ഈജിപ്ത് ഉച്ചകോടിയില്‍ നരേന്ദ്ര മോഡി പങ്കെടുക്കില്ല; ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്

ഈജിപ്ത് ഉച്ചകോടിയില്‍ നരേന്ദ്ര മോഡി പങ്കെടുക്കില്ല; ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്


ന്യൂഡല്‍ഹി: ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖില്‍ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ഷണം അയച്ചിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. മോഡിയുടെ പകരക്കാരനായാണ് കീര്‍ത്തി വര്‍ധന്‍ സിങ് ഈജിപ്തിലെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുകയോ പ്രതിനിധികളെ അയയ്ക്കുകയോ ചെയ്യില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസും അറിയിച്ചിട്ടുണ്ട്.

 ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മധ്യേഷ്യയില്‍ സമാധാനവും സ്ഥിരതയും വര്‍ദ്ധിപ്പിക്കുക, മേഖലയില്‍ സുരക്ഷിതത്വത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിടുക എന്നിവ ലക്ഷ്യം വെച്ചാണ് ഉച്ചകോടി നടക്കുന്നത്.
' സമാധാന ഉച്ചകോടി ' തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് നടക്കുകയെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്‍സി വക്താവ് അറിയിച്ചു. സിസിയും ട്രംപും സംയുക്തമായാണ് ഈ ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുക. ഉച്ചകോടിയില്‍ ഇരുപതിലധികം രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും.

മധ്യേഷ്യയിലെ സമാധാന ദൗത്യം ഏറ്റെടുത്ത് ട്രംപ് നടത്തുന്ന നീക്കങ്ങള്‍ക്കൊടുവിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന സമാധാനപദ്ധതി ഉച്ചകോടിയുടെ ആധാരമായി വര്‍ത്തിക്കും. ഈ ഇരുപതിന പരിപാടിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് ഇരുപക്ഷവും യോജിച്ച കാര്യങ്ങള്‍ ഇതിനകം ഗാസയില്‍ നടപ്പായിക്കഴിഞ്ഞു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു, ഇസ്രായേല്‍ സൈന്യം ഭാഗികമായി പിന്‍മാറി, പലസ്തീനികള്‍ ഗാസയിലേക്ക് തിരികെയെത്തി.

ഈ ഉച്ചകോടി മേഖലയില്‍ സമാധാനമുണ്ടാക്കണമെന്ന കാഴ്ചപ്പാടിന്റെ ഫലമായാണ് നടക്കുന്നതെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്‍സി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നിരന്തരമായ അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലും ഹമാസും ഒക്ടോബര്‍ 9ന് വെടിനിര്‍ത്തലിനും ബന്ദി ഉടമ്പടിക്കും സമ്മതിച്ചതിന് ശേഷം, മോഡി പ്രസിഡന്റ് ട്രംപുമായി സംസാരിച്ചിരുന്നു. ഗാസ സമാധാന പദ്ധതിയുടെ വിജയത്തെ ചരിത്രപരമെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, ഇറ്റലിയുടെ ജോര്‍ജിയ മെലോണി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തുടങ്ങിയ ലോക നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് കരുതുന്നു.
ഈജിപ്ത് , ഖത്തര്‍, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള തീവ്രമായ നയതന്ത്ര ശ്രമങ്ങളെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ആദ്യ ഘട്ടത്തില്‍ ഗാസ സിറ്റി, റാഫ, ഖാന്‍ യൂനിസ് തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ നിന്ന് ഇസ്രായേലി സൈന്യത്തിന്റെ പിന്മാറ്റം നടക്കും. പിന്നാലെ സഹായ വാതായനങ്ങള്‍ തുറക്കല്‍, ബന്ദികളുടെയും തടവുകാരുടെയും മോചനം തുടങ്ങിയവ നടക്കും. ഹമാസ് തിങ്കളാഴ്ച രാവിലെ 20 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരുതുന്നത്. ഇരുപത് പേരാണ് ജീവനോടെയുള്ളത്.

ഒക്ടോബര്‍ 7, 2023ന് ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് പതിനായിരക്കണക്കിന് പേരുടെ മരണത്തിന് കാരണമായ യുദ്ധമായി മാറിയത്. ഗാസയിലെ ഹമാസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 66,000ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പട്ടിണിയും മരണം വര്‍ദ്ധിപ്പിച്ചു. ഗാസയിലെ പോഷകാഹാരക്കുറവ് 'അപകടകരമായ' നിലയിലെത്തിയിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.