കന്നഡ ഭാഷയുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് കമല്‍ ഹാസന്‍

കന്നഡ ഭാഷയുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് കമല്‍ ഹാസന്‍


ചെന്നൈ: മണിരത്‌നം സംവിധാനം ചെയ്ത പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം തഗ് ലൈഫിനെതിരേ നടക്കുന്ന ബഹിഷ്‌കരണ ഭീഷണിയെ തള്ളി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയും. തെറ്റില്ലാത്തതിനാല്‍ മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ മുമ്പും ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിയമത്തിലും നീതിയിലുമാണ് വിശ്വസിക്കുന്നതെന്നും ദക്ഷിണേന്ത്യന്‍ ഭാഷകളോടുള്ള തന്റെ സ്‌നേഹം ആത്മാര്‍ഥതയുള്ളതാണെന്നും കേരളത്തെയും കര്‍ണാടകയെയും ആന്ധ്രയെയും ഒരുപോലെ സ്‌നേഹിക്കുന്നയാളാണ് താനെന്നും കമല്‍ പറഞ്ഞു.

കന്നഡ ഭാഷ തമിഴില്‍ നിന്നും ഉത്ഭവിച്ചതാണെന്നായിരുന്നു തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിനിടെ കമല്‍ നടത്തിയ പ്രസ്താവന. പരാമര്‍ശം നടത്തിയതിനു പിന്നാലെ ബി ജെ പിയും കന്നഡ ഭാഷാ സംഘടനകളും രംഗത്തെത്തിയിരുന്നു.

കമലിന്റെ പരാമര്‍ശം കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്നും സ്വന്തം ഭാഷയെ പുകഴ്ത്താന്‍ മറ്റു ഭാഷയെ തരം താഴ്ത്തരുതെന്നും കര്‍ണാടക ബി ജെ പി പ്രസിഡന്റ് ബി വിജയേന്ദ്ര വിമര്‍ശിച്ചിരുന്നു.