വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിങ് എന്നറിയപ്പെടുന്ന ഒരു ഭാഗം ഇടിച്ചുനിരത്തി പുതിയ ബോള്‍ റൂം നിര്‍മ്മിക്കാനൊരുങ്ങുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് വിദഗ്ദ്ധന്‍ കൂടിയായ ട്രംപിന് വൈറ്റ് ഹൗസിനെ സ്വന്തം ശൈലിയില്‍ പുതുക്കി പണിയാനുള്ള പദ്ധതി നേരത്തെയുള്ളതാണ്.
2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷമാണ് തന്റെ പദ്ധതി നടപ്പാക്കാന്‍ അദ്ദേഹം നീക്കമാരംഭിച്ചത്.
ഈസ്റ്റ് വിങ്ങിനെ ഒരു ഗ്രാന്‍ഡ് ബോള്‍റൂം ആയി പുതുക്കി പണിയുക. ഈ ബോള്‍റൂം ഒരേ സമയം 999 പേരെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിരിക്കും.
90,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ ബോള്‍റൂം ഏകദേശം 250 മില്യണ്‍ ഡോളര്‍ ചെലവിലാണ് നിര്‍മ്മിക്കുന്നത്.
ഈസ്റ്റ് വിങ് വളരെ ചെറുതാണ്, പ്രഥമ വനിതയുടെ ഓഫീസും ജീവനക്കാരും ഇവിടെയാണ് താമസിക്കുന്നത്. 1902ല്‍ നിര്‍മ്മിച്ച പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ് 1942ല്‍ ഒരു ഭൂഗര്‍ഭ ബങ്കര്‍ കൂടി ചേര്‍ത്ത് ഇത് വികസിപ്പിച്ചിരുന്നു. ഈ പദ്ധതിയുടെ മുഴുവന്‍ ചെലവും താന്‍ വഹിക്കുമെന്നും നികുതിദായകരുടെ പണം ഉപയോഗിക്കില്ലെന്നും ട്രംപ് അവകാശപ്പെടുന്നു.
യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടലില്‍ കഷ്ടപ്പെടുമ്പോള്‍ ട്രംപിന്റെ 'സ്വകാര്യ സന്തോഷത്തിനുള്ള ആഡംബര പദ്ധതിക്കെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
ട്രംപ് 'വ്യക്തിപരമായ ആഡംബരത്തിനായി ചരിത്രപ്രസിദ്ധമായ വൈറ്റ് ഹൗസിനെ അട്ടിമറിക്കുകയാണെന്ന് വിമര്‍ശകര്‍ പറയുമ്പോള്‍, 'ദേശീയ അഭിമാനം പുനഃസ്ഥാപിക്കുന്നതിനുള്ള' നീക്കമായാണ് പിന്തുണക്കാര്‍ ഇതിനെ വാഴ്ത്തുന്നത്.
വിദേശ രാഷ്ട്രത്തലവന്മാര്‍ക്കും മറ്റ് സര്‍ക്കാര്‍ പരിപാടികള്‍ക്കും വേണ്ടി ധാരാളം ആളുകള്‍ക്ക് ഒത്തുകൂടാന്‍ കഴിയുന്ന ഒരു വലിയ ബോള്‍ റൂം വൈറ്റ് ഹൗസില്‍ ഉണ്ടായിരിക്കുക എന്നത് കഴിഞ്ഞ 150 വര്‍ഷമായി അമേരിക്കന്‍ പ്രസിഡന്റുമാരുടെ സ്വപ്നമാണെന്ന് ട്രംപ് പറഞ്ഞു. 'പുതിയതും വലുതും മനോഹരവുമായ ഒരു വൈറ്റ് ഹൗസ് ബോള്‍റൂമിന്റെ' നിര്‍മ്മാണം ആരംഭിച്ചതായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ച ഒരു പോസ്റ്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പങ്കിട്ടു.
'150 വര്‍ഷത്തിലേറെയായി, വൈറ്റ് ഹൗസില്‍ ആളുകള്‍ക്ക് ആഡംബര പാര്‍ട്ടികള്‍ക്കും സംസ്ഥാന സന്ദര്‍ശനങ്ങള്‍ക്കും മറ്റും ഒത്തുകൂടാന്‍ കഴിയുന്ന ഒരു ബോള്‍റൂം ഉണ്ടായിരിക്കുക എന്നത് എല്ലാ പ്രസിഡന്റുമാരുടെയും സ്വപ്നമാണ്,' ട്രംപ് പോസ്റ്റില്‍ പറഞ്ഞു. 'അമേരിക്കന്‍ നികുതിദായകര്‍ക്ക് യാതൊരു ചെലവുമില്ലാതെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പദ്ധതി ആരംഭിച്ച ആദ്യത്തെ പ്രസിഡന്റായതില്‍ ഞാന്‍ അഭിമാനിക്കുന്നു!' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ നിര്‍മ്മാണം നിലവിലുള്ള കെട്ടിടത്തിന്റെ ഘടനയെ ദോഷകരമായി ബാധിക്കില്ലെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുന്നു. ജൂലൈയില്‍ പ്രസിഡന്റ് പറഞ്ഞു, 'ഇത് നിലവിലുള്ള കെട്ടിടത്തെ തടസ്സപ്പെടുത്തില്ല. പുതിയ ബോള്‍റൂം വൈറ്റ് ഹൗസിനടുത്തായിരിക്കും, പക്ഷേ അതിനെ സ്പര്‍ശിക്കില്ല. പുതിയ നിര്‍മ്മാണം നിലവിലുള്ള കെട്ടിടത്തോടുള്ള പൂര്‍ണ്ണമായ ബഹുമാനം കാണിക്കുന്നു.'
വിശാലമായ ബോള്‍ റൂം പണിയാനായി ട്രംപ് വൈറ്റ് ഹൗസിന്റെ 'ഈസ്റ്റ് വിങ്' ഇടിച്ചുനിരത്തുന്നു
