അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള സാമ്പത്തിക പിന്തുണ തുടരുമെന്ന് ഉറപ്പ് നല്‍കി നേതാക്കള്‍
ബ്രസ്സല്‍സ്: റഷ്യയുടെ മരവിപ്പിച്ച നിക്ഷേപങ്ങള്‍ യുക്രെയ്‌നിന്റെ പ്രതിരോധച്ചെലവിന് വിനിയോഗിക്കുന്നതില്‍ തീരുമാനം എടുക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഡിസംബര്‍ മാസത്തേക്ക് മാറ്റിവെച്ചു. ബെല്‍ജിയം ഉന്നയിച്ച നിയമപരമായ ആശങ്കകളെത്തുടര്‍ന്നാണ് ഈ നീക്കം. എന്നാല്‍ യുക്രെയ്‌നിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടുത്ത രണ്ടു വര്‍ഷത്തേക്ക് തുടര്‍ച്ചയായ ധനസഹായം ഉറപ്പാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
വ്യാഴാഴ്ച ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തില്‍, യുക്രെയ്‌നിന് 'റഷ്യയുടെ യുദ്ധനാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി' ഫ്രീസ് ചെയ്ത ഏകദേശം 140 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള റഷ്യന്‍ ആസ്തികള്‍ വായ്പയായി നല്‍കാനുള്ള പദ്ധതിയാണ് ചര്‍ച്ചയായത്. എന്നാല്‍, യൂറോക്ലിയര്‍ (Euroclear) എന്ന ബെല്‍ജിയന്‍ ക്ലിയറിങ് ഹൗസില്‍ സൂക്ഷിച്ചിരിക്കുന്ന ആസ്തികള്‍ ഉപയോഗിക്കുന്നത് നിയമപരമായി അപകടസാധ്യതയുള്ളതാണെന്ന് ബെല്‍ജിയം ചൂണ്ടിക്കാട്ടി.
'ഇത് അപരിചിതമായ നിയമമേഖലയാണ്. കൃത്യതയുള്ള ഉത്തരങ്ങള്‍ ഇല്ല,' എന്ന് ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട്ട് ഡെ വെവര്‍ പറഞ്ഞു. റഷ്യ നിയമനടപടിയിലേക്ക് കടന്നാല്‍, ബെല്‍ജിയന്‍ സമ്പദ് വ്യവസ്ഥയ്ക്കു പ്രത്യാഘാതമുണ്ടാകാമെന്നതാണ് അവരുടേതായ ഭയം.
'വിഷയം അതീവ സങ്കീര്‍ണ്ണമാണെന്നും കൂടുതല്‍ വിശദീകരണങ്ങളും ഉറപ്പുകളും ആവശ്യമുണ്ടെന്നും യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു.
'യുക്രെയ്‌നിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിബദ്ധമാണ്. റഷ്യ ഇതില്‍ നിന്നു വ്യക്തമായ സന്ദേശം ഉള്‍ക്കൊള്ളട്ടെ- യുക്രെയ്‌നുള്ള പിന്തുണ തുടരാം.-യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റ വ്യക്തമാക്കി.
ബ്രസ്സല്‍സിലെ ഉച്ചകോടിയില്‍ പങ്കെടുത്ത യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലെന്‍സ്‌കി, തീരുമാനത്തെ 'രാഷ്ട്രീയ പിന്തുണയുടെ വ്യക്തമായ അടയാളം' എന്നാണ് വിശേഷിപ്പിച്ചത്.
അമേരിക്കയുടെ പുതിയ റഷ്യന്‍ എണ്ണ ഉപരോധങ്ങളോടൊപ്പം തന്നെയാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനവും വന്നത്. യു.എസ്. റഷ്യന്‍ എണ്ണ ഭീമന്മാരായ റോസ്‌നെഫ്റ്റ്, ലൂകോയില്‍ തുടങ്ങിയവയ്‌ക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചുത്. ഇതിനെത്തുടര്‍ന്ന് ട്രംപ്-പുടിന്‍ ബുഡാപെസ്റ്റ് കൂടിക്കാഴ്ചയും അനിശ്ചിതമായി മാറ്റിവെച്ചു.
റഷ്യന്‍ എണ്ണ വാങ്ങുന്ന മൂന്ന് ചൈനീസ് കമ്പനികളെയും യൂറോപ്യന്‍ യൂണിയന്‍ പുതിയ ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'റഷ്യയുടെ യുദ്ധധനം ഇല്ലാതാക്കുകയാണ് ലക്ഷ്യം,' എന്ന് എസ്‌റ്റോണിയന്‍ പ്രധാനമന്ത്രി കായ കല്ലാസ് പറഞ്ഞു. ഉപരോധത്തിനെതിരെ ചൈന പ്രതികരണവുമായി രംഗത്തുവന്നു. 'യൂറോപ്പുമായുള്ള സാമ്പത്തിക സഹകരണ ഘടനയെ ഉപരോധം ദുര്‍ബലമാക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു.
