ന്യൂയോര്‍ക്ക് : ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകള്‍ ലഭിക്കാന്‍ കോടിക്കണക്കിനു രൂപ കൈക്കൂലി നല്കിയ ഇന്ത്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഗൗതം അദാനിക്കെതിരെ ന്യൂയോര്‍ക്ക് കോടതി അഴിമതിക്കുറ്റം ചുമത്തി. കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നും അത് യുഎസ് ഇന്‍വെസ്റ്റേഴ്സില്‍ നിന്ന് മറച്ചുവച്ചു എന്നുമാണ് കേസ്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങങ്ങളാണ് അദാനിക്കെതിരെ ചുമത്തിയിട്ടുള്ളത്. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്ന കമ്പനി യുഎസ് നിക്ഷേപകരില്‍ നിന്ന് 175 ദശലക്ഷം ഡോളറാണ് സമാഹരിച്ചിരുന്നത്.
സൗരോര്‍ജ കരാര്‍ നേടുന്നതിനും നിക്ഷേപകരോടും ബാങ്കുകളോടും കള്ളം പറയുന്നതിനും നീതി തടസ്സപ്പെടുത്തുന്നതിനുമായിരുന്നു ആ കൈക്കൂലിയെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ലിസ മില്ലര്‍ ബുധനാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.
അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനിക്കും വിനീത് ജെയ്നുമെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്കി. കൂടാതെ തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യു.എസ്. ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്.
ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം 85 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയാണ് .
സമാന്തര നടപടിയായി, യുഎസിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് ( എസ് ഇസി) അദാനി , അസുര് പവര്‍ ഗ്ലോബലിന്റെ എക്സിക്യൂട്ടീവായ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അദാനി ഗ്രീന്‍ യുഎസ് നിക്ഷേപകരില്‍ നിന്ന് 175 മില്യണിലധികം ഡോളര്‍ സമാഹരിച്ചതായി എസ്ഇസി പറഞ്ഞു.
ഡോണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ അമേരിക്കയില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് ?ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലെ ഊര്‍ജ സുരക്ഷയിലും അടിസ്ഥാന സൗകര്യ മേഖലയിലും 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് അദാനി പ്രഖ്യാപിച്ചത്. അതിനു തൊട്ടുപിന്നാലെയാണ് ഈ കേസ് വന്നത് എന്നത് ശ്രദ്ധേയമാണ്.
2023 ജനുവരിയില്‍ യുഎസിലെ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, അദാനിക്കെതിരെ ഗുരുതരമായ തട്ടിപ്പ് ആരോപണങ്ങള്‍ ഉന്നയിക്കുകയും അദാനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിയുകയും ചെയ്തിരുന്നു.
250 ദശലക്ഷം ഡോളര്‍ കൈക്കൂലി നല്കിയ കേസില്‍ അദാനിക്കെതിരെ യുഎസ് കോടതി അഴിമതിക്കുറ്റം ചുമത്തി