വാഷിംഗ്ണ്‍: ചൈനയുമായി ചാരബന്ധം ഉണ്ടെന്ന കേസില്‍ എഫ്ബിഐ അറസ്റ്റുചെയ്ത ഇന്ത്യന്‍-അമേരിക്കന്‍ പണ്ഡിതനും നയതന്ത്രവിദഗ്ധനുമായ അഷ്‌ലി ടെല്ലിസിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. 1.5 മില്യന്‍ഡോളറിന്റെ ബോണ്ടിലും വീട്ടില്‍ നിന്ന് മറ്റൊരിടത്തും പോകരുതെന്നുമുള്ള വ്യവസ്ഥയിലുമാണ് ജാമ്യം. കേസില്‍ വിചാരണ തുടരും.
രഹസ്യരേഖകള്‍ ചൈനയ്ക്ക് ചോര്‍ത്തി എന്ന ആരോപണങ്ങള്‍ 64 കാരനായ അഷ്‌ലി ടെല്ലിസ് നിഷേധിച്ചിരുന്നു.
വിര്‍ജീനിയയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയിരം പേജിലധികം രഹസ്യരേഖകള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച എഫ്ബിഐ ടെല്ലിസിനെ അറസ്റ്റ് ചെയ്തത്.
ദേശീയ പ്രതിരോധ വിവരങ്ങള്‍ അനധികൃതമായി കൈവശം വച്ചു എന്ന കുറ്റത്തിന് അദ്ദേഹം നേരിടുന്ന കേസില്‍ പരമാവധി പത്ത് വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്.
'ടെല്ലിസ് ചാരനല്ല, ദേശസ്‌നേഹി' -പ്രതിഭാഗം
അദ്ദേഹം അന്വേഷണ ഏജന്‍സികളോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് വിര്‍ജീനിയ ജില്ലാ കോടതിയില്‍ നടന്ന പ്രാഥമിക ഹര്‍ജിയില്‍ ടെല്ലിസിന്റെ അഭിഭാഷകര്‍ അറിയിച്ചു.
'ടെല്ലിസ് ചാരപ്രവര്‍ത്തനം നടത്തിയതിനോ രഹസ്യവിവരങ്ങള്‍ ചൈനയിലേക്ക് ചോര്‍ത്തിയതിനോ യാതൊരുതെളിവുമില്ല,' എന്ന് അഭിഭാഷകരായ ജോണ്‍ നാസ്സിക്കാസ്യും ഡെബോറ കര്‍ട്ടിസും കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കി.
'അദ്ദേഹത്തിന്റെ ദീര്‍ഘകാല അക്കാദമിക് പ്രവര്‍ത്തനങ്ങളെയും അന്താരാഷ്ട്ര ബന്ധങ്ങളെയും അന്വേഷണ ഏജന്‍സികള്‍ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണ്' എന്നും പ്രതിഭാഗം വാദിച്ചു.
'ശാസ്ത്ര കൗതുകം മാത്രമാണ് അദ്ദേഹത്തെ രേഖകള്‍ സൂക്ഷിക്കാന്‍ പ്രേരിപ്പിച്ചത്; അതില്‍ ദോഷബോധമോ വിദ്വേഷമോ ഇല്ല,' എന്നും പ്രതിഭാഗം പറഞ്ഞു.
അതേസമയം ടെല്ലിസ് വാഷിംഗ്ടണ്‍ നഗരപരിസരമായ ഫെയര്‍ഫാക്‌സിലെ ഒരു റെസ്‌റ്റോറന്റില്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഒരു തവണ മനിലാ കവറില്‍ എന്തോ രേഖകള്‍ കൈമാറിയതായി സൂചനയുണ്ടെന്നും എഫ്ബിഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, പറയുന്നു.
കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ ടെല്ലിസിന് 'ചുവന്ന ഗിഫ്റ്റ് ബാഗ്' കൈമാറിയതായും എഫ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, 'ആ ബാഗില്‍ ചായപ്പൊടി മാത്രമായിരുന്നുവെന്നും, ഏഷ്യന്‍ സംസ്‌കാരത്തില്‍ സാധാരണമായ സമ്മാനരീതിയാണതെന്നും അതില്‍ ദുഷ്പ്രവര്‍ത്തന സൂചനയൊന്നുമില്ല' എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
'അദ്ദേഹത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റം രഹസ്യരേഖകള്‍ കൈവശം വച്ചത് മാത്രമാണ്, അവ ചോര്‍ന്നതായി തെളിവൊന്നുമില്ല. ദേശീയ പ്രതിരോധ വിവരങ്ങള്‍ അനധികൃതമായി മറ്റാരോടും അദ്ദേഹം പങ്കുവെച്ചിട്ടില്ലെന്നത് വ്യക്തമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ ഫെഡറല്‍ മജിസ്‌ട്രേറ്റ് ജഡ്ജി, പ്രോസിക്യൂഷനും പ്രതിഭാഗവും ചേര്‍ന്ന അഭ്യര്‍ത്ഥന പ്രകാരം, ടെല്ലിസിനെ ഹൗസ് അറസ്റ്റിലാക്കി മുന്‍ വിചാരണ മോചനം അനുവദിച്ചു.
അദ്ദേഹത്തിന് 1.5 മില്യണ്‍ ഡോളര്‍ ബോണ്ടിന് മേല്‍ മോചനം ലഭിച്ചു. ബോണ്ട് ടെല്ലിസിന്റെ വീട്ടിന്മേലാണ്, കൂടാതെ ഭാര്യ ധുന്‍ ടെല്ലിസും ജാമ്യ രേഖയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
കേസിന്റെ അടുത്ത വിചാരണ നവംബര്‍ 4ന് നിശ്ചയിച്ചിരിക്കുകയാണ്.
