ചോദ്യങ്ങള്‍ ഉയര്‍ത്തി ഇന്ത്യയുടെ വോട്ടിംഗ് മെഷീനുകള്‍

ചോദ്യങ്ങള്‍ ഉയര്‍ത്തി ഇന്ത്യയുടെ വോട്ടിംഗ് മെഷീനുകള്‍


ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ 2004 മുതല്‍ കടലാസ് രഹിതമാണ്. വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചാണ് ഇന്ത്യയില്‍ വോട്ട് ചെയ്യുന്നത്. എന്നാല്‍ വോട്ടിംഗ് ഉപകരണങ്ങളെ കുറിച്ച് വലിയ വിവാദങ്ങളുമുണ്ട്. 

വോട്ടിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടും ഓരോ വോട്ടിനും പ്രിന്റ് ചെയ്തു വരുന്ന പേപ്പര്‍ സ്ലിപ്പുകളും തമ്മില്‍ എണ്ണത്തില്‍ പൊരുത്തപ്പെടുന്നുണ്ടോ എന്ന കാര്യം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജിയുണ്ട്. ഇത് ഏപ്രില്‍ 16ന് സുപ്രിം കോടതി പരിഗണിക്കും. 

നിലവില്‍, തങ്ങള്‍ വോട്ടു ചെയ്താല്‍ പ്രിന്റ് ചെയ്തു പോകുന്ന കടലാസ് ഒരു ഗ്ലാസ് സ്‌ക്രീനിന് പിന്നില്‍ ഇലക്ടര്‍മാര്‍ക്ക് ഏതാനും നിമിഷത്തേക്ക് പ്രദര്‍ശിപ്പിക്കും.  

പുതിയ കേന്ദ്ര സര്‍ക്കാറിനെ തെരഞ്ഞെടുക്കാന്‍ ഏപ്രില്‍ 19 മുതലാണ് ഇന്ത്യയില്‍ ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടം അവസാനിക്കുകയും ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. 

കര്‍ശനമായ ഷെഡ്യൂളിലൂടെ നീങ്ങുന്നതിനാല്‍ പേപ്പര്‍ പ്രിന്റുകള്‍ എണ്ണുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സാധ്യത നല്‍കുന്നില്ലെന്നും അത് പഴയതുപോലെ കടലാസ് വോട്ടിംഗിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുപോകുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ജനാധിപത്യ വിശ്വാസ്യവുമായി ബന്ധപ്പെട്ട സമീപകാല രീതികള്‍ കണക്കിലെടുക്കുമ്പോള്‍ പ്രിന്റഡ് വോട്ടുകളും വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണണമെന്ന ആവശ്യം നിരാകരിക്കുന്നത് അപകടകരമാകും. 

നിലവിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡി മൂന്നാം തവണയും അധികാരത്തിലെത്തുകയാണെങ്കില്‍ വിഭജന രാഷ്ട്രീയം കൂടുതല്‍ ചായ്‌വുണ്ടാക്കുമെന്നും ഹിന്ദു വോട്ടര്‍മാര്‍ മതധ്രുവീകരണത്തെലേക്ക് നീങ്ങുമെന്നും ഭയക്കുന്നുണ്ട്. പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടന പത്രികയെ മുസ്‌ലിം ലീഗിന്റേതെന്ന് പറഞ്ഞ് പൊതുയോഗങ്ങളില്‍ പ്രധാനമന്ത്രി തള്ളിക്കളഞ്ഞതും ഇന്ത്യന്‍ രാഷ്ട്രീയത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. 

ഇന്ത്യയെ മതേതര- ജനാധിപത്യ ഭരണഘടനയില്‍ നിന്നും അകറ്റുന്നതിലും ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്‌ലിംകളോട് ശത്രുത വളര്‍ത്തുന്നതിലും മോഡിയുടെ ഭരണത്തിന് വലിയ പങ്കുണ്ട്.  ജനസാന്ദ്രത കൂടുതലുള്ള വടക്കന്‍ ഭാഗങ്ങളില്‍ വിഭജന രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ കൂടുതലുണ്ട്. എന്നാല്‍ ഏകദേശം 100 കോടിയുള്ള വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ഹിന്ദു രാഷ്ട്രം എന്ന ആശയത്തിന് അനുകൂലമാണോ എതിരാണോ എന്നു മനസ്സിലാക്കാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളു. എല്ലാവര്‍ക്കും വോട്ടു ചെയ്യാനും അത് നിരീക്ഷിക്കാനും സാധിക്കുന്ന ന്യായമായ വോട്ടെടുപ്പ് നടക്കണം. 

പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങള്‍ സാങ്കേതിക വിദ്യാ വളര്‍ച്ച ആഘോഷിക്കുമ്പോഴും തെരഞ്ഞെടുപ്പിനെ പൂര്‍ണമായും യന്ത്രങ്ങള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. 2009-ല്‍, ജര്‍മ്മനിയുടെ ഭരണഘടനാ കോടതി പൊതു സൂക്ഷ്മപരിശോധനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള വോട്ടിംഗ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു. യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മിക്ക വോട്ടുകളും കൈകൊണ്ടോ യന്ത്രങ്ങള്‍ കൊണ്ടോ അടയാളപ്പെടുത്തിയ പേപ്പര്‍ ബാലറ്റുകളാണ്. മികച്ച മാതൃകയായി കണക്കാക്കപ്പെടുന്ന എസ്റ്റോണിയയില്‍ പോലും ഇപ്പോഴും ഗണ്യമായ അളവില്‍ പേപ്പര്‍ വോട്ടിംഗ് ഉണ്ട്.

ഓരോ വോട്ടും വോട്ടര്‍ ഉദ്ദേശിച്ചതുപോലെ രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. യന്ത്രങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് എല്ലാ ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളും 'ബൂത്ത് പിടുത്ത'വുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തോക്കുമായെത്തുന്നവര്‍ ബൂത്തുകള്‍ ആക്രമിക്കുകയും വ്യാപകമായി വോട്ടുകള്‍ ചെയ്യുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഒരു മിനിറ്റില്‍ നാലില്‍ കൂടുതല്‍ ബാലറ്റുകള്‍ സ്വീകരിക്കാത്തതിനാല്‍ പാര്‍ട്ടികള്‍ക്ക് മസില്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്.

എന്നിട്ടും, തെരഞ്ഞെടുപ്പില്‍ കള്ളവോട്ടുകളും വ്യാജവോട്ടുകളുമൊക്കെ ആരോപിക്കപ്പെടുന്നത് പതിവാണ്. 

വോട്ടു ചെയ്യുന്നവരുടെ വോട്ടുകള്‍ ന്യായമായും സത്യസന്ധമായും രേഖപ്പെടുത്തപ്പെടുന്നുണ്ടോ, അവ ശരിയായി കണക്കാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ സംശയമുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പലതവണ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. 

'രാജാവിന്റെ ആത്മാവ് ഇ വി എമ്മിലുണ്ട്' എന്നാണ് മോഡിയെയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെയും പരാമര്‍ശിച്ച് കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന പൊതു റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. 

ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറായ കണ്ണന്‍ ഗോപിനാഥന്‍ 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ സിവില്‍ സര്‍വീസ് എന്ന നിലയില്‍ ഇടപെട്ടിരുന്നുവെങ്കിലും വോട്ടിന്റെ സത്യസന്ധതയെ സംശയിക്കാന്‍ കാരണമൊന്നും കണ്ടെത്തിയില്ല. വോട്ടിംഗ് മെഷീന്‍ സജ്ജീകരണം ഒരു കാല്‍ക്കുലേറ്റര്‍ മാത്രമായിരുന്നില്ല. ഒരു വോട്ടര്‍ ഒരു ബാലറ്റ് യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തിയാല്‍  കണ്‍ട്രോള്‍ യൂണിറ്റ് തെരഞ്ഞെടുപ്പ് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ബാഹ്യ ഉപകരണത്തിലേക്കോ നെറ്റ്വര്‍ക്കിലേക്കോ ഒരു ഭാഗവും ബന്ധിപ്പിച്ചിട്ടില്ല. 

2019ലെ തെരഞ്ഞെടുപ്പില്‍ ഒരു മൂന്നാം ആക്‌സസറി രാജ്യവ്യാപകമായി അവതരിപ്പിച്ചതോടെയാണ് പ്രശ്‌നം വന്നത്. വോട്ടര്‍ വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ ആണ് പുതുതായി അവതരിപ്പിച്ചത്. ഈ അധിക യൂണിറ്റ് ബാലറ്റിനും കണ്‍ട്രോള്‍ യൂണിറ്റുകള്‍ക്കും ഇടയിലാണ്. ബട്ടണില്‍ അമര്‍ത്തിയതിന് ശേഷം എന്ത് സംഭവിക്കുമെന്ന വോട്ടറുടെ ആശങ്ക ശമിപ്പിക്കാനാണ് ഇത് അവതരിപ്പിച്ചത്. ഒരു ടിന്റഡ് ഗ്ലാസിന് പിന്നില്‍ താന്‍ രേഖപ്പെടുത്തിയ വോട്ട് പ്രദര്‍ശിപ്പിക്കും. എന്നാല്‍ വോട്ടര്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം അത് മാറില്ലെന്ന് എന്താണ് ഉറപ്പെന്ന ചോദ്യമാണ് പിന്നീട് ഉയര്‍ന്നുവന്നത്. കാരണം ഓരോ നിയോജക മണ്ഡലത്തിനും അനുസരിച്ച് പ്രോഗ്രാം ചെയ്തിരിക്കുന്നതിനാല്‍ ബാഹ്യ സ്വാധീനങ്ങള്‍ക്ക് സാധ്യതയുണ്ട്. 

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച ഗോപിനാഥന്‍ ഇലക്ട്രോണിക് വോട്ടിംഗിന്റെ രാജ്യത്തെ ഏറ്റവും രൂക്ഷമായ വിമര്‍ശകരില്‍ ഒരാളായി മാറി. യന്ത്രങ്ങളിലൊന്നും ഇതുവരെ കൃത്രിമം കാണിച്ചതിന് തന്റെ പക്കല്‍ തെളിവില്ലെന്ന് അദ്ദേഹം ഊന്നിപ്പറയുന്നുണ്ടെങ്കിലും അങ്ങനെ സംഭവിക്കാമെന്നകാര്യം ആശങ്കപ്പെടുത്തുന്നതായി അദ്ദേഹം വിശദമാക്കുന്നു. യന്ത്രത്തിലെ വോട്ടും പേപ്പറില്‍ രേഖപ്പെടുത്തിയ വോട്ടും രണ്ടുതരത്തിലാണെങ്കില്‍ തന്റെ വോട്ട് നിയമപരമായി എവിടെയാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ മൂലധനവും രാഷ്ട്രീയവും തമ്മില്‍ ചിലപ്പോഴൊക്കെ ഊഷ്മളവും പലപ്പോഴും നിര്‍ബന്ധിതവുമായ ബന്ധമുണ്ടെന്ന് ഏറ്റവും മോശമായ തരത്തില്‍ തന്നെ ഇതിനകം വെളിവായിട്ടുണ്ട്. ഇന്ത്യന്‍ സുപ്രിം കോടതി ഇലക്ടറല്‍ ബോണ്ടിന്റെ മൂടുപടം നീക്കിയതോടെ ഡീലുകളും കോര്‍പ്പറേറ്റ് സംഭാവനകളും വന്നത് രാഷ്ട്രീയ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് തിരിച്ചറിയാനാവും. അതുകൊണ്ടുതന്നെ സൂക്ഷ്മപരിശോധനയ്ക്കുള്ള അടുത്ത വ്യക്തമായ ഇടമാണ് വോട്ടിംഗ് യന്ത്രം.

സര്‍ക്കാര്‍ ആശുപത്രിയോ മിതമായ നിരക്കിലുള്ള ട്രെയിന്‍ ടിക്കറ്റോ ആഗ്രഹിക്കുന്ന ഒരു പാവപ്പെട്ട വ്യക്തിക്ക് മുന്‍ഗണന പ്രകടിപ്പിക്കാന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു അവസരം ലഭിക്കുന്നു. കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി നിരക്കോ റിയല്‍ എസ്റ്റേറ്റ് ഇളവുകളോ ആഗ്രഹിക്കുന്ന ഒരു വ്യവസായിയുടെ അതേ അവസരമാണ് അവര്‍ക്കും ലഭിക്കുന്നത്. 

തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംശയത്തിലായതിനാല്‍ ശക്തനായ രാഷ്ട്രീയത്തേയും ചങ്ങാത്ത മുതലാളിത്തത്തേയും അനുഗ്രഹിക്കുന്ന ഒരു യന്ത്രത്തിന്റേയും സംഗമം എന്തും സ്വീകരിക്കാനുള്ള അവസ്ഥയിലേക്കാണ് ശരാശരി വോട്ടര്‍മാരെ എത്തിക്കുന്നത്.