2672.25 കോടി രൂപ ചെലവിൽ കടലിനടയിലൂടെ ഫോർട്ടുകൊച്ചി-വൈപ്പിൻ-എറണാകുളം തുരങ്കപാതയ്ക്ക് നീക്കം

2672.25 കോടി രൂപ ചെലവിൽ കടലിനടയിലൂടെ ഫോർട്ടുകൊച്ചി-വൈപ്പിൻ-എറണാകുളം തുരങ്കപാതയ്ക്ക് നീക്കം


കൊച്ചി: തീരദേശ ഹൈവേയുടെ ഭാഗമായി ഫോർട്ട് കൊച്ചിയെയും വൈപ്പിനെയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഇരട്ട തുരങ്കപാത നിർമാണത്തിന് സർക്കാർ താൽപ്പര്യപത്രം ക്ഷണിക്കും. കെ-റെയിൽ സമർപ്പിച്ച സാധ്യതാപഠന റിപ്പോർട്ട് പരിഗണിച്ചാണ് സംസ്ഥാന ഗതാഗതവകുപ്പ് നിർദേശം. 2672.25 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി, ഡിസൈൻ-ബിൽഡ്-ഫിനാൻസ്-ഓപ്പറേറ്റ്- ട്രാൻസ്ഫർ (ഡിബിഎഫ്ഒടി) മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് നിർദേശം.

ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേ എറണാകുളത്ത് ചെല്ലാനം മുതൽ മുനമ്പംവരെ 48 കിലോമീറ്ററാണുള്ളത്. വൈപ്പിൻ-ഫോർട്ട് കൊച്ചി ഭാഗത്തിനുപുറമെ മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ്, മുനമ്പം- അഴീക്കോട് എന്നിവിടങ്ങളിൽ പാത മുറിയുന്നുണ്ട്.

ഇരട്ട ടണലുകളിൽ മൂന്നരമീറ്റർ വീതിയുള്ള സർവീസ് റോഡും നാലരമീറ്ററർ വീതിയിൽ ഹൈവേയുമാണ് നിർദേശിക്കുന്നത്. പുറത്തെ നാലുവരി അപ്രോച്ച് റോഡുകളിലേക്കാണ് ഇവ തുറക്കുക. ഒരോ 250 മീറ്ററിലും എമർജൻസി സ്‌റ്റോപ്പ് ബേ, 500 മീറ്ററിലും യാത്രക്കാർക്കുള്ള വെന്റിലേഷനോടുകൂടിയ എമർജൻസി എക്‌സിറ്റ് എന്നിവയുണ്ടാകും. കപ്പൽച്ചാലിന് കുറുകെ നിർമിക്കുന്ന തുരങ്കം കടലിൽ 35 മീറ്റർ ആഴത്തിലായിരിക്കും. പത്തുമുതൽ 13 മീറ്റർ വരെയാണ് കപ്പൽച്ചാലിന്റെ ആഴം.

സ്ഥലമെറ്റെടുത്താൽ പദ്ധതി പൂർത്തിയാക്കാൻ രണ്ടരവർഷമാണ് കണക്കാക്കുന്നത്. രണ്ട് അലൈൻമെന്റുകളും നിർദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് സാധ്യതാപഠന റിപ്പോർട്ട് ഉൾപ്പെടെ വിവരങ്ങൾ പങ്കിട്ടത്.