ജയ്പുർ: ഇന്ത്യൻ പരസ്യലോകത്തിന്റെ മുഖവും, അതിന്റെ ആത്യന്തിക ശബ്ദവും ആത്മാവും രൂപപ്പെടുത്തിയ പിയുഷ് പണ്ഡേ അന്തരിച്ചു. അദ്ദേഹത്തിന് 70 വയസായിരുന്നു. പരസ്യനിർമാതാക്കളായ ഒഗിൽവി ഇന്ത്യയുടെ നാലു പതിറ്റാണ്ടിലേറെക്കാലത്തെ മുഖമായ പണ്ഡേ, ഇന്ത്യൻ ഉപഭോക്താക്കളുടെ ഉള്ളറിഞ്ഞും അവരുടെ ജീവിതം സ്പർശിക്കുന്ന കഥകളുമാണ് പരസ്യവിഷയമാക്കിയത്.
ജയ്പൂരിൽ ജനിച്ച പണ്ഡേ പരസ്യലോകത്ത് ചെറുപ്രായത്തിൽ തന്നെ ചുവടുറപ്പിച്ചതാണ്. അദ്ദേഹം സഹോദരൻ പ്രസൂൺ പണ്ഡേയുമായ് വിവിധ ഉൽപ്പന്നങ്ങളുടെ റേഡിയോ ജിംഗിളുകൾ അവതരിപ്പിച്ചായിരുന്നു തുടക്കം. 1982ൽ ഒഗിൽവിയിൽ ചേർന്നതിനു മുൻപ് ക്രിക്കറ്റ്, ചായ രുചിപരിശീലനം, കൺസ്ട്രക്ഷൻ ജോലി എന്നിവ ചെയ്തു. ഒഗിൽവിയിൽ ചേർന്ന് ഇന്ത്യൻ പരസ്യങ്ങളുടെ പരമ്പരാഗത ഭാഷയും സംസ്‌കാരവും മാറ്റിമറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചത്.
ഇംഗ്ലീഷും വരേണ്യ സൗന്ദര്യബോധവും ഭരിക്കുന്ന പരസ്യ വ്യവസായത്തിലേക്ക് 27ആം വയസ്സിൽ കാലെടുത്തുവെച്ച പണ്ഡേ , സാധാരണ ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്ന ഒരു പുതിയതരം പരസ്യ ശൈലി അവതരിപ്പിച്ചു. ഏഷ്യൻ പെയിന്റിന്റെ 'ഹർ ഖുശി മെയ് ൻ രംഗ്് ലായേ ', കാഡ്ബറിയുടെ 'കുച് ഖാസ് ഹൈ', ഫെവികോളിന്റെ ഐക്കോണിക് 'എഗ്' ഫിലിം, ഹച്ചിന്റെ പഗ് തുടങ്ങിയ പരസ്യങ്ങൾ ഇന്ത്യൻ ജനജീവിതത്തിന്റെ ഭാഗമായത് അദ്ദേഹത്തിന്റെ നിറഞ്ഞ തമാശയും കാര്യവും നിറഞ്ഞ അവതരണശൈലിയുടെ പ്രത്യേകത കൊണ്ടാണ്.
പണ്ഡേയുടെ നേതൃത്വത്തിൽ ഒഗിൽവി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങൾ നേടിയ ഏജൻസികളിൽ ഒന്നായി മാറി. 2018ൽ അദ്ദേഹവും സഹോദരൻ പ്രസൂൺ പണ്ഡേയും കാൻസ് ലയൺസിന്റെ 'ലയൺ ഓഫ് സെന്റ് മാർക്ക് ' ആജീവനാന്ത പുരസ്‌കാരം നേടിയ ആദ്യ ഏഷ്യക്കാരായി. 2004ൽ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ആദ്യ ഏഷ്യൻ ജൂറി പ്രസിഡന്റായി നിയമിതനായി. പിന്നീട് CLIO ലൈഫ്‌ടൈം അചീവ്‌മെന്റ് (2012), പദ്മശ്രീ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചു.
പരസ്യം ഹൃദയങ്ങളെ സ്പർശിക്കണം എന്നായിരുന്നു പിയുഷ് പണ്ഡേ വിശ്വസിച്ചിരുന്നത്. ജനങ്ങൾക്ക് പരസ്യം ഇഷ്ടമാവുക എന്നതാണ് പ്രധാനം, അല്ലാതെ നിങ്ങൾ ചെയ്ത ജോലിയുടെ മഹത്വത്തെക്കുറിച്ച് അവർ ചിന്തിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു.
2014ലെ നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 'അബ് കി ബാർ, മോഡി സർക്കാർ' എന്ന മുദ്രാവാക്യം എഴുതിയതും പിയുഷ് പണ്ഡേയുടെ ജനസമ്പർക്ക മനസിന്റെ തെളിവാണ്.
ഇന്ത്യൻ പരസ്യ ലോകത്തിന്റെ മുഖമായ പിയുഷ് പണ്ഡേ അന്തരിച്ചു
