ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോഡി നേരിട്ടു പങ്കെടുക്കില്ല; ട്രംപിനെ പേടിച്ചെന്ന് കോണ്‍ഗ്രസ്

ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോഡി നേരിട്ടു പങ്കെടുക്കില്ല; ട്രംപിനെ പേടിച്ചെന്ന് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: അടുത്താഴ്ച മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടുപങ്കെടുക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. താന്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും ഉച്ചകോടിയില്‍ സംബന്ധിക്കുകയെന്ന് മോഡി സംഘാടകരെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഫോണിലൂടെ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രിയ സുഹൃത്ത് അന്‍വര്‍ ഇബ്രാഹിമുമായി ഊഷ്മളമായ ആശയവിനിമയമാണ് ഫോണിലൂടെ നടത്തിയതെന്ന് പിന്നീട് മോഡി എക്‌സില്‍ കുറിച്ചിരുന്നു. ആസിയാന്‍ അധ്യക്ഷപദം ലഭിച്ച മലേഷ്യയെ താന്‍ അഭിനന്ദിച്ചതായും മോഡി കുറിച്ചിട്ടുണ്ട്. നടക്കാന്‍ പോകുന്ന ഉച്ചകോടിക്ക് പ്രധാനമന്ത്രി എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ഉച്ചകോടിയില്‍ താന്‍ ഓണ്‍ലൈന്‍ സംബന്ധിക്കും. ആസിയാന്‍ ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലുള്ളതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 26 മുതല്‍ 28 വരെയാണ് ആസിയാന്‍ ഉച്ചകോടി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മലേഷ്യ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ട്രംപ് ഈ മാസം 26ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ക്വാലാലംപൂരിലെത്തും. മറ്റ് ലോകനേതാക്കള്‍ക്കും ഉച്ചകോടിയിലേക്ക് ക്ഷണമുണ്ട്.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പേടിച്ചാണ് മോഡി ഉച്ചകോടിയില്‍ നേരിട്ട് സംബന്ധിക്കാത്തത് എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചത് താനാണെന്ന് 53 തവണ അവകാശപ്പെടുകയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ തയാറാണെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയെന്ന് അഞ്ച് തവണ ആവര്‍ത്തിക്കുകയും ചെയ്ത ഒരാളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സംബന്ധിച്ച് കടുത്ത പരീക്ഷണമാകുമെന്ന്, മാധ്യമ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ആരോപിച്ചു. അതേസമയം ട്രംപിനെ പുകഴ്ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിടുന്നത് പോലെയല്ലല്ലോ അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം ക്വാലംപൂരിലേക്ക് വരുമോ ഇല്ലയോ എന്നതായിരുന്നു കുറച്ച് ദിവസമായി ഉറ്റുനോക്കിയിരുന്നത്. ഇപ്പോഴിതാ അദ്ദേഹം പോകില്ലെന്ന് ഉറപ്പായിരിക്കുന്നുവെന്നും ജയറാം രമേഷ് എക്‌സില്‍ കുറിച്ചു. സ്വയംപ്രഖ്യാപിത വിശ്വഗുരുവായി മേനി നടിക്കാനും ലോകനേതാക്കളെ ആലിംഗനം ചെയ്യാനും അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും ഉള്ള അവസരമാണ് മോഡിക്ക് ഇതിലൂടെ നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

പ്രസിഡന്റ് ട്രംപില്‍ നിന്ന് അപമാനം നേരിടാനാകാത്തത് കൊണ്ടാണ് മോഡി പോകാത്തത്. ആഴ്ചകള്‍ക്ക് മുമ്പ് ഗാസയിലെ സമാധാന ഉച്ചകോടിയിലും മോഡി പങ്കെടുത്തിരുന്നില്ല. അതും ഇതേ കാരണം കൊണ്ടാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.അതീവ ശ്രദ്ധാലുവായിരിക്കുക എന്ന പഴയ ബോളിവുഡ് നമ്പര്‍ മോഡി നന്നായി ഓര്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.