ന്യൂഡല്‍ഹി: ദീപാവലിക്ക് പിന്നാലെ ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി. ഏറ്റവും മോശം വായു ഗുണനിലവാരം വ്യാഴാഴ്ച രേഖപ്പെടുത്തി. ഇതിനു മുമ്പ് ജനുവരിയിലായിരുന്നു ഇതുപോലെ മോശമായ അവസ്ഥയുണ്ടായത്.
വിവിധ പ്രദേശങ്ങളിലെ വായു ഗുണനിലവാരത്തിന്റെ തോത് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങളെക്കാള്‍ ഉയര്‍ന്ന അളവിലാണ് രേഖപ്പെടുത്തിയത്. ദീപാവലിക്ക് ശേഷം രണ്ട് ദിവസം പിന്നിട്ടതിനു ശേഷവും വായു ഗുണനിലവാരം അസാധാരണമായ വിധത്തില്‍ തുടരുന്നത് ആശങ്കാജനമായാണ് ആളുകള്‍ കാണുന്നത്.
വായുമലിനീകരണം കുറയ്ക്കാന്‍ ക്ലൗഡ് സീഡിങ്ങ് പദ്ധതി ഉടന്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൃത്രിമ മഴയ്ക്കുള്ള നടപടികളെല്ലാം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
അതിനിടെ സെക്രട്ടേറിയേറ്റില്‍ മന്ത്രിമാര്‍ക്കായി 15 എയര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വിവാദമായി. നിരവധി ആളുകള്‍ ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി രംഗത്തെത്തി.