വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിങ് പൊളിച്ചത് നിയമലംഘനം; ട്രംപിന്റെ 300 മില്യൺ ഡോളർ ബാൾറൂം പദ്ധതിക്കെതിരെ വിമർശനം

വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിങ് പൊളിച്ചത് നിയമലംഘനം; ട്രംപിന്റെ 300 മില്യൺ ഡോളർ ബാൾറൂം പദ്ധതിക്കെതിരെ വിമർശനം


വാഷിംഗ്ടൺ: വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിങ് അടിയന്തരമായി പൊളിച്ചുനീക്കിയത് ഫെഡറൽ നിയമലംഘനമാണെന്ന് മുൻ ഉദ്യോഗസ്ഥർ ആരോപിച്ചു.
വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ കെട്ടിട നിർമ്മാണങ്ങൾക്കും പൊളിക്കൽ പ്രവർത്തനങ്ങൾക്കും അനുമതി നൽകേണ്ട നാഷണൽ കാപിറ്റൽ പ്ലാനിംഗ് കമ്മീഷൻ (NCPC)ന്റെ അനുമതി ലഭിക്കാതെയാണ് പൊളിക്കൽ പ്രവർത്തനം നടന്നതെന്നാണ് ആരോപണം.

ഈ അനുമതി പ്രക്രിയ ഫെഡറൽ നിയമപ്രകാരമുള്ള നിർബന്ധമായ നടപടിയാണെന്ന്  നിയമ വിദഗ്ദ്ധരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ 
റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ,  പ്രസിഡന്റ് ട്രംപ് നിയമിച്ച അംഗങ്ങൾ തന്നെയാണ് നാഷണൽ പ്ലാനിംഗ് കമ്മീഷനെ നയിക്കുന്നത് എന്നതിനാൽ പ്രവർത്തനം നിർത്താനുള്ള ഭരണപരമയോ നിയമപരമയോ മാർഗ്ഗം നിലവിലില്ലെന്ന് മുൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വ്യാഴാഴ്ച പുറത്തുവന്ന ചിത്രങ്ങളിൽ, വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിങ് മുഴുവനായും പൊളിച്ചുനീക്കിയതായി കാണിക്കുന്നു. അതിന്റെ സ്ഥാനത്ത് ട്രംപിന്റെ സ്വകാര്യ ഫണ്ടിൽ നിന്നുള്ള 300 മില്യൺ ഡോളർ  ചെലവിൽ പുതിയ ബാൾറൂം പണിയാനാണ് പദ്ധതി.

'വർഷങ്ങളായി നിരവധി പ്രസിഡന്റുമാർ വൈറ്റ് ഹൗസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഇതാണ് ഇതുവരെ ഉണ്ടായ ഏറ്റവും വലിയ മാറ്റം,' ആണിതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഒവൽ ഓഫീസിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വാഷിംഗ്ടണിലെയും പരിസര പ്രദേശങ്ങളിലെയും ഫെഡറൽ കെട്ടിട നിർമാണങ്ങൾ 1952ലെ നാഷണൽ കാപിറ്റൽ പ്ലാനിംഗ് ആക്ട് പ്രകാരം എൻസിപിസിയുടെ നിരീക്ഷണത്തിലാണ് നടക്കാറുള്ളത്. ഫെഡറൽ ഏജൻസികളുടെ പ്രതിനിധികളും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ പ്രതിനിധികളും ഉൾപ്പെടുന്നതാണ് കമ്മീഷൻ.

കമ്മീഷന്റെ മുൻ ചെയർമാൻ എൽ. പ്രസ്റ്റൺ ബ്രയന്റ് ജൂനിയർ വ്യക്തമാക്കുന്നതനുസരിച്ച്, പ്രാരംഭ ഘട്ടം, പ്രാഥമിക അനുമതി, അന്തിമ അനുമതി എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് അനുമതി പ്രക്രിയ പുരോഗമിക്കേണ്ടത്. സാധാരണയായി പൊളിക്കൽ തുടങ്ങുന്നതിന് മുൻപ് തന്നെ കമ്മീഷന്റെ അനുമതി നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

'പൊളിക്കൽ പ്രക്രിയ വേർതിരിച്ച ഒന്നല്ലെന്നും അത് നിർമ്മാണത്തിന്റെ ഭാഗമാണ്,' എന്നും ബ്രയന്റ് കൂട്ടിച്ചേർത്തു.

അനുമതി തേടാതെ പൊളിക്കൽ

വൈറ്റ് ഹൗസ് വക്താക്കൾ സ്ഥിരീകരിച്ചതനുസരിച്ച്, ബാൾറൂം പദ്ധതിയുടെ രേഖകൾ ഇപ്പോഴും എൻസിപിസിയിൽ സമർപ്പിച്ചിട്ടില്ല. എന്നാൽ ഭാവിയിൽ ഈ രേഖകൾ സമർപ്പിക്കുമെന്ന് അവർ അറിയിച്ചു.

വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറിയും നിയമോപദേശകനുമായ വിൽ ഷാർഫ് ആണ് ഇപ്പോൾ കമ്മീഷന്റെ അധ്യക്ഷൻ. പ്രസിഡന്റിന് കമ്മീഷനോട് വലിയ വിശ്വാസമുണ്ടെന്നും ബാൾറൂം പദ്ധതിയിൽ ആവശ്യമായ സമയത്ത് ഞങ്ങൾ ആവശ്യമായ ഇടപെടൽ നടത്തുമെന്നും ഷാർഫ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

നിയമനടപടി പരിമിതം

അനുമതിയില്ലാതെയുള്ള  പൊളിക്കൽ നിർത്തണമെന്നാവശ്യപ്പെട്ട് നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ ഉൾപ്പെടെ നിരവധി പൈതൃകസംരക്ഷണ സംഘടനകൾ വൈറ്റ് ഹൗസിനോട് കത്തയച്ചിട്ടുണ്ട്. എങ്കിലും പൊതുജനങ്ങൾക്കും സംഘടനകൾക്കും കോടതിയിലൂടെ നടപടി സ്വീകരിക്കാൻ പരിമിതമായ വഴികളേ ഉള്ളുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ട്രംപിന്റെ ആദ്യ ഭരണകാലത്ത് വൈറ്റ് ഹൗസിലെ ടെന്നീസ് കോർട്ട് പണിയാൻ എൻസിപിസിയുടെ അനുമതി നേടിയിരുന്നു. അതുപോലെ ട്രംപ് ഓർഗനൈസേഷൻ 2013ൽ വാഷിംഗ്ടണിലെ പഴയ പോസ്റ്റ് ഓഫീസ്  കെട്ടിടം ഹോട്ടലാക്കി മാറ്റുമ്പോഴും കമ്മീഷന്റെ അനുമതി ആവശ്യമായിരുന്നു.
1966ലെ നാഷണൽ ഹിസ്റ്റോറിക് പ്രിസർവേഷൻ ആക്ട് പ്രകാരം വൈറ്റ് ഹൗസ് 'സംരക്ഷിത പൈതൃക കെട്ടിടം' എന്ന പട്ടികയിൽ നിന്നൊഴിവാക്കിയതാണ്. എങ്കിലും 1952ലെ നാഷണൽ കാപിറ്റൽ പ്ലാനിംഗ് ആക്ട് പ്രകാരം കമ്മീഷന്റെ മേൽനോട്ടം ഇപ്പോഴും ബാധകമാണ്‌