഞ്ഞു.

ഹമാസിന്റെ മോര്‍ട്ടാര്‍ ഷെല്‍ സെല്ലിന്റെ ഡെപ്യൂട്ടി മേധാവി ഹിഷാം അയ്മാന്‍ അതിയ മന്‍സൂറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ സിവിലിയന്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തിയതായി ഐ ഡി എഫ് അവകാശപ്പെട്ടു.

ജനുവരിയില്‍ യു എസ് പ്രസിഡന്റ് രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്തതിനുശേഷം നെതന്യാഹു-  ട്രംപ് മൂന്നാം കൂടിക്കാഴ്ചയാണിത്. തന്റെ സന്ദര്‍ശന വേളയില്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹസെഗാവ എന്നിവരുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും.