പിഎം ശ്രീയില്‍ ഒപ്പുവെച്ച് കേരളം; മുന്നണി മര്യാദ ലംഘിച്ചതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് സിപിഐ; ഇന്ന് അടിയന്തര യോഗം

പിഎം ശ്രീയില്‍ ഒപ്പുവെച്ച് കേരളം; മുന്നണി മര്യാദ ലംഘിച്ചതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് സിപിഐ; ഇന്ന് അടിയന്തര യോഗം


തിരുവനന്തപുരം : ഇടതുമുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ചചെയ്യാതെ സംസ്ഥാനം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പു വെച്ചതിനെതിരെ മുന്നണിയിലെ ഘടക കക്ഷിയായ സിപിഐയില്‍ കടുത്ത പ്രതിഷേധം. പിഎം ശ്രീയിലൂടെ ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാകും എന്നത് ചൂണ്ടിക്കാട്ടി അതിശക്തമായ എതിര്‍പ്പാണ് സിപിഐ ഉന്നയിച്ചിരുന്നത്. ഇതിനെ വകവെക്കാതെയാണ് സര്‍ക്കാരിന്റെ നീക്കം. സിപിഐയുടെ എതിര്‍പ്പ് അവഗണിക്കില്ലെന്നും, എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും അറിയിച്ചിരുന്നു. ഈ വാക്ക് അവഗണിച്ച് വിദ്യാഭ്യാസവകുപ്പ് കേന്ദ്ര പദ്ധതിയില്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ കടുത്ത ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
 
ഇന്ന് ഉച്ചയ്ക്ക് 12.30 ന് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അടിയന്തരമായി തിരുവനന്തപുരത്ത് ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും. മുന്നണിയില്‍ വര്‍ഷങ്ങളായി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി എന്ന സ്ഥാനം അലങ്കരിച്ചിരുന്ന സിപിഐ കുറച്ചുനാളായി തങ്ങളുടെ നിലവിലെ സ്ഥിതിയില്‍ അസ്വസ്ഥരാണ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി പ്രവേശത്തോടെ തങ്ങളുടെ പ്രധാന്യം വേണ്ടരീതിയില്‍ പരിഗണിക്കപ്പെടുന്നില്ല എന്ന പരാതി അവര്‍ക്കുണ്ട്. പരസ്യമല്ലെങ്കില്‍ പോലും കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്ന സമയത്തും അതിനുശേഷവും സ്ഥാനമാനങ്ങളെ ചൊല്ലി ചില്ലറ കലഹങ്ങളും നടന്നിട്ടുണ്ട്. സിപിഎം എല്ലായ്‌പോഴും വല്യേട്ടന്‍ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്ന പരിഭവവും സിപിഐയ്ക്കുണ്ട്. 

അതിനെ കൂടുതല്‍ രൂക്ഷമാക്കുന്നതാണ് പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് പിഎം ശ്രീയില്‍ സംസ്ഥാനം ഒപ്പുവെച്ചത്. സിപിഐ എല്‍ഡിഎഫ് വിട്ട് വരണമെന്ന് അടുത്ത കാലത്തായി കോണ്‍ഗ്രസ് ഒളിഞ്ഞും തെളിഞ്ഞും ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ട്. ദേശീയ തലത്തില്‍ സിപിഐയും കോണ്‍ഗ്രസും ഇന്ത്യ മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനാല്‍ കേരളത്തില്‍ യുഡിഎഫില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല എന്ന് ചില സിപിഐ നേതാക്കളും അഭിപ്രായപ്പെടുന്നുണ്ട്. ഇന്നതെ സിപിഐ സെക്രട്ടറിയറ്റ് യോഗത്തില്‍ ശക്തമായ സിപിഎം വിരുദ്ധ വികാരം ഉയരുമെന്ന് ഉറപ്പാണ്. സിപിഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിനെതിരെയും സിപിഎം മന്ത്രിമാരുടെ വകുപ്പുകളെ ചൊല്ലിയും സമ്മേളന പ്രതിനിധികള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത് വാര്‍ത്തയായിരുന്നു. സിപിഐ ഇടതുമുന്നണി വിടണം എന്നുപോലും ചില പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. ഏതായാലും ഇന്നത്തെ യോഗത്തില്‍ സിപിഐ നേതൃത്വത്തില്‍ നിന്ന് കടുത്ത തീരുമാനങ്ങള്‍ വന്നേക്കാമെന്ന സൂചനയും ഉണ്ട്. ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പും ആറുമാസം കഴിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സിപിഐയെ പിണക്കുന്നത് തുടര്‍ഭരണം എന്ന സിപിഎം ലക്ഷ്യത്തിന് തടസ്സമാണെന്ന സന്ദേശമാകും ഇന്നത്തെ പാര്‍ട്ടി യോഗത്തിനുശേഷം അവര്‍ നല്‍കുക.  

സിപിഎമ്മിലും ആശയക്കുഴപ്പം

ദേശീയ വിദ്യാഭ്യാസ നയ'ത്തിന് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം 'കീഴടങ്ങുന്നു' എന്ന ചര്‍ച്ചയാണ് വരും ദിനങ്ങളില്‍ കേരളത്തില്‍ ശക്തിപ്പെടുക. ചരിത്രത്തെ സംഘപരിവാറിന് അനുകൂലമായി തിരുത്താന്‍ വിദ്യാഭ്യാസ രംഗത്തെ ഉപയോഗപ്പെടുത്തുന്നു എന്ന് സിപിഎം അടക്കമുള്ള കക്ഷികള്‍ ആരോപിക്കുന്നതാണ്. ഇതിന്റെ ഭാഗമാണ് കേന്ദ്രം വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെന്ന് സിപിഎമ്മിന്റെ ബുദ്ധിജീവികള്‍ക്കും ശക്തമായ അഭിപ്രായമുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പു വെക്കുന്നതിലൂടെ ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാക്കപ്പെടുമോ എന്ന ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത്. 

പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്നതാണ് പിഎം ശ്രീ എന്നതിന്റെ പൂര്‍ണരൂപം. ഈ സ്‌കീം പ്രകാരം സംസ്ഥാനത്തെ ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂള്‍ പിഎം ശ്രീയായി വികസിപ്പിക്കും. ഒരു സ്‌കൂളിന് ശരാശരി 1.13 കോടി രൂപയാണ് ചെലവഴിക്കുക. 1466 കോടി രൂപയാണ് ആകെ ലഭിക്കുക. കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും എന്ന അനുപാതത്തിലാകും ചെലവ് വഹിക്കുക. 202327 വര്‍ഷത്തേക്കാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 

ഈ പദ്ധതിയില്‍ ഒപ്പു വെക്കുന്നതോടെ ആ സ്‌കൂളിന്റെ സിലബസ് അടക്കമുള്ളവ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലേക്ക് ചെല്ലുമോ എന്നതാണ് പൊതുവെ ഉയരുന്ന ചോദ്യം.