'യുക്രെയ്ന്‍യുദ്ധം തീര്‍ക്കാന്‍ സമയമായി'-റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് ട്രംപ്

'യുക്രെയ്ന്‍യുദ്ധം തീര്‍ക്കാന്‍ സമയമായി'-റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് ട്രംപ്


വാഷിംഗ്ടണ്‍: യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി, റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച അറിയിച്ചു.

'ഇന്ന് നാം ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. ഇവ അതിവിശാലമായ ഉപരോധങ്ങളാണ്. വളരെ ശക്തമായവ,' ട്രംപ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞു.

'പുതിയ ഉപരോധങ്ങള്‍ റഷ്യയിലെ രണ്ട് പ്രധാന എണ്ണക്കമ്പനികളെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, ഇവ ദീര്‍ഘകാലം തുടരേണ്ടി വരില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. യുദ്ധം തീരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,' -ട്രംപ് കൂട്ടിച്ചേര്‍ത്തു.
മാസങ്ങളായുള്ള മുന്നറിയിപ്പുകളും കാത്തിരിപ്പുകളും കഴിഞ്ഞിട്ടും ഇപ്പോള്‍ മാത്രമാണല്ലോ നടപടി സ്വീകരിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി 'ഇനി സമയമായി എന്ന് എനിക്ക് തോന്നി. നാം ഏറെക്കാലമായി കാത്തിരിക്കുകയാണ്.' എന്ന് ട്രംപ് പറഞ്ഞു

റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റ് ഓയില്‍ കമ്പനി (Open Joint Stock Company Rosneft Oil Company), ലൂകോയില്‍ (Lukoil OAO) എന്നിവയ്‌ക്കെതിരെയും അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കെതിരെയും പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതായി അമേരിക്കന്‍ ട്രഷറി വകുപ്പ് അറിയിച്ചു.

റഷ്യയിലെ മൊത്തം എണ്ണ ഉത്പാദനത്തിന്റെ ഏകദേശം പകുതിയോളം ഈ രണ്ട് കമ്പനികളാണ് നിയന്ത്രിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

'ഇനി കൊലപാതകങ്ങള്‍ അവസാനിക്കേണ്ട സമയമാണ്. ഉടന്‍ വെടിനിര്‍ത്തല്‍ വേണം,' എന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

'വിനാശകരമായ ഈ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് പുട്ടിന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍, ക്രെംലിന്റെ യുദ്ധയന്ത്രത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന റഷ്യയിലെ രണ്ട് വലിയ എണ്ണക്കമ്പനികളെയാണ് ട്രഷറി വകുപ്പ് ഉപരോധിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ആവശ്യമായാല്‍ ട്രഷറി കൂടുതല്‍ നടപടികള്‍ക്കും തയ്യാറാണ്. ഈ ഉപരോധങ്ങളില്‍ ഞങ്ങളോടൊപ്പം ചേരാനും പാലിക്കാനും ഞങ്ങളുടെ സഖ്യരാഷ്ട്രങ്ങളെ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു,' എന്നും പ്രസ്താവനയില്‍ സ്‌കോട്ട് ബെസെന്റ്  കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍, റഷ്യയ്‌ക്കെതിരെ ഉപരോധങ്ങളില്‍ 'ഗണ്യമായ വര്‍ദ്ധനവ്' ഉണ്ടാകുമെന്ന് ബെസെന്റ് സൂചന നല്‍കിയിരുന്നു.