വത്തിക്കാന്‍: ഇംഗ്ലണ്ട് രാജാവ് ചാള്‍സ് മൂന്നാമനും പാപ്പാ ലിയോയും വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ഒരുമിച്ച് പ്രാര്‍ഥിച്ചു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനും കത്തോലിക്കാ സഭയുടെ ആത്മീയ നേതാവ് പാപ്പായും 1534-ല്‍ രാജാവ് ഹെന്റി എട്ടാമന്‍ റോമില്‍ നിന്ന് വേര്‍പെട്ടതിനു ശേഷമുള്ള ആദ്യ സംയുക്ത പ്രാര്‍ഥനയാണിത്.
ഇംഗ്ലീഷ് പ്രാര്‍ഥനകളും ലാറ്റിന്‍ ഭക്തിഗാനങ്ങളും അലയടിച്ച സിസ്‌റ്റൈന്‍ ചാപ്പലില്‍ ആറ് മാസം മുമ്പാണ് ലോകമെമ്പാടുമുള്ള കത്തോലിക്കാ കാര്‍ഡിനാളുകള്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയായി ലിയോയെ തെരഞ്ഞെടുത്തത്. ആംഗ്ലിക്കന്‍ സഭയുടെ പരമാധികാരിയായ രാജാവ് ചാള്‍സ് പാപ്പായുടെ ഇടത് വശത്ത്, ബലിപീഠത്തിനരികെ ഇരുന്നു. ലിയോയും ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ്പ് സ്റ്റീഫന്‍ കോട്ട്രെല്ലും ചേര്‍ന്നാണ് ആരാധനാ ശുശ്രൂഷ നയിച്ചത്. സിസ്‌റ്റൈന്‍ ചാപ്പല്‍ ക്വയര്‍, രണ്ട് രാജകീയ ക്വയറുകള്‍ എന്നിവയും സംഗീത സേവനങ്ങളില്‍ പങ്കെടുത്തു.
രാജാവ് ചാള്‍സ് മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് എന്നിങ്ങനെ മൂന്ന് പാപ്പമാരെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് സംയുക്ത പ്രാര്‍ഥന നടത്തുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ രാജാവും റാണി കാമില്ലയും വത്തിക്കാന്‍ സന്ദര്‍ശിച്ച് പാപ്പാ ഫ്രാന്‍സിസിനെയും പിന്നീട് പാപ്പാ ലിയോവിനെയും നേരില്‍ കണ്ടിരുന്നു.
വ്യാഴാഴ്ച്ച രാവിലെയായിരുന്നു രാജാവും പാപ്പായും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ച.
രാജാവ് ചാള്‍സ് റോമിലെ പ്രശസ്ത കത്തോലിക്കാ പള്ളികളിലൊന്നായ ബസിലിക്ക ഓഫ് സെന്റ് പോള്‍ ഔട്ട്‌സൈഡ് ദി വാള്‍സ് സന്ദര്‍ശിക്കും. അവിടെ ലിയോ പാപ്പാ അദ്ദേഹത്തിന് 'റോയല്‍ കോണ്‍ഫ്രേറ്റര്‍'' (രാജകീയ സഹോദരന്‍) എന്ന ബഹുമതി സമ്മാനിച്ചു.
ബക്കിംഗ്ഹാം കൊട്ടാരം പ്രഖ്യാപിച്ചതനുസരിച്ച് ചാള്‍സ് രണ്ട് ബ്രിട്ടീഷ് ബഹുമതികളും ലിയോയ്ക്ക് സമ്മാനിക്കുന്നു. വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലിന്റെ 'പാപ്പല്‍ കോണ്‍ഫ്രേറ്റര്‍' പദവിയും 'ഓര്‍ഡര്‍ ഓഫ് ദി ബാത്ത്' എന്ന ബഹുമതിയുടെ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് പദവിയും.
ബസിലിക്കയിലെ ആപ്സില്‍ രാജാവിനായി പ്രത്യേകമായി തയ്യാറാക്കിയ കസേരയും സമ്മാനിക്കും. ഭാവിയില്‍ ബ്രിട്ടീഷ് രാജാക്കന്മാര്‍ക്കായി മാത്രം സംവരണം ചെയ്യുന്ന ഈ കസേരയില്‍ രാജകീയ ചിഹ്നവും ഐക്യത്തിന്റെ സന്ദേശവുമായ ലാറ്റിന്‍ വാക്യവും ('അവര്‍ ഒന്നാകട്ടെ) കൊത്തിയിരിക്കുന്നു.
രാജാവ് ചാള്‍സിന്റെയും റാണി കാമില്ലയുടെയും ഈ വത്തിക്കാന്‍ സന്ദര്‍ശനം അഞ്ചു നൂറ്റാണ്ടുകള്‍ക്കുശേഷം കത്തോലിക്കാ സഭയും ആംഗ്ലിക്കന്‍ സഭയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന പ്രധാന ചുവടുവയ്പായി കണക്കാക്കപ്പെടുന്നു.
1534-ലാണ് ഇരു സഭകളും ഔദ്യോഗികമായി വേര്‍പിരിഞ്ഞത്. പാപ്പാ ക്ലെമെന്റ് ഏഴാമന്‍ രാജാവ് ഹെന്റി എട്ടാമന്റെയും കാതറീന്‍ ഓഫ് അറഗോണിന്റെയും വിവാഹം റദ്ദാക്കാന്‍ വിസമ്മതിച്ചതോടെയായിരുന്നു അത്. ഹെന്റിയുടെ ആഗ്രഹത്തിന് ഫലം കാടന്‍ കാരണമായെങ്കിലും, ഇംഗ്ലീഷ് കിരീടം സഭാ സ്വത്ത് ഏറ്റെടുത്തതും പ്രൊട്ടസ്റ്റന്റ് ആശയങ്ങള്‍ വളര്‍ന്നതുമാണ് വേര്‍പിരിയലിന് പിന്നിലെ പ്രധാന ഘടകങ്ങള്‍.